SignIn
Kerala Kaumudi Online
Thursday, 25 April 2024 2.10 PM IST

വേണം നമുക്കൊരു മഴ ചലഞ്ച്

mazha

വർഷമേഘങ്ങളുടെ ഉടലുടഞ്ഞ് ഭൂമിയുടെ ദാഹമകറ്റാൻ പുണ്യമായെത്തിയിരുന്ന മഴയെവിടെ പോയി?കാലാവസ്ഥാ മാറ്റം മഴയുടെ വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതൽ ഓഗസ്‌റ്റ് 10 വരെ ലഭിക്കേണ്ട കാലവർഷത്തിൽ 26 ശതമാനം കുറവാണുണ്ടായത്. വയനാട്, പാലക്കാട് ജില്ലകളിൽ 40 ശതമാനം വരെ കുറവാണ്. പതിവിനു വിപരീതമായി മെയ് മാസത്തിൽ നൂറ് ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. എന്നാലും കാലവർഷം ശക്തമാകുമെന്നു തന്നെയാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

മൺസൂണിന്റെ കവാടവും മഴയുടെ നാടുമായ കേരളത്തിൽ മഴയിൽ വലിയ ഏറ്റകുറച്ചിലുകളാണ് ഒരു ദശകമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൂവായിരം മുതൽ അയ്യായിരം മില്ലിമീറ്റർ വരെ വാർഷികമഴയുള്ള സംസ്ഥാനത്ത് ദേശീയ ശരാശരിയേക്കാൾ രണ്ടരയിരട്ടി മഴയാണ് എത്തിയിരുന്നത്.

2016ൽ അതിനു മുൻപുള്ള 142 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ വരൾച്ച നാം അനുഭവിച്ചു. വാർഷിക മഴയുടെ എഴുപതു ശതമാനവും ലഭിക്കുന്നത് ജൂൺ മുതൽ സെപ്തംബർ വരെയാണ്. ഇനി കുറയുന്ന മഴ വരും മാസങ്ങളിൽ ഒന്നിച്ചു ലഭിച്ചാൽ മഴ ദുരിതങ്ങൾ തന്നെയാവും ഫലം.

ആയിരം ചതുരശ്രയടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് മൂന്ന് മുതൽ അഞ്ചുലക്ഷം ലിറ്റർ വരെ മഴ വീഴുന്നുണ്ട്. ഒരു ഹെക്ടറിൽ ഒരു കോടി ഇരുപതു ലക്ഷം ലിറ്റർ മഴ പെയ്യുന്നു. ഒരു ഹെക്ടർ വനം 32,000 ഘനകിലോമീറ്ററും പത്തുസെന്റ് വയൽ 1,6,0000 ലിറ്ററും മഴയെ ഉൾക്കൊള്ളും. പെയ്‌ത്ത് മഴയുടെ നല്ലൊരു ശതമാനവും ഉപരിതല നീരൊഴുക്കായി കടലിലേക്ക് പോവുന്ന ഭൂശാസ്ത്രഘടകങ്ങളാണ് നമുക്കുള്ളത്. ഭൂമിയുടെ ചരിവ്, മണ്ണിന്റെ ഘടന, ഭൂഗർഭ സവിശേഷതകൾ, ചലനാത്മകമായ ഭൂവിനിയോഗം, മറ്റ് പ്രകൃതി ഘടകങ്ങൾ, നിർമ്മാണ രീതികൾ എന്നിവ കാരണം സ്വാഭാവിക ജലസംരക്ഷണത്തിൽ വലിയ കുറവാണുള്ളത്. മഴക്കാലം മഴവെള്ളസംഭരണത്തിന്റെ കൂടി സമയമാണ്. പെയ്‌തൊഴിയുന്ന ഓരോ തുള്ളിയും നമ്മുടെ നാടിന്റെയും നാട്ടാരുടെയും ദാഹനീരാണ്. മഴക്കൊയ്‌ത്തിലൂടെ, ജലത്തെ
പരമാവധി ഭൂമിയിൽ താഴ്ത്തി മാത്രമെ മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിക്കാനാവൂ. വീഴുന്നിടത്ത് താഴട്ടെ മഴ എന്നതാണ് ജലസംഭരണത്തിലെ അടിസ്ഥാനതത്വം.

മഴ ചലഞ്ച്

മൊബൈൽ ചാർജ് തീർന്നാൽ നാം വീണ്ടും ചാർജ്ജ് ചെയ്യും. അതുപോലെ മഴവെള്ളമുപയോഗിച്ച് കിണറുകൾ റീചാർജ്ജ് ചെയ്യാവുന്നതാണ്.
സംസ്ഥാനത്ത് എൺപതു ലക്ഷത്തിലധികം തുറന്ന കിണറുകളും ഒരു കോടിയിൽപ്പരം കെട്ടിടങ്ങളുമുണ്ട്. പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളത്തെ പി.വി.സി. പൈപ്പ്, ഫിൽറ്റർ യൂണിറ്റ് എന്നിവയിലൂടെ കടത്തിവിട്ട് കിണർനിറ നടത്താം. ചിരട്ടക്കരി, മണൽ, മെറ്റൽ തുടങ്ങിയവ ഫിൽറ്റർ യൂണിറ്റിൽ ഇടാവുന്നതാണ്. ചെലവ് കുറഞ്ഞ മാർഗമാണിത്. പറമ്പുകളിൽ ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും നിരനിരയായി ഇടവിട്ട് മഴനീർ കുഴികൾ എടുത്തിടുന്നത് നല്ലരീതിയാണ്. ഒരു സമയം ആയിരം ലിറ്റർ വരെ മഴവെള്ളം സംഭരിക്കാനും മണ്ണിന്റെ ജലാംശം കൂട്ടാനും ഇതിലൂടെ കഴിയും. മൂന്നു ദിവസത്തിനപ്പുറം വെള്ളം കെട്ടിനിൽക്കാത്ത നീർവാർച്ചയുള്ള ചരിവു കുറഞ്ഞ എല്ലായിടങ്ങളും മഴക്കുഴിക്ക് അനുയോജ്യമാണ്. പറമ്പുകളും പുരയിടങ്ങളും മഴക്കുഴിക്ക് അനുയോജ്യമാണോ എന്നറിയാൻ ആദ്യം ഒരു കുഴിയെടുത്ത് മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് ഉറപ്പാക്കുക.

തീരപ്രദേശവും മലനാടും ഒഴിവാക്കാം. മുറ്റങ്ങളിൽ ഒരു വശത്തായി ചെറിയ കുഴിയെടുത്ത് ഗ്രിൽ അറകളുടെ സഹായത്താൽ മണ്ണിലേക്ക് പുരപ്പുറങ്ങളിലെ മഴവെള്ളം കടത്തിവിടാവുന്നതാണ്. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവ ഒഴിവാക്കാനും ഭൂഗർഭജലശേഷി വർദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. മുറ്റങ്ങൾ സിമന്റിടുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ ഇന്റർലോക്ക് ചെയ്യാം.

ഫെറോസിമന്റ് സാങ്കേതികവിദ്യയിൽ ചെലവുകുറഞ്ഞ മഴടാങ്കുകൾ നിർമ്മിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. ഭൂമിക്കടിയിലും മുകളിലുമൊക്കയായി ഇത്തരം ടാങ്കുകൾ നിർമ്മിച്ചുവരുന്നു. കാർഷെഡ്, പൂന്തോട്ടം, മുറികളുടെ ഉൾവശം എന്നിവിടങ്ങളിൽ, ഭൂമിക്കടിയിലായി മഴടാങ്കുകൾ കേരളത്തിൽ നിരവധിയിടങ്ങളിൽ ചെയ്തിട്ടുണ്ട്. രാമച്ചം പോലുള്ള ചെടികൾ വച്ചുപിടിപ്പിക്കുന്നത് മികച്ച മണ്ണ്, ജല ജൈവസംരക്ഷണരീതിയാണ് .

ചെമ്പരത്തി, സുബാബുൾ, ശീമക്കൊന്ന മറ്റ് വേലിച്ചെടികൾ എന്നിവ വ്യാപകമായി വച്ചുപിടിപ്പിക്കണം. മണ്ണാണ് ഏറ്റവും വലിയ മഴവെള്ളസംഭരണി. കോടിക്കണക്കിന് ലിറ്റർ മഴവെള്ളമാണ് മണ്ണിൽ കരുതാൻ കഴിയുന്നത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ മൺകയ്യാലകൾ, കല്ലുകയ്യാലകൾ, ട്രഞ്ചുകൾ, തിരണകൾ, ചെറിയ കുളങ്ങൾ, തടയണകൾ, മരത്തൈനടീൽ തുടങ്ങിയവ ചെയ്യേണ്ട കാലം കൂടിയാണിത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ വേണം നമുക്കൊരു മഴ ചലഞ്ച്.

( ലേഖകൻ ജലപരിസ്ഥിതി ശാസ്ത്രജ്ഞനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN CHALLENGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.