തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂരിൽ വീട് കയറി ആക്രമണത്തിൽ ദമ്പതികൾക്കും കുട്ടികൾക്കും പരിക്കേറ്റു. നഗരൂർ കരവാരം ശിവകാമിയിൽ വിജയൻ(41), ഭാര്യ ദീപ (36) ഇവരുടെ മക്കളായ വിമൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി നഗരൂർ പൊലീസ് പറയുന്നതിങ്ങനെ: നാലുമാസം മുമ്പ് ദീപയെപ്പറ്റി പ്രദേശവാസികളായ അഖിലും സുഹൃത്തുക്കളും അപഖ്യാതി പറഞ്ഞതായി ഇവർ വനിതാ കമ്മിഷനിലും പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസ് ഈ പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. ഫോൺവഴി ശബ്ദസന്ദേശങ്ങളായി പ്രചരിച്ച സംഭവത്തിൽ സൈബർ പൊലീസ് സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം ഓട്ടോയിൽ വിജയന്റെ വീടിന് മുന്നിലെത്തിയ സംഘം പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. വിജയനെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ച സംഘം വിജയനെ വീട്ടുമുറ്റത്ത് വലിച്ചിഴയ്ക്കുകയും ചെയ്തു. മാതാപിതാക്കളെ മർദ്ദിക്കുന്നത് കണ്ട് നിലവിളിച്ച കുട്ടികളെയും അക്രമിസംഘം കൈയേറ്റം ചെയ്തു. അയൽക്കാർ ഓടിക്കൂടിയപ്പോഴാണ് അക്രമി സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ വിജയനും ദീപയും കുട്ടികളും വലിയകുന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. വിജയന്റെ പരാതിയിൽ അക്രമി സംഘത്തിലുൾപ്പെട്ട അഖിലിനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്ര് രേഖപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |