പട്ടാമ്പി: ജൈവകൃഷിയിൽ പുതിയ രീതിയുമായി ശ്രദ്ധേയമാവാൻ ഒരുങ്ങുകയാണ് ഇറുമ്പകശ്ശേരി എ.യു.പി സ്കൂൾ. വിത്തും കൈക്കോട്ടും എന്ന പദ്ധതിയിലൂടെ സ്കൂളിലെ ഓരോ കുട്ടികളുടെയും പേരിൽ കൃഷി ഒരുക്കാനാണ് സ്കൂൾ അധികൃതർ തയ്യാറെടുക്കുന്നത്.
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള കുട്ടികൾക്കായി 780 ഗ്രോ ബാഗുകളിൽ പച്ചക്കറിത്തൈകൾ അദ്ധ്യാപകരും, രക്ഷകർത്താക്കളും ചേർന്ന് നട്ട് പരിപാലിക്കുകയും, കുട്ടികൾക്കു വിളവെടുത്ത് എത്തിക്കുകയുമാണ് സ്കൂൾ അധികൃതരുടെ ലക്ഷ്യം. ഈ ബൃഹത്ത് പദ്ധതിയുടെ നേതൃത്വം അദ്ധ്യാപകരും, പി.ടി.എ, എം.ടി.എ, എസ്.എസ്.ജി, എസ്.എം.സി.കമ്മിറ്റികളും ചേർന്നാണ് നിർവഹിക്കുന്നത്.
ആഗസ്റ്റ് 17 ന് രാവിലെ പത്തിന് കൃഷിമന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനാകും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, വാർഡ് മെമ്പർമാരായ ജീന രാജഗോപാൽ, പി. റഷീദ, കൃഷി ഓഫീസർ എൻ.എച്ച്. സഹന ഹംസ, തൃത്താല എ.ഇ.ഒ പി.വി. സിദ്ദീഖ്, പി.ടി.എ പ്രസിഡന്റ് സി.പി. മധു, മാനേജർ സി.പി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി റിജി .പി. പുലിക്കോട്ടിൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |