ചീനി കം, പാ, ഇംഗ്ളീഷ് വിംഗ്ളീഷ്, ഷമിതാഭ്, കി ആൻഡ് കാ, പാഡ്മാൻ, മിഷൻ മംഗൾ എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ ആർ. ബാൽക്കിയുടെ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലെത്തുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലറിൽ ദുൽഖറിനൊപ്പം സണ്ണി ഡിയോളും പൂജാഭട്ടും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നുണ്ട്.
ഏറെക്കാലം ബോളിവുഡിൽ 'ആംഗ്രി യംഗ്മാൻ" ആയി തിളങ്ങിനിന്ന സണ്ണി ഡിയോൾ ഒരിടവേളയ്ക്കുശേഷമാണ് കാമറയ്ക്ക് മുന്നിലെത്തുന്നത്.
ബേതാബ് എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലൂടെ 1983-ൽ ആണ്സണ്ണി ഡിയോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2016-ൽ തന്റെ സൂപ്പർഹിറ്റുകളിലൊന്നായ ഗായലിന് രണ്ടാം ഭാഗമൊരുക്കി സംവിധായകക്കുപ്പായമണിഞ്ഞെങ്കിലും ചിത്രം മാറി. 2018-ൽ പ്രീതി സിന്റയോടൊപ്പം ബാലാജി സൂപ്പർ ഹിറ്റ് എന്ന ചിത്രത്തിലാണ് സണ്ണി ഡിയോൾ ഒടുവിലഭിനയിച്ചത്.
2019-ൽ മൂത്ത മകൻ കരൺ ഡിയോളിനെ നായകനാക്കി സണ്ണി സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പൽ പൽ ദിൽ കേ പാസ് എന്ന ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തു.
തന്റെ പിതാവും പ്രശസ്ത സംവിധായകനുമായ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്ന ചിത്രത്തിലൂടെ 1989ൽ ആണ് പൂജാഭട്ട് ബോളിവുഡിൽ അരങ്ങേറിയത്. 2019-ൽ കാബറേറ്റ് എന്ന ചിത്രം നിർമ്മിച്ചു. സൂപ്പർഹിറ്റായ മഹേഷ് ഭട്ട് ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമായ സഡക്ക് 2-ൽ ആണ് ഒടുവിലഭിനയിച്ചത്. കഴിഞ്ഞ വർഷമാണ് ചിത്രം റിലീസായത്.
ആമസോൺ പ്രൈമിലെ ദ ഫാമിലി മാൻ, സോണി ലൈവിലെ സ്കാം 1992 എന്നീ വെബ് സീരീസുകളിലൂടെയും ഒട്ടേറെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെയും പ്രശസ്തയായ ശ്രേയ ധന്വന്തരിയാണ് ആർ. ബാൽക്കിയുടെ ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. ഇപ്പോൾ ഹൈദരാബാദിൽ ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലഭിനയിച്ച് വരികയാണ് ദുൽഖർ. ഈ ചിത്രം പൂർത്തിയാക്കിയശേഷം ഈ മാസം ഒടുവിൽ ദുൽഖർ മുംബയിൽ ബോളിവുഡ് ചിത്രത്തിൽ ജോയിൻ ചെയ്യും. കാർവാ, ദ സോയാ ഫാക്ടർ എന്നിവയാണ് ദുൽഖർ ഇതിന് മുമ്പ് അഭിനയിച്ച ഹിന്ദി ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |