SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.24 AM IST

ഒളവണ്ണ പഞ്ചായത്തും ജലജീവൻ മിഷനും

kk

കേരളത്തിൽ ജലജീവൻ മിഷൻ വഴി എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലും ആഭിമുഖ്യത്തിലുമാണിത്. തുടർനടത്തിപ്പ് ഗുണഭോക്തൃസമിതി വഴിയോ പഞ്ചായത്തു തീരുമാനിക്കുന്ന ഏജൻസി വഴിയോ ആകാം. ഇന്ത്യയൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഒറിജിനൽ മാതൃകയ്‌ക്ക് രൂപം നൽകിയത് കോഴിക്കോട്ടെ ഒളവണ്ണ പഞ്ചായത്താണ്.


ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് ഒളവണ്ണ കടുത്ത കുടിവെള്ളക്ഷാമമുള്ള പഞ്ചായത്തായിരുന്നു. ചാലിയാർ, ചെറുപുഴ, മാമ്പുഴ എന്നിങ്ങനെ മൂന്നു നദികളുണ്ടെങ്കിലും ഉപ്പുവെള്ളമാണ്. 32 കുന്നുകളും അവയുടെ ചെറുതാഴ്വരകളുമുള്ള പഞ്ചായത്താണ്. ജനവാസം കുന്നിൻചരിവുകളിലാണ്. മേൽമണ്ണ് നന്നേ കുറവായതുകൊണ്ട് കിണർ കുഴിച്ചാലും വെള്ളമില്ല. ജനവാസം കൂടുമ്പോൾ വെള്ളക്ഷാമവും രൂക്ഷമായി. ശക്തമായ ജനകീയപ്രതിഷേധം ഉയർന്നു.

'വേട്ടുവാടൻകുന്ന് ജലക്ഷാമ നിവാരണ കമ്മിറ്റി'യുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം. താഴ്വരയിൽ കിണർകുഴിച്ച് കുന്നിൻമുകളിൽ ടാങ്ക് കെട്ടി മോട്ടോർ വഴി വെള്ളം പമ്പ് ചെയ്ത് പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യണമെന്നാണ് ആവശ്യം. കളക്ടർ നിർദ്ദേശം ഭ്രാന്തെന്നു പറഞ്ഞു തള്ളി. കളക്ട്രേറ്റ് മാർച്ചും സമരവുമായി. പാലകുറുമ്പകുന്നിലും കോഴിക്കോടൻകുന്നിലും സമരമുണ്ടായി. കുടിവെള്ളക്ഷാമമായിരുന്നു പഞ്ചായത്തു തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. സമരനേതാവ് ബാബു പറശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായി. അധികാരികൾ തള്ളിക്കളഞ്ഞ ജനകീയനിർദ്ദേശങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്തു നടപ്പാക്കാൻ തുടങ്ങി.


ജലക്ഷാമം നേരിടുന്ന പ്രദേശത്തെ ഗുണഭോക്താക്കളുടെ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് തുടക്കത്തിൽ പദ്ധതികൾ ആവിഷ്‌കരിച്ചത്. ഗുണഭോക്തൃ കമ്മിറ്റി നിയമാവലിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നതാണ്. കിണറിനും ടാങ്കിനുമുള്ള സ്ഥലം കമ്മിറ്റി വാങ്ങും. സ്ഥലത്തിനും നിർമ്മാണച്ചെലവുകൾക്കും പൈപ്പ് വലിക്കുന്നതിനുമുള്ള ചെലവും ഗുണഭോക്താക്കളിൽ നിന്ന് ഷെയർ മുഖേന സമാഹരിക്കും. നിർമ്മാണത്തിന് വലിയതോതിൽ ശ്രമദാനം ഉപയോഗപ്പെടുത്തി. പമ്പ് ഓപ്പറേറ്റർക്കുള്ള ശമ്പളം, വൈദ്യുതിച്ചെലവ്, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് ഉൾപ്പെടെയുള്ളവയെല്ലം കമ്മിറ്റിയാണു വഹിക്കുന്നത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോതനുസരിച്ചു വീട്ടുകാർ കുടിവെള്ളചാർജ്ജ് കമ്മിറ്റിക്കു നൽകണം. ജനകീയാസൂത്രണം നടപ്പിലായപ്പോഴേയ്ക്കും ജനകീയ മുൻകൈയിൽ ഒട്ടേറെ പദ്ധതികൾ നിലവിൽ വന്നിരുന്നു.


