SignIn
Kerala Kaumudi Online
Friday, 26 April 2024 2.11 AM IST

അവസാനരംഗം ബഹിഷ്കരണത്തിലൂടെ ആടിത്തീർത്ത്...

niyamasabha

രണ്ട് ദിവസമായി തുടരുന്ന മൗനത്തിന്റെ വാല്‌മീകം വെടിയാൻ മുഖ്യമന്ത്രി തയാറായേ മതിയാകൂവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാശിപിടിച്ചു. പ്രതിപക്ഷത്തെ പിൻനിര അംഗങ്ങൾ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് എഴുതിവച്ച ബാനർ ഉയർത്തിപ്പിടിച്ചു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളിൽ വല്ലാത്ത ഉത്കണ്ഠയും ആശങ്കയും ഉളവാക്കിയിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വേവലാതിപ്പെട്ടു. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞതേയില്ല.

'മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെത്തുറക്കുന്ന' മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് കാത്തിരുന്ന പ്രതിപക്ഷത്തെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവീഴ്ത്തുന്ന സമീപനമായിപ്പോയി അത്. അതുകൊണ്ടെന്തുണ്ടായി എന്നല്ലേ. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ അവസാനരംഗം പ്രതിപക്ഷം ബഹിഷ്കരണത്തിലൂടെ ആടിത്തീർത്തു!

സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം കഴിഞ്ഞദിവസം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെടുന്ന നോട്ടീസ് പോലും സ്പീക്കർ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചട്ടത്തിന്റെ ആധികാരികത ഉയർത്തിക്കാട്ടിയ നിയമമന്ത്രി പി. രാജീവിന്, ഇന്നലെ കീഴ്വഴക്കങ്ങളുടെ പ്രാധാന്യം വിവരിച്ച് പ്രതിപക്ഷനേതാവ് മറുപടി നൽകാനും ശ്രമിച്ചു. നിയമസഭാചട്ടങ്ങളുടെ ബൈബിൾ ആയി അറിയപ്പെടുന്ന ഗ്രന്ഥമായ സക്തർ ആൻഡ് കൗളിനെ അദ്ദേഹം കൂട്ടുപിടിച്ചു. ഇവ്വിധമൊരു ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉയർന്നിട്ട് സഭ ചർച്ച ചെയ്യാതിരിക്കുന്നതിൽ അനൗചിത്യമുണ്ടെന്ന് സതീശൻ ചോദ്യോത്തരവേള തുടങ്ങിയപാടേ എഴുന്നേറ്റ് പറഞ്ഞു. ഇക്കണക്കിന് പോയാൽ, ഈ കേസിലിനി കോടതിവിധി വരുന്നത് വരെ ചർച്ച നടക്കില്ലല്ലോ എന്നാണദ്ദേഹത്തിന്റെ തോന്നൽ. സ്പീക്കർ കൂട്ടാക്കിയതേയില്ല. ആദ്യ ചോദ്യത്തിന് മറുപടി പറയാൻ മന്ത്രി കെ. രാധാകൃഷ്ണനെ അദ്ദേഹം ക്ഷണിച്ചു. ഉടനെ, സ്വിച്ചിട്ട പോലെ പ്രതിപക്ഷനിരയിൽ നിന്ന് മുദ്രാവാക്യംവിളിയുയർന്നു. ഭരണപക്ഷത്ത് നിന്ന് ചോദ്യം ചോദിക്കാനെഴുന്നേറ്റവരെല്ലാം പ്രതിപക്ഷത്തിന്റെ മുറിവിൽ മുളകരച്ച് തേച്ചുകൊടുക്കാൻ മത്സരിച്ചു. പട്ടികജാതി-വർഗക്കാരുടെ വിഷയം ചർച്ച ചെയ്യാനനുവദിക്കാത്തത് അപഹാസ്യമെന്ന് കെ. ശാന്തകുമാരി. ദുർബലവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ വരുമ്പോൾ പ്രതിപക്ഷത്തിന്റെ സമരാഭാസം അംഗീകരിക്കാനാവില്ലെന്ന് പി.എസ്. സുപാൽ. ദുർബലവിഭാഗം തിരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പം അണി ചേരുന്നതിലെ അസ്വസ്ഥത മൂലമുള്ള ആക്രോശമെന്ന് കെ.ഡി. പ്രസേനൻ. പതിനെട്ടാം മിനിറ്റിൽ പ്രതിപക്ഷനേതാവ് ബഹിഷ്കരണം പ്രഖ്യാപിച്ചു.

നിയമസഭയിൽ ഇനി സ്പീക്കറും മുഖ്യമന്ത്രിയുമൊന്നും ആകാനാവാത്തതിനാൽ കഴിഞ്ഞ ദിവസം സ്വയം സ്പീക്കറെയും മുഖ്യമന്ത്രിയെയും അവർ പ്രഖ്യാപിച്ചുവെന്ന് ഇ.കെ.വിജയൻ, പ്രതിപക്ഷത്തെ പോകുന്ന പോക്കിൽ പരിഹസിച്ചു. കഴിഞ്ഞ ദിവസം പുറത്ത് സമാന്തര നിയമസഭാസമ്മേളനം സംഘടിപ്പിച്ച് പുതിയ പ്രതിഷേധരീതി അവലംബിച്ച പ്രതിപക്ഷം ഇന്നലെ അഴിമതിവിരുദ്ധ മതിൽ തീർത്താണ് വ്യത്യസ്തരാകാൻ നോക്കിയത്. 41 അംഗങ്ങളും പത്ത് മിനിറ്റ് കൈകോർത്ത് ഗേറ്റിന് പുറത്തെ റോഡിൽ മതിലൊരുക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ രണ്ട് ധനവിനിയോഗ ബില്ലുകൾ സഭ പെട്ടെന്ന് പാസാക്കി. ബിൽചർച്ച നാല് പേരിലൊതുക്കി. വെള്ളിയാഴ്ചകളിൽ 12.30ന് പിരിയേണ്ടതിനാലും അവസാനദിവസമായതിനാലും എല്ലാവരും ധൃതിയുള്ളവരായിത്തോന്നി. ആവശ്യമെങ്കിൽ അപരാഹ്നസമ്മേളനം കൂടി ചേർന്ന് പാസാക്കേണ്ടിയിരുന്ന ബില്ലുകളിന്മേലുള്ള ചർച്ച 11.45 ആയപ്പോഴേക്കും അവസാനിച്ചപ്പോൾ ഇതല്പം നേരത്തേയായിപ്പോയല്ലോ എന്ന് ധനമന്ത്രിക്കും തോന്നിപ്പോയി. അതിനാൽ അദ്ദേഹം ചർച്ചയെ ചോദ്യോത്തര പംക്തിയാക്കി. സഹായങ്ങൾ ചോദിക്കുന്നവർക്കെല്ലാം ഓണക്കാല വാഗ്ദാനങ്ങൾ നൽകി മന്ത്രി സായൂജ്യമടഞ്ഞു.

കടകൾക്കടുത്തു കൂടി പോകുമ്പോൾ സന്തോഷത്താൽ ധനമന്ത്രി തുള്ളിച്ചാടുകയാണ്. എന്തൊരു തിരക്ക് ! കൂടുതൽ കച്ചവടം നടക്കുന്നത് എക്കോണമിക്ക് ഗുണമാകുന്നതിനാൽ കൊവിഡ് കൂടുന്നതിലെ ആശങ്കയ്ക്ക് തൽക്കാലം അവധിയേകുന്നു എന്നദ്ദേഹം പറയാതെ പറഞ്ഞു. കെ.കെ.ശൈലജ, മുഹമ്മദ് മുഹസിൻ, പ്രമോദ് നാരായണൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.

കോവൂർ കുഞ്ഞുമോനെന്നും വ്യത്യസ്തനാം ബാലനാണ്. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ഷെൽട്ടറുകൾ സ്ഥാപിക്കാനാവശ്യപ്പെട്ടൊരു ശ്രദ്ധക്ഷണിക്കൽ പ്രമേയവുമായി അദ്ദേഹമെത്തി. പട്ടികൾക്ക് വേണ്ടിയാണോ, പട്ടിശല്യം തടയാനാണോ ശ്രദ്ധക്ഷണിക്കലെന്ന് തിരിച്ചും മറിച്ചും ചിന്തിച്ചിട്ടും പലർക്കും പിടികിട്ടിയില്ല! ദേശീയസ്വാതന്ത്ര്യസമര ചരിത്രം പേറുന്ന ഖാദിമേഖലയുടെ ദൈന്യാവസ്ഥ ടി.ഐ.മധുസൂദനൻ ഉപക്ഷേപത്തിലൂടെ കൊണ്ടുവന്നു. കൈ കൊണ്ട് ചർക്കയിൽ നൂൽ നൂറ്റുത്പാദിപ്പിക്കുന്ന ഖാദിമേഖലയിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് സന്തോഷിക്കാനുള്ള വക മന്ത്രി പി.രാജീവും സമ്മാനിച്ചു. ഖാദിയിൽ വൈവിദ്ധ്യവത്കരണമുറപ്പാക്കാമെന്ന ഉറപ്പ്!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.