SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.55 PM IST

ദേശാഭിമാനം വിളഞ്ഞ മാന്തോപ്പ് മൈതാനി, വിജ്ഞാനദായിനി

smrithi-mandapam
കാഞ്ഞങ്ങാട്ടെ സ്വാതന്ത്ര്യ സ്മൃതിമണ്ഡപം

കാഞ്ഞങ്ങാട്: വടക്കേ മലബാറിൽ ദേശീയപ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രങ്ങളായിരുന്നു മാന്തോപ്പ് മൈതാനിയും അജാനൂരിലെ വിജ്ഞാനദായിനി ദേശീയ വിദ്യാലയവും. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസനയത്തിന് ബദലായാണ് വെള്ളിക്കോത്ത് ദേശീയ വിദ്യാഭ്യാസ നയം വ്യക്തമാക്കുന്ന വിദ്യാലയം വിദ്വാൻ പി. കേളു നായർ സ്ഥാപിച്ചത്. മലയാളത്തിന് പുറമെ സംസ്‌കൃതവും ഇംഗ്ലീഷും കന്നടയും ഇവിടെ പാഠ്യമാദ്ധ്യമമായി ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു.

വിദ്വാൻ പി. കേളുനായരും എ.സി. കണ്ണൻ നായരും കെ. മാധവനുമൊക്കെ മലബാറിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ മുന്നണിയിലായിരുന്നു. പഴയ ഹൊസ്ദുർഗ് പട്ടണമാണ് മാന്തോപ്പ് മൈതാനമായി മാറിയത്. ഈ മാന്തോപ്പ് മൈതാനത്താണ് മേഖലയിലെ ദേശീയപ്രസ്ഥാനത്തിലെ നിർണ്ണായകമായ പല തീരുമാനങ്ങളും പ്രവർത്തനങ്ങളും അരങ്ങേറിയിരുന്നതെന്ന് എ.സി. കണ്ണൻനായരുടെ ഡയറികുറിപ്പുകളിലും കെ. മാധവന്റെ ആത്മകഥയിലും പറയുന്നു. 1928 ലെ സൈമൺ കമ്മിഷനെതിരായിട്ടുള്ള പ്രക്ഷോഭം മാന്തോപ്പ് മൈതാനിയിൽ സത്യാഗ്രഹമായി മാറുകയായിരുന്നു. എ.സി. കണ്ണൻ നായരെകൂടാതെ പി. കൃഷ്ണപിള്ളയും മാന്തോപ്പ് മൈതാനിയിലെ പ്രക്ഷോഭങ്ങളിൽ ഭാഗഭാക്കായിരുന്നു. കെ. മാധവൻ ഗാന്ധിജിയുടെ ഛായാപടമേന്തി ആനപ്പുറത്ത് കയറിയതും സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവ വികാസമാണ്. കെ മാധവൻ സ്വാതന്ത്ര്യ സമരത്തിലേക്ക് ചുവടുവച്ചത് ഈ സംഭവത്തോടെയാണ്.

എൽ.വി. ടെമ്പിൾ പരിസരത്തു നിന്നുമാണ് ഗാന്ധിജിയുടെ ഛായാപടമേന്തി പ്രകടനം ആരംഭിച്ചത്. മാന്തോപ്പ് മൈതാനത്താണ് സമാപിച്ചത്. എ.സി. കണ്ണൻനായരുടെ ഏച്ചിക്കാനത്തെ പത്തായപ്പുര ദേശീയ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട മറ്റൊരു കേന്ദ്രമാണ്. കൃഷ്ണപിള്ളയ്ക്ക് പുറമെ എ.കെ.ജിയും ഇ.എം.എസ്സും കേരളീയനും കെ. കേളപ്പനുമൊക്കെ ഒട്ടേറെ തവണ ഈ പത്തായപ്പുരയിൽ എത്തി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1929 ഒക്ടോബർ 2 ന് ഗാന്ധിജിയുടെ ഷഷ്ഠിപൂർത്തിയുമായി ബന്ധപ്പെട്ടായിരുന്നു കെ. മാധവൻ പങ്കെടുത്ത ആദ്യ ഘോഷയാത്ര. പയ്യന്നൂർ ഉളിയത്തുകടവിൽ കുറുക്കിയ ഉപ്പ് മാന്തോപ്പ് മൈതാനിയിൽ ലേലം ചെയ്ത് വിൽക്കുകയായിരുന്നു. എ.സി. കണ്ണൻ നായരും പി .കൃഷ്ണപിള്ളയുമാണ് അന്ന് ആ പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്തത്.

വിജ്ഞാനദായിനിയിൽ മഹാകവി പി. ഉൾപ്പെടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു. പി. കൃഷ്ണപിള്ളയും കെ. മാധവനുമൊക്കെ വിജ്ഞാനദായിനിയിലെ പ്രധാന സന്ദർശകരായിരുന്നു. നാടകമായിരുന്നു വിദ്വാൻ പി. കേളുനായരുടെ സമരായുധം. 27ാമത്തെ വയസ്സിൽ സ്വജീവിതം അവസാനിപ്പിക്കുന്നതിനും മുമ്പെ വിദ്വാൻ പി. ദേശീയ സ്വാതന്ത്ര്യ സമരത്തിനെ വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമാക്കുകയായിരുന്നു.

തയ്യാറാക്കിയത് : എൻ.ഗംഗാധരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, INDIAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.