ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർഷം തോറും അരലക്ഷം രൂപ വീതം പാർട്ടിയിലേക്ക് സംഭാവന ചെയ്യാൻ എം.പിമാർക്ക് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം. ചെലവുകൾ നിയന്ത്രിക്കാനും പാർട്ടി സെക്രട്ടറിമാർ മുതലുള്ള നേതാക്കൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
സെക്രട്ടറിമാരോട് കഴിയുന്നതും ട്രെയിനിൽ യാത്ര ചെയ്യാനാണ് നിർദ്ദേശം. സെക്രട്ടറിമാർ എം.പിമാരാണെങ്കിൽ വിമാന യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്താം. എ.ഐ.സി.സി സെക്രട്ടറിമാർക്ക് 1400 കിലോമീറ്റർ ദൂരം വരെയുള്ള ട്രെയിൻ യാത്രാബത്ത ലഭിക്കും. അതിന് മുകളിലുള്ള ദൂരത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനത്തിൽ യാത്ര ചെയ്യാം. ട്രെയിൻ ടിക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിലാണെങ്കിൽ മാസത്തിൽ രണ്ടുതവണ ആകാശയാത്രയാകാം.
എ.ഐ.സി.സിഭാരവാഹികളുടെ കാന്റീൻ, സ്റ്റേഷനറി, പത്രം, ഇന്ധന ചെലവുകൾ പരമാവധി കുറയ്ക്കാനും നിർദ്ദേശമുണ്ട്.
ജനറൽ സെക്രട്ടറിമാർക്കുള്ള 15,000രൂപ, സെക്രട്ടറിമാർക്കുള്ള 12,000 അലവൻസുകൾ ഒഴിവാക്കും. പലരും അലവൻസ് ഉപയോഗിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണിത്.
എം.പിമാർ പ്രതിവർഷം 50,000 രൂപ സ്വയം സംഭാവന ചെയ്യുന്നതിനൊപ്പം പാർട്ടി അനുഭാവികളിൽ നിന്ന് 4000രൂപയെങ്കിലും പിരിക്കുകയും വേണം.
കേന്ദ്രത്തിനു പുറമെ സംസ്ഥാനങ്ങളിലും ഭരണമില്ലാതെ വന്നതോടെ പാർട്ടി ഫണ്ട് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ചെലവുകുറയ്ക്കൽ നടപടി. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ലഭിച്ച സംഭാവനയും കാര്യമായി കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |