SignIn
Kerala Kaumudi Online
Friday, 29 March 2024 5.08 PM IST

കത്തുന്നു, ഡോളർ...!

dolar

സംസ്ഥാന സർക്കാരിനെ പിടിച്ചുലച്ച്, ഡോളർ കടത്ത് കേസ് വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര ഏജൻസികൾ. കേസിലെ പ്രതിയായ സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന മൊഴിയുണ്ടെന്ന പരാമർശമാണ് കേസിനെ ചൂടുപിടിപ്പിച്ചത്. നിയമസഭാ കവാടത്തിൽ ഇന്നലെ സമാന്തരസഭ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കും വരെ എത്തിനിൽക്കുകയാണ് പ്രതിപക്ഷ പ്രതിഷേധം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതും പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കാതിരുന്നതുമാണ് സമാന്തര നിയമസഭയെന്ന പ്രതിഷേധത്തിലേക്ക് പ്രതിപക്ഷത്തെ എത്തിച്ചത്.

മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വിഷയത്തിൽ തന്ത്രപരമായ നിലപാടാണ് സഭയിൽ സർക്കാർ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത വാക്കുകൾ പ്രയോഗിക്കുന്ന പി.ടി.തോമസിനെയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് പ്രതിപക്ഷം ചുമതലപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൂർച്ചയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം സജ്ജമായിരുന്നു. എന്നാൽ നോട്ടീസ് പോലും അവതരിപ്പിക്കാൻ അനുവദിക്കാതെ സ്പീക്കർ പ്രതിപക്ഷ ആയുധങ്ങളെല്ലാം നിർവീര്യമാക്കി. ഇതേത്തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭയെന്ന പുതുമയുള്ള പ്രതിഷേധം.

ഡോളർ, സ്വർണ കടത്തുകേസുകളിൽ മുഖ്യമന്ത്രിയെ കുടുക്കാൻ കേന്ദ്രഏജൻസികളും തിരിച്ചടിക്കാൻ സർക്കാരും നടത്തുന്ന ശ്രമങ്ങൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് കേരളം കാണുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരായി സർക്കാർ പ്രഖ്യാപിച്ച ജ്യുഡിഷ്യൽ അന്വേഷണം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും ഹൈക്കോടതി കേസ് റദ്ദാക്കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള കസ്റ്റംസ് നീക്കം. വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി മറന്നുവച്ച പൊതി യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ വഴി വിദേശത്തേക്ക് എത്തിച്ചു നൽകിയെന്നും കോൺസുലേറ്റിലെ സ്കാനറിൽ പൊതി പരിശോധിച്ചപ്പോൾ അതിൽ കെട്ടുകണക്കിന് പണമായിരുന്നെന്നുമാണ് സരിത്തിന്റെ മൊഴി. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹരികൃഷ്ണനാണ് ഈ പൊതി സരിത്തിന് കൈമാറിയതെന്നാണ് മൊഴിയിലുള്ളത്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സരിത്ത് നൽകുന്ന മറുപടി കുറ്റപത്രത്തിന്റെ ഭാഗമാവും. അതിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വ്യക്തതയുള്ള ആരോപണങ്ങളും തെളിവുകളുമുണ്ടെങ്കിൽ അത് കോടതിയിലെത്തും. ഇതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

മുഖ്യമന്ത്റി പിണറായി വിജയനും മന്ത്റിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്റിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമിടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്‌ട്രേറേ​റ്റിനു നൽകിയ രഹസ്യമൊഴിയിലുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഡോളർ ഇടപാടുകൾ മുഖ്യമന്ത്റിയുടെയും സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്റെയും നിർദേശപ്രകാരമാണെന്നും പല ഉന്നതർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ടെന്നും എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ നിന്ന് തലയൂരാൻ പ്രതികൾ സ്വീകരിക്കുന്ന തന്ത്രമാണിതെന്ന എതിർവാദവും ശക്തമാണ്.

എന്താണ് കേസ്

യുഎഇ കോൺസുലേ​റ്റിലെ നയതന്ത്ര പ്രതിനിധികൾ വഴി നയതന്ത്ര ചാനൽ ദുരുപയോഗിച്ച് യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്നാണ് കേസ്. യു.എ.ഇ കോൺസുലേ​റ്റിലെ ധനകാര്യവിഭാഗം മേധാവിയായിരുന്ന ഖാലിദ് മുഹമ്മദ് അലി ഷൗക്റി തിരുവനന്തപുരം വിമാനത്താവളം വഴി മസ്‌കറ്റിലേക്ക് 2019 ഓഗസ്​റ്റ് 7ന് 1.90 ലക്ഷം യുഎസ് ഡോളർ (അന്നത്തെ നിരക്കനുസരിച്ച് 1.30 കോടിയോളം രൂപ) കടത്തിയെന്നാണ് എഫ്.ഐ.ആർ. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ സ്വപ്നയും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസ് രജിസ്​റ്റർ ചെയ്തത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ നിർമാണ കരാറുകാരായ യൂണിടാക് ബിൽഡേഴ്സ് നൽകിയ കോഴപ്പണത്തിലെ ഒരു ഭാഗമാണു ഡോളറാക്കി വിദേശത്തേക്കു കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. മുഖ്യമന്ത്റിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ, ഖാലിദ് അലി ഷൗക്റി, സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കാണ് ഡോളർകടത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഡോളർ കടത്തിൽ ശിവശങ്കറിനെ നാലാം പ്രതിയാക്കിയിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ കുരുക്ക്

യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച്, കള്ളപ്പണം ഡോളറാക്കി ഗൾഫിലേക്ക് കടത്തി അവിടെ ബിസിനസ് സംരംഭങ്ങളിൽ മുടക്കിയ വമ്പന്മാരെയാണ് കസ്റ്റംസ് തേടുന്നത്. മസ്കറ്റിലെ കോളേജിലും യു.എ.ഇയിലെ വ്യാപാരകേന്ദ്രങ്ങളിലും നിക്ഷേപമുള്ളവരുടെ രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ച മൊഴിയിൽ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മസ്‌കറ്റിലെ കോളേജിൽ പി.ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്ന വിവരത്തെതുടർന്ന് കോളേജ് ഉടമ ലസീർ മുഹമ്മദിനെയും ഡീൻ ഡോ.കിരണിനെയും സുഹൃത്ത് പൊന്നാനി സ്വദേശി നാസ് അബ്ദുള്ളയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കടത്തിയത് ആരുടെയൊക്കെ പണമാണ്, പണത്തിന്റെ സ്രോതസ് എന്താണ്, ഇത്രയധികം പണം എങ്ങനെ ഡോളറാക്കി മാറ്റിയെടുത്തു, വിദേശത്ത് ആർക്കൊക്കെ പണം കൈമാറി, ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു, വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി എന്നിങ്ങനെ ചോദ്യങ്ങൾക്കാണ് കസ്റ്റംസ് ഉത്തരം തേടുന്നത്. വമ്പന്മാരുടെ ബിനാമി നിക്ഷേപങ്ങൾ കസ്റ്റംസിന് കണ്ടെത്താനായാൽ അത് വൻ കോളിളക്കമായി മാറും.

സിഗരറ്റ് പാക്കറ്റിലെ ഡോളർ കെട്ട്

കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് അലി ഷൗക്രി വലിയ സിഗരറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് യു.എ.ഇയിലേക്ക് ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് വലിയ സിഗരറ്റ് പാക്കറ്റ് വാങ്ങി അതിൽ ഡോളർ നിറച്ചതെന്നാണ് സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. യു.എ.ഇയിലേക്കും മസ്കറ്റിലേക്കും ഈജിപ്തിലെ കെയ്‌റോയിലേക്കുമെല്ലാം ഇങ്ങനെ ഡോളർ കടത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOLLAR CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.