SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.54 AM IST

നാളത്തെ ഇന്ത്യ എന്റെ സ്വപ്നങ്ങളിൽ

perumbadavam

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെക്കുറിച്ചോർക്കുമ്പോൾ ഏത് ഇന്ത്യാക്കാരന്റെയും മനസ് അഭിമാനപൂരിതമാകും. സ്വാതന്ത്ര്യം തന്നെ അമൃതമെന്നും സ്വാതന്ത്ര്യം തന്നെ ജീവിതമെന്നും ധ്യാനിച്ചിരുന്നവർക്ക് പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണെന്നും അറിയാമായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ സ്വാതന്ത്ര്യസമരം ആരംഭിച്ചപ്പോൾ നൂറ്റാണ്ടുകളുടെ അടിമത്വത്തിൽ നിന്ന് രാജ്യം ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. സഹനസമരത്തിന്റെ വികാരം സമാനതകളില്ലാത്ത ഒരാവേശമായി കത്തിപ്പടർന്നു. ഒരൊറ്റ ദേശം ഒരൊറ്റ ജനത എന്ന വികാരം ഓരോ ഇന്ത്യാക്കാരനും ഉൾക്കൊണ്ടു. ഒരു ജനത സ്വാതന്ത്ര്യത്തിലേക്കുയരുകയായിരുന്നു. സാമ്രാജ്യശക്തികളുടെ കൊടികൾ താണു. ഓരോ ഇന്ത്യാക്കാരനും സ്വാതന്ത്ര്യം എന്ന വികാരത്താൽ വിജൃംഭിച്ചു. പക്ഷേ, ഇന്ത്യയ്ക്കുള്ളിൽ മറ്റൊരു അധികാര സ്വരൂപമുണ്ടായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ അന്യോന്യം അന്യരാക്കി തീർക്കുന്ന ആ സാമൂഹിക വ്യവസ്ഥയുടെ ആരംഭം എവിടം തൊട്ടായിരുന്നു? നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു അതിന്.

സവർണഹിന്ദുക്കളുടെ പൂണൂലണിഞ്ഞ അധികാരഘടന ഇന്ത്യയിലെ സാധാരണക്കാരെ മനുഷ്യരായി കണ്ടിരുന്നുവോ? ജാതിയുടെയും മതത്തിന്റെയും പേരിൽ അന്യോന്യം കലഹിക്കുന്ന ഒരു ജനതയ്ക്ക് 'എന്തിനയേ സ്വരാജ്യം' എന്ന് മഹാകവി കുമാരനാശാൻ വിലപിച്ചത് നമ്മുടെ ഓർമ്മയിലുണ്ട്. ഏഴരപതിറ്റാണ്ടുകാലത്തെ സ്വാതന്ത്ര്യാനന്തര ജീവിതം ഇന്ത്യ ഇപ്പോൾ ആഘോഷിക്കുകയാണ്. സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഇന്ത്യ എന്ന ആശയം അമൂല്യമായി സൂക്ഷിക്കുന്ന ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പ്രതീകമായി മൂവർണക്കൊടി ആകാശത്തിൽ പറക്കുന്നു. ഇന്ത്യയുടെ മനസിലുള്ളത് വർത്തമാനകാലത്തിന്റെ സ്വപ്നങ്ങൾ മാത്രമല്ല, ഭാവിയെ സംബന്ധിച്ച സുവർണസ്വപ്നങ്ങളുമുണ്ട്.

മാനവികതയെ സംബന്ധിച്ച മൂല്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇന്ത്യ ലോകരാഷ്ട്രങ്ങൾക്കിടയിൽ ശിരസുയർത്തി നിൽക്കുന്നത്. അസംഖ്യം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടായിരുന്നു മാറ്റങ്ങളുടെയും പുരോഗതിയുടെയും വഴിയിലൂടെ ഇന്ത്യയുടെ ജൈത്രയാത്ര. വടക്കേ ഇന്ത്യയുടെ ഗ്രാമങ്ങളിൽ നിന്ന് കേൾക്കാറുണ്ടായിരുന്ന വാർത്തകൾ നടുക്കുന്നതായിരുന്നു. ഒരു രാത്രി ഇരുണ്ടു വെളുക്കുമ്പോൾ ഗ്രാമത്തിലെ അവശവിഭാഗങ്ങളുടെ കുടിലുകൾ കത്തിയമർന്നു. എതിർപ്പ് പ്രകടിപ്പിച്ചവരുടെ ശിരസുകൾ മണ്ണിൽ രക്തം വാർന്നുകിടന്നു. വാർത്ത കേട്ടെത്തിയ മനുഷ്യസ്നേഹികളെ ഗ്രാമത്തിലേക്കുള്ള പുഴകടക്കാൻ അനുവദിച്ചില്ല. അവരുടെ തോണി നദിയുടെ ഒഴുക്കിൽ താഴേക്ക് പോയി. അത്തരം വാർത്തകൾ നിരന്തരം കേട്ടുകൊണ്ടിരുന്നു. ഗ്രാമങ്ങളിലെ ദളിത് പെൺകുട്ടികളുടെ നിലവിളികൾക്ക് തെരുവിൽ തീപിടിച്ചു. ഈ തെരുവിൽ എന്റെ വീടെവിടെയായിരുന്നുവെന്ന് വിലപിച്ചുകൊണ്ട് നടക്കുന്ന അനാഥനായ ഒരു വൃദ്ധനെ ഞാൻ ദൂരെയിരുന്നു കണ്ടു. ഞാൻ വൃദ്ധനെ ഒരു കഥയിലെ നായകനാക്കി. അല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും? നാടുവാഴുന്നവർ ഈ സങ്കടങ്ങൾ കാണുന്നില്ല. ഈ വിലാപങ്ങൾ കേൾക്കുന്നില്ല. നാളത്തെ ഇന്ത്യ ഇതിനേക്കാൾ ഐശ്വര്യപൂർണവും സുശക്തവുമാവണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. മതനിരപേക്ഷതയായിരിക്കണം ഇന്ത്യയുടെ മേൽവിലാസമെന്നാണ് ആഗ്രഹിക്കുന്നത്. കൈയിൽ ഉയർത്തിപ്പിടിച്ച വാളുകളുമായി മറ്റ് വിശ്വാസികളുടെ തെരുവുകളിൽ കൊലവിളികളുമായി നടക്കുന്നവർക്ക് നമ്മളാരും പൂക്കൾ വിരിച്ചുകൊടുക്കുന്നില്ല. സ്വന്തപ്പെട്ടവരൊക്കെ നഷ്ടപ്പെട്ട് അനാഥയായിത്തീർന്ന ഒരു മുസ്ലിം വൃദ്ധയെ കൈപിടിച്ച് സ്വന്തം തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ ഒരമ്മയെക്കുറിച്ച് മുമ്പൊരിക്കൽ ഞാൻ പത്രത്തിൽ വായിച്ചു. സന്തോഷംകൊണ്ട് കണ്ണു നിറയുകയും അഭിമാനം കൊണ്ട് ശിരസുയർത്തുകയും ചെയ്ത നിമിഷമായിരുന്നു എനിക്കത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PERUMBADAVAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.