SignIn
Kerala Kaumudi Online
Friday, 29 March 2024 11.03 AM IST

പോക്‌സോ ഒത്തുതീർപ്പും ഒതുക്കലും അനുവദിക്കരുത്

posco

ഇരകളെ വിവാഹം കഴിച്ച് പോക്‌സോ കേസുകളിൽ നിന്ന് (കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരായ നിയമം) രക്ഷപ്പെടാനുള്ള പ്രതികളുടെ തന്ത്രങ്ങൾ ആദ്യത്തേതല്ല. ഇരയെ വിവാഹം കഴിച്ചുവെന്ന കാരണത്താൽ കേസ് റദ്ദാക്കിയ ഹൈക്കോട‌തി നടപടി വിമർശിക്കപ്പെട്ടതോടെ നിമിഷങ്ങൾക്കകം ഉത്തരവ് പോലും പിൻവലിക്കുകയുണ്ടായി. തന്നെ പീഡിപ്പിച്ച മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാനായി അയാൾക്ക് ജാമ്യം അനുവദിക്കണമെന്ന ഇരയുടെ ഹർജി പരമോന്നത നീതിപീഠം തള്ളിയത് കഴിഞ്ഞ ദിവസമാണ്. പോക്‌സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടാനായി നിരവധി പഴുതുകളാണ് തുറന്നെടുക്കുന്നത്. അതിനെതിരെ നിയമപാലകരും ജ്യുഡിഷറിയും ജാഗ്രത പാലിക്കണം. രാജ്യത്ത് കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ തടയാനായി 2012 ൽ കൊണ്ടുവന്ന നിയമമാണ് പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്‌ട് ( പോക്‌സോ).

ഇരയെ വിവാഹം കഴിക്കാനായി ജാമ്യം തേടിയുള്ള കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിയുടെ ഹർജിയും റോബിന് ജാമ്യം നൽകണമെന്ന ഇരയുടെ ഹർജിയും സുപ്രീംകോടതി തള്ളിയത് ഗൗരവമായി കാണണം. നാല് വയസുള്ള മകന് നിയമപരമായ പിതൃത്വം ഉറപ്പാക്കാനാണ് വിവാഹമെന്നായിരുന്നു ഹർജി. ജാമ്യം ലഭിച്ചാൽ മാത്രമേ വിവാഹം നടക്കൂ എന്നും രണ്ടു മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. വിവാഹകാര്യത്തിൽ ഇടപെടാനും, ജാമ്യം നൽകാനുമാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ ഹൈക്കോടതി നടത്തിയ കടുത്ത പരാമർശങ്ങളിൽ സുപ്രീം കോടതി ഇടപെട്ടില്ല. വിവാഹ കാര്യത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ലൈംഗിക കുറ്റകൃത്യ കേസുകളിൽ ഒത്തുതീർപ്പോ, ദാക്ഷിണ്യം കാണിക്കുന്ന സമീപനമോ പാടില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇതേ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയത്. ഈ വിധി ഇപ്പോഴും പ്രസക്തമായി നിലനിൽക്കുമ്പോൾ എങ്ങനെയാണ് പ്രതികൾ രക്ഷപ്പെടുന്നതെന്ന് ആഴത്തിൽ പരിശോധിക്കണം.

പോക്‌സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. പൊലീസിന് ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുമ്പോഴാണ് സാധാരണയായി കേസുകൾ രജിസ്‌റ്റർ ചെയ്യുന്നത്. ഇതിനായി മെഡിക്കൽ പരിശോധനയും വിശദമായ മൊഴിയെടുപ്പും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടക്കും. സമയബന്ധിതമായി കുറ്റപത്രംസമർപ്പിച്ചാൽ പോക്‌സോ കേസുകളിലെ പ്രതികൾക്ക് സാധാരണ ജാമ്യം ലഭിക്കാറില്ല.

കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കാനാണ് പോക്‌സോ നിയമം തന്നെ നിലവിൽ വന്നത്. എന്നാൽ എന്തുകൊണ്ട് ശിക്ഷ ഉറപ്പാക്കാനും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാനും കഴിയാതെ വരുന്നു എന്നതിനെക്കുറിച്ച് ഒരു 'വിചാരണ' നടത്തേണ്ട സമയം അതിക്രമിച്ചു.

കേസുകളിൽ തെളിവുകളെ ആധാരമാക്കിയെ കോടതികൾക്ക് വിധി പറയാൻ കഴിയൂ. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന സൂചനകളാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. വാളയാർ പെൺകുട്ടികൾക്ക് ഏൽക്കേണ്ടിവന്ന ലൈംഗിക പീഡനവും മരണവും അതിലൊന്നു മാത്രമാണ്. പോക്‌സോ കേസുകളിലെ ഇര കുട്ടികളാണെന്ന തിരിച്ചറിവാണ് നിയമപാലകർക്ക് ആദ്യം ഉണ്ടാകേണ്ടത്. അന്വേഷണ സംഘങ്ങളും കോടതികളിൽ കേസ് വാദിക്കുന്ന പ്രൊസിക്യൂട്ടറും ഇരയോടൊപ്പം നിൽക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീതിയുടെ പക്ഷത്തെ മാനസികാവസ്ഥ അവരിൽ ഉണരണം. ഇത് പലപ്പോഴും ഉണ്ടാകാത്തതാണ് പാേക്‌സോ കേസുകളുടെ പരാജയം. വ്യക്തമായി പറഞ്ഞാൽ ഏകീകൃത സംവിധാനത്തിന്റെ അഭാവം. അതിനായുള്ള ചർച്ചകൾ സമൂഹത്തിൽ ഉയരാത്തത് സങ്കടകരമാണ്.

വിചാരണ ഘട്ടങ്ങളിൽ ഇരകളും സാക്ഷികളും കൂറുമാറുന്നതും പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നു. പോക്‌സോ കേസുകളിൽ 90 ശതമാനം പ്രതികളും സമീപവാസികളോ ബന്ധുക്കളോ ആയിരിക്കും. പല തലങ്ങളിലുള്ള ഒത്തുതീർപ്പുകൾ വിജയിക്കുമ്പോൾ ഇരയും സാക്ഷികളും കൂറുമാറുന്നു. തെളിവുകളുടെ അഭാവത്തിൽ പല പ്രതികളും രക്ഷപ്പെടുന്നു. പോക്‌സോ കേസുകളിൽ പരിചയമില്ലാത്ത അഭിഭാഷകർ വാദിക്കുന്നതും കേസുകളുടെ പരാജയത്തിന് ഇടയാക്കുന്നു.

പ്രത്യേക അന്വേഷണ -

പ്രൊസിക്യൂഷൻ സംവിധാനം

പോക്‌സോ കേസുകളിൽ തുടക്കം മുതലുള്ള അന്വേഷണം ജാഗ്രതയോടെയായിരിക്കണം. നിയമത്തിൽ വൈദഗ്ദ്ധ്യവും നിയമത്തിന്റെ പ്രത്യേകത അറിയുന്നതുമായ സംഘമായിരിക്കണം അന്വേഷണം നടത്തേണ്ടത്.

ചില കേസുകളിൽ കുട്ടിയുടെ സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധമെന്ന വാദവുമായി പൊലീസുകാർ തന്നെ രംഗത്തെത്താറുണ്ട് ! ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾ ഇരയാകുമ്പോഴായിരിക്കും സമൂഹത്തിലെ ഉന്നതർക്കായി പൊലീസിന്റെ ഈ ഇടപെടൽ. നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അപകടകരമായ ഈ പ്രവണത ഒരിക്കലും അംഗീകരിച്ചു കൂടാ. അതിനാൽ മികച്ച അന്വേഷണ ട്രാക്ക് റെക്കാഡുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പോക്‌സോ കേസുകൾ മാത്രം അന്വേഷിക്കാൻ നിയോഗിക്കപ്പെടണം. ഒരു ജില്ലയിൽ രണ്ട് സംഘങ്ങളുണ്ടെങ്കിൽ അന്വേഷണം സുഗമമായും വേഗത്തിലും മുന്നോട്ടു കൊണ്ടു പോകാനാകും. മേൽനോട്ടം വഹിക്കാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥയെ നിയമിക്കുന്നത് ഉചിതമാണ്. ഇത് കേസ് വിലയിരുത്താനും അന്വേഷണം ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകണമെന്നുമുള്ള മാർഗനിർദ്ദേശങ്ങൾ സംഘങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കും.

അന്വേഷണ ഘട്ടങ്ങളിൽ ഇരകൾക്ക് മാനസികധൈര്യം നൽകാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാകണം. നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ബാഹ്യഇടപെടലുകളില്ലാതെ പറയാൻ കുട്ടിക്ക് കഴിയണം. അതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായം ഉറപ്പുവരുത്തുക. കോടതിയിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതു പോലെ പോക്‌സോയിൽ വാദിച്ചാൽ ഗുണകരമാകില്ല. കുട്ടിക്ക് മികച്ച പരിഗണന നൽകി ഇടപെടാൻ കഴിയുന്നയാളായിരിക്കണം പ്രൊസിക്യൂട്ടറായി വരേണ്ടത്. അതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നതിനൊപ്പം ജുഡിഷ്യൽ അക്കാഡമിയിൽ പരിശീലനവും നൽകണം. രാഷ്‌ട്രീയ ബന്ധമുള്ള കേസുകളിൽ സർക്കാർ അഭിഭാഷകർ ഉണ്ടാകില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതികളെ വിട്ടയയ്‌ക്കുന്ന കേസുകൾ വിലയിരുത്താൻ ജ്യുഡിഷറിയിൽ ഒരു സംവിധാനവും ഉയർന്നു വരണം. വിചാരണ നീണ്ടു പാേകാതെ കേസുകൾ തീർപ്പാക്കാനുള്ള നടപടികളും ജ്യുഡിഷറിയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. കെട്ടിക്കിടക്കുന്ന കേസുകൾ ആയിരക്കണക്കിനുണ്ട്. ഈ രീതിക്കും മാറ്റം വന്നേ മതിയാകൂ.

കണക്കുകൾ ഞെട്ടിക്കും

കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളിൽ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ദേശീയതലത്തിൽ 11.87 ശതമാനം ശിക്ഷിക്കപ്പെടുന്നുണ്ട്. 2015 നും 2019 നും ഇടയ്ക്കുള്ള ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. 2018 ൽ കേരളത്തിൽ 1153 കേസുകൾ രജിസ്റ്റർ ചെയ്തു. 1386 പേർ അറസ്റ്റിലായി. ഇതിൽ 964 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 77 കേസുകളിൽ 84 പേർക്കാണ് ശിക്ഷ ലഭിച്ചത്. 2019 ൽ 1283 കേസുകളിൽ 1009 പേർക്ക് കുറ്റപത്രം നൽകി. 40 കേസുകളിൽ 42 പേർ ശിക്ഷിക്കപ്പെട്ടു. പോക്‌സോ കേസുകളിൽ കേരളത്തിൽ 1443 പേരാണ് 2019 ൽ അറസ്റ്റിലായത്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POSCO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.