കുന്നിൻചരിവുകളിൽ 30000 രൂപവരെ ചെലവഴിച്ച് കുഴിച്ച കിണറുകളിൽ നല്ലപങ്കും പാഴായിപ്പോയി. അതുകൊണ്ടാണ് 5000 രൂപയോളം ഷെയറും ചെറിയൊരു സംഖ്യ വാട്ടർച്ചാർജും നൽകി കുടിവെള്ളം ഉറപ്പാക്കലാണ് അഭികാമ്യമെന്ന നിഗമനത്തിൽ ഒളവണ്ണക്കാർ എത്തിയത്. പൂർണമായും ജനകീയ ശുദ്ധജലവിതരണ സ്‌കീമിന്റെ ഭാഗമായി 1267 കുടുംബങ്ങൾക്കു ഗുണം ലഭിക്കുന്ന 26 പദ്ധതികൾ നടപ്പാക്കി. ജനങ്ങൾ ഒരുകോടി രൂപയോളം സമാഹരിച്ചാണ് ഇവ നടപ്പാക്കിയത്.


ജനകീയാസൂത്രണംവഴി പഞ്ചായത്തിന് വികസനഫണ്ട് ലഭിച്ചതോടെ പഞ്ചായത്തിന്റെ മുൻകൈയിൽ ഇത്തരം കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. നടത്തിപ്പു ചെലവ് ഗുണഭോക്തൃകമ്മിറ്റി ഏറ്റെടുത്തു. മുടക്കുമുതലിൽ ചെറിയൊരു ഗുണഭോക്തൃവിഹിതം മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇങ്ങനെ ഗ്രാമപഞ്ചായത്തും വികസന ഏജൻസികളും വഴി 34 ചെറുപദ്ധതികൾ നടപ്പാക്കി. 2131 കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു.


പുറമേ 34 പൊതുകിണറുകളും 4200 വ്യക്തികളുടെ കിണറുകളും പഞ്ചായത്തിലുണ്ട്. കിണറുകൾ വഴി 5050 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നു. വാട്ടർ അതോറിറ്റി നേരിട്ടു നടത്തുന്ന മൂന്ന് പദ്ധതികളുമുണ്ട്. ഇതുവഴി 600 കുടുംബങ്ങൾക്കു നേരിട്ടും കുടിവെള്ളം ലഭിച്ചിരുന്നു. അങ്ങനെ ജനകീയാസൂത്രണം അവസാനിക്കുന്നതിനു മുമ്പുതന്നെ 9048 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി.


ജനകീയാസൂത്രണ പ്രചാരണത്തിൽ കുടിവെള്ള മാതൃകയായി ഒളവണ്ണ. ഈ മാതൃക ലോകബാങ്കിന്റെ ടീം വിശദമായി പഠിച്ചു. ലോകബാങ്ക് പ്രസിദ്ധീകരണങ്ങളിലും വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനകീയാസൂത്രണം അവസാനിക്കും മുമ്പുതന്നെ അഞ്ച് പഞ്ചായത്തുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ പുതിയരീതി അവർ പരീക്ഷിച്ചു. ഇതാണ് ലോകബാങ്കിന്റെ ജലനിധി പദ്ധതിയായി അവതരിച്ചത്. ജലനിധിയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണത്രേ ജലജീവൻ മിഷന് കേന്ദ്രസർക്കാർ രൂപം നൽകിയത്.
ഒളവണ്ണയിