SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.08 AM IST

വന്നു കീഴടങ്ങട്ടെ എന്ന സമീപനം

photo

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ രണ്ട് പ്രതികൾ കൂടി ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്രെ. തുടർന്ന് ഇവരുടെ അറസ്റ്റും കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി അന്വേഷണസംഘം കൃതാർത്ഥരുമായി. നൂറിലധികം കോടി രൂപയുടെ വെട്ടിപ്പു നടന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഖ്യ ഇരുന്നൂറോ മുന്നൂറോ കോടിയിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും പറയുന്നുണ്ട്. എന്തായാലും സംസ്ഥാനത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ സഹകരണബാങ്ക് തട്ടിപ്പ് വെളിച്ചത്തായി മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതികളിൽ ഒരാളെപ്പോലും നേരിട്ടു പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നത് വലിയ വിസ്മയമായി അവശേഷിക്കുന്നു. പ്രതികളായി പൊലീസ് കണ്ടെത്തിയ ആറുപേരിൽ മൂന്നുപേരാണ് ഇനിയും പിടിയിലാകാനുള്ളത്. സമയവും കാലവും നോക്കി അവരും താമസിയാതെ സ്വമേധയാ വന്ന് പൊലീസിന്റെ ജോലിഭാരം കുറയ്ക്കുമെന്നു പ്രതീക്ഷിക്കാം.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പാടവത്തിലോ സാമർത്ഥ്യത്തിലോ സംശയം തോന്നേണ്ട കാര്യമേയില്ല. സങ്കീർണങ്ങളായ എത്രയോ കേസുകളിൽ ദിവസങ്ങൾക്കകം തുമ്പ് കണ്ടെത്തുകയും പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കുകയും ചെയ്ത അഭിമാനകരമായ ചരിത്രത്തിന് ഉടമകൾ തന്നെയാണവർ. കരുവന്നൂർ ബാങ്കിൽ നിന്ന് കോടാനുകോടികൾ തട്ടിയെടുത്ത വിരുതന്മാർ കേസന്വേഷണം പൊലീസ് ഏറ്റെടുത്ത നാളിലും അവിടെത്തന്നെ ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ പോലും നിരപരാധികളെ മോഷ്ടാവെന്നു മുദ്ര‌കുത്തി പിടിച്ചുകൊണ്ടുപോയി കൊടിയ പീഡനങ്ങൾക്കിരയാക്കാനും കള്ളക്കേസെടുക്കാനും മടികാട്ടാത്ത നിയമപാലകരുള്ള നാടാണിത്. കരുവന്നൂർ ബാങ്കിൽ നടന്നത് സമാനതകളില്ലാത്ത തട്ടിപ്പുകളായിരുന്നുവെന്ന് പൂർണ ബോദ്ധ്യമുണ്ടായിട്ടും പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ ഇത്ര കാലതാമസം എന്തിനെന്ന ചോദ്യം എങ്ങനെ അവഗണിക്കാനാകും? അന്വേഷണത്തിന് നിയോഗിച്ച സംഘത്തിൽപ്പെട്ടവർ കഴിവില്ലാത്തവരാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന അദൃശ്യ കരങ്ങൾ അവർക്കു ചുറ്റും നീണ്ടുചെന്നിട്ടുണ്ടാകണം. ഇപ്പോൾ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്ന ആറുപേരിൽ ഒതുങ്ങുന്നതല്ല കേസെന്ന ആക്ഷേപവും ശക്തമാണ്. രണ്ടു പതിറ്റാണ്ടോളമായി തട്ടിപ്പുകൾ നിർബാധം നടക്കുകയായിരുന്നെന്നും സൂചനകളുണ്ട്. ആ നിലയ്ക്ക് അതതു കാലത്തെ ഭരണസമിതിക്കാരിൽ പലർക്കും നേരിട്ടോ അല്ലാതെയോ ഉള്ള പങ്കും അന്വേഷണ പരിധിയിൽ വരേണ്ടതു തന്നെയാണ്.

മൂവാറ്റുപുഴയിൽ ബി.ഡി.എസ് വിദ്യാർത്ഥിനിയെ ഭഗ്ന കാമുകൻ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ സംഭവം മറക്കാറായിട്ടില്ല. ഇതിനുപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താൻ നമ്മുടെ സമർത്ഥരായ പൊലീസ് സംഘത്തിന് ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. തോക്ക് വിറ്റ യുവാക്കളെ ബീഹാറിലെ കുഗ്രാമത്തിൽ ചെന്ന് പിടികൂടി കൊച്ചിയിലെത്തിക്കാൻ നിഷ്‌പ്രയാസം അവർക്കു സാധിച്ചു. സങ്കീർണമായ ഏതു കേസിനും തുമ്പുണ്ടാക്കാൻ സമർത്ഥരായ നമ്മുടെ പൊലീസിനു കഴിയുമെന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണിത്. പിന്നെ എന്തുകൊണ്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളെ വലയിലാക്കാൻ സാധിക്കാത്തത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതികളിൽ നാലുപേരെ ഒളിത്താവളത്തിൽ നിന്നു കസ്റ്റഡിയിലെടുത്തതായി വാർത്ത വന്നതാണ്. പിന്നീടവർ ചാടിപ്പോയതോ നിരുപാധികം വിട്ടയച്ചതോ എന്നറിയാൻ കഴിഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷകൾ കോടതി നിരസിക്കുന്നതിനു പിന്നാലെ ഓരോരുത്തരായി കീഴടങ്ങുകയാണിപ്പോൾ. ഇതിനർത്ഥം ചുറ്റുവട്ടങ്ങളിൽത്തന്നെ പ്രതികൾ ഉണ്ടെന്നല്ലേ?

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് വിജിലൻസ് അന്വേഷിക്കുമെന്നാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോടാനുകോടികളുടെ അപഹരണം ഉൾപ്പെട്ട കേസ് ക്രൈംബ്രാഞ്ചോ അതിനു മുകളിലുള്ള അന്വേഷണ ഏജൻസിയോ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടിയാണ് അടിയന്തരമായി വേണ്ടത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് സ്വാഭാവികമായും ജനമനസുകളിൽ സംശയം വളരാനേ ഇടയാക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.