കണ്ണൂർ:ജില്ലയിലെ ക്ഷേത്രാങ്കണങ്ങളിലും ക്ഷേത്ര ഭൂമിയിലും പച്ചതുരുത്തുകൾ സൃഷ്ടിച്ച് ഹരിത കേരളം മിഷൻ. വെള്ളം, വൃത്തി, വിളവ് എന്നീ ലക്ഷ്യങ്ങളോടെ രണ്ട് വർഷങ്ങൾക്കിടെ ജില്ലയിലെ ക്ഷേത്രാങ്കണങ്ങളിൽ നട്ടുവളർത്തിയത് 24 ദേവ ഹരിതം പച്ചത്തുരുത്തുകളാണ് രൂപം കൊണ്ടത്.
പൊതുസ്ഥലങ്ങളിൽ മരം നട്ടുപിടിപ്പിക്കുന്ന പദ്ധതിയായാണ് പച്ചത്തുരുത്ത് . ക്ഷേത്ര ഭൂമിയിലെ വൃക്ഷവത്ക്കരണ പദ്ധതി ദേവഹരിതം പച്ചത്തുരുത്ത് എന്ന പേരിലാണ് . തൈകളുടെ നടീൽ, ജൈവ വേലി നിർമ്മാണം എന്നിവ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്തു വരുന്നത്. തുടർ ജലസേചനത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായ് സംഘാടക സമിതി രൂപീകരിക്കും. 17 ഏക്കർ ഭൂമിയിലാണ് ജില്ലയിൽ 25 ദേവ ഹരിതം പച്ചത്തുരുത്തുകൾ ഉള്ളത്. ഇവയിലാകെ 4216 തൈകൾ വളരുന്നുണ്ട്. ചെറുതാഴം പഞ്ചായത്തിലെ കുളപ്രം കാവ്, കണ്ണപുരം പഞ്ചായത്തിലെ പ്രയാങ്കോട്ടം ശിവ ക്ഷേത്രം , കണ്ണാടി പറമ്പ് ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം,നാറാത്ത് ,വേങ്ങാട് ശ്രീ കുറുമ്പക്കാവ് ,പെരളം ഭഗവതി ക്ഷേത്രം : കരിവെള്ളൂർ എന്നിവിടങ്ങളിലാണ് വലിയ ദേവഹരിതം പച്ചത്തുരുത്തുകൾ ഉള്ളത്.
ദേവവൃക്ഷങ്ങൾ മാത്രം
ദേവഹരിതം പച്ചത്തുരുത്തുകളിൽ നടുന്നത് ഭൂരിഭാഗവും ദേവവൃക്ഷങ്ങളുടെ തൈകളായിരിക്കും. പ്ലാവ്, കൂവളം, പ്ലാശ്, കർപ്പൂരമരം, കാട്ടു രുദ്രാക്ഷം, ഇലഞ്ഞി, പാല, ചെങ്കുറിഞ്ഞി, അശോകം, ദന്തപ്പാല, രക്തചന്ദനം, ആൽ, അരയാല്, ഇലിപ്പ , ചെമ്പകം, ഭദ്രാക്ഷം, ഈന്ത് തുടങ്ങിയവയാണ് ഇതിൽ പ്രധാനികൾ. വിവിധ വ്യക്തികളും സംഘടനകളുമാണ് തൈകൾ സംഘടിപ്പിച്ചു തരുന്നത്. വനം വകുപ്പും തൈകൾ നല്കാറുണ്ട്.
ജില്ലയിൽ 44 പച്ചത്തുരുത്തുകൾ
ദേവഹരിതം പച്ചതുരുത്തുകൾക്ക് പുറമേ പൊതു സ്ഥലങ്ങളിലെ 44 പച്ചത്തുരുത്തുകൾ വേറെയും വളരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ ഭാഗമായാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്. ജില്ലയിലെ വ്യത്യസ്തമായ പച്ചത്തുരുത്തുകൾ ഉള്ളത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിലാണ്. നാട്ടുമാവുകളുടെ 450 തൈകളാണ് അവിടെ വളരുന്നത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോകൾ. കെ.എം. കുര്യാക്കോസിന് ആദരവ് അർപ്പിച്ചു കൊണ്ടാണ് നാട്ടുമാവിൻ പച്ചത്തുരുത്ത് നട്ടുവളർത്തുന്നത്. ഇതിന് പുറമേ നാല് ഏക്കറിൽ മറ്റൊരു പച്ചത്തുരുത്തും അവിടെ ഉണ്ട്.
ജില്ലയിൽ ഇനിയും ക്ഷേത്ര ഭൂമിയിൽ പച്ചത്തുരുത്തുകൾ ഉണ്ടാക്കുവാനുള്ള കർമ്മപദ്ധതി തയ്യാറാക്കി കഴിഞ്ഞു. മൂന്ന് മാസത്തിനിടെ ദേവഹരിതം പച്ചത്തുരുത്തുകളുടെ എണ്ണം 40 ആയി വർദ്ധിപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹരിത കേരളം മീഷൻ-
ഇ.കെ. സോമശേഖരൻ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഹരിത കേരളം മീഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |