SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.35 PM IST

മാതൃകാസ്ഥാനമാകാൻ അവർണർ എത്രനാൾ കാത്തിരിക്കണം ?

sabarimala-

​​​​നവോത്ഥാന മൂല്യങ്ങൾ കൊട്ടിഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശനം കിട്ടാൻ സമരം ചെയ്യേണ്ട ദുരവസ്ഥയിലാണ് കേരളത്തിലെ അവർണ ശാന്തിമാർ. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി താന്ത്രികവിദ്യയുടെയും പ്രതിഷ്ഠാദികർമ്മങ്ങളുടെയും അധികാരം ബ്രാഹ്മണരിൽ മാത്രം നിക്ഷിപ്തമായ ഒന്നല്ലെന്ന് ശ്രീനാരായണഗുരു വിളംബരം ചെയ്തിട്ട് ഒന്നരനൂറ്റാണ്ടോടടുത്തിട്ടും അത് ഉൾക്കൊള്ളാൻ കഴിയാത്ത വ്യവസ്ഥാപിത സ്ഥാപനങ്ങൾ ഇന്നുമുണ്ടെന്ന യാഥാർത്ഥ്യം ഞെട്ടലുണ്ടാക്കുന്നു. ശബരിമല മേൽശാന്തിയാകാൻ മലയാള ബ്രാഹ്മണർക്ക് മാത്രമാണ് അധികാരമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിക്കുമ്പോൾ സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകന്മാരും അത് നിശബ്ദമായി നോക്കി നിൽക്കുന്നത് അങ്ങേയറ്റം അപമാനകരമാണ്.

1888 ലാണ് ഗുരുദേവൻ ബ്രാഹ്മണ്യത്തിനെതിരെ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി ജനസമൂഹത്തെ വിഭാവനം ചെയ്‌തത്. അസമത്വത്തിന്റെയും അനാചാരത്തിന്റെയും ചെളിക്കുണ്ടിൽ കിടന്ന ജനവിഭാഗങ്ങൾക്ക് മൃതസഞ്ജീവനിയായി അരുവിപ്പുറത്ത് അദ്ദേഹം കുറിച്ച ഈ ദർശനം. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി വിപുലമായി ആഘോഷിച്ചത്. ശതാബ്ദി കഴിഞ്ഞ് നാലുവർഷം പിന്നിട്ടപ്പോൾ ശിവക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവർണന് അധികാരമില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ കേസുണ്ടായത് തന്നെ നവോത്ഥാന, സാംസ്‌കാരിക മൂല്യങ്ങൾക്കുണ്ടായ വലിയ അപചയം തെളിയിക്കുന്നതാണ്. ഈഴവ സമുദായത്തിൽപ്പെട്ട ശാന്തിക്കാരന് ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ പൂജ നടത്താൻ അവകാശമില്ലെന്ന് കാണിച്ച് എൻ. ആദിത്യൻ നൽകിയ ഈ കേസ് കേരളത്തെ നൂറ്റാണ്ടുകൾ പിന്നോട്ടടിച്ചു. എന്നാൽ ഈ കേസിൽ ഹൈക്കോടതിയും സുപ്രീംകോടതിയും നൽകിയ വിധി വളരെ ശക്തവും വ്യക്തവുമായിരുന്നു.

മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ ഒരു മതാവകാശവും ആർക്കും അവകാശപ്പെടാൻ കഴിയില്ലെന്നും മലയാള ബ്രാഹ്മണർക്ക് പ്രത്യേക സംവരണമൊന്നുമില്ലെന്നും പരമോന്നത കോടതി എടുത്തു പറഞ്ഞു.
കോടതി വിധിയെ ദേശീയ മാദ്ധ്യമങ്ങളും സാമൂഹ്യശാസ്ത്രജ്ഞരും വളരെ പ്രാധാന്യത്തോടെയാണ് വിലയിരുത്തിയത്. പഴയ ആചാരങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് അവർ പുകഴ്ത്തി. എന്നാൽ എസ്.എൻ.ഡി.പി യോഗവും മറ്റും ശക്തമായി സമ്മർദ്ദം ചെലുത്തിയിട്ടും 2002 ൽ ഉണ്ടായ ഈ സുപ്രീംകോടതി വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്ന സർക്കാർ വിജ്ഞാപനം പുറത്തുവരാൻ ഒരു പതിറ്റാണ്ടിലേറെക്കാലം കാത്തുനിൽക്കേണ്ടി വന്നു. 2014ൽ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് സർക്കാർ സർക്കുലർ ഇറക്കിയെങ്കിലും എന്ത് ഫലമാണുണ്ടായത്?.

ക്ഷേത്രങ്ങളിൽ അവർണരോടുള്ള അയിത്തം ഇന്നും മാറിയില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. ശ്രീനാരായണഗുരുവിന്റെ കാലത്ത് തന്നെ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് എൺപതിലധികം ക്ഷേത്രങ്ങളുണ്ടായിരുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം അവർണശാന്തിമാരാണ് പൂജ ചെയ്തിരുന്നത്. അതായത് ഒന്നര നൂറ്റാണ്ടിന്റെയടുത്ത് പാരമ്പര്യം അവർണശാന്തിമാർക്കുണ്ട്. ഐക്യകേരളം രൂപപ്പെട്ടപ്പോൾ തന്നെ ദേവസ്വം ബോർഡ് ജാതിഭേദമില്ലാതെ തന്ത്രവിദ്യ പഠിപ്പിച്ചിരുന്നു. ജാതിഭേദമില്ലാതെ എല്ലാവരെയും തന്ത്രവിദ്യ അഭ്യസിപ്പിക്കാൻ 1969ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവല്ല രാമകൃഷ്ണ മഠത്തിന്റെ കീഴിൽ തന്ത്രവിദ്യാപാഠശാല ആരംഭിച്ചിരുന്നു. ഇക്കാര്യം ആദിത്യൻ കേസിൽ കോടതി ചൂണ്ടിക്കാട്ടി. ആര് കേൾക്കാൻ?. ഇതൊന്നും അറിയാതെയാണോ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിൽ നൂറ് ശതമാനം ബ്രാഹ്മണ സംവരണം നടപ്പാക്കിയത്. യുക്തിക്ക് നിരക്കാത്ത കാരണങ്ങളാണ് ഈ നടപടിയെ ന്യായീകരിക്കാൻ ദേവസ്വംബോർഡ് നിരത്തുന്നത്. മേൽശാന്തി നിമയനത്തിനായി ഇത്തവണ അപേക്ഷ നൽകി നിരസിക്കപ്പെട്ട ഏഴ് അവർണ ശാന്തിമാർക്ക് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്.


ശബരിമലയിലെത്തുന്ന ഭൂരിപക്ഷം ഭക്തരും പിന്നാക്കക്കാരാണ്. ഭക്തരെ അവഗണിക്കുന്ന നിയമങ്ങൾ അയ്യപ്പൻ പൊറുക്കില്ല. സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവരും രാഷ്ട്രീയനേതൃത്വങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന മൗനം സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പൂജാവിധി പഠിച്ച എല്ലാ അബ്രാഹ്മണർക്കും ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അവസരം നൽകുന്ന ശ്രീകോവിൽ പ്രവേശന വിളംബരം കാലത്തിന്റെ ആവശ്യമാണ്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന തുല്യതയുടെയും പ്രാതിനിധ്യത്തിന്റെയും പരസ്യമായ ലംഘനം കൈയും കെട്ടി നോക്കി നിൽക്കാനാവില്ല.

( തുഷാർ വെള്ളാപ്പള്ളി,​ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്,​ ലേഖകൻ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP, BDJS, TEMPLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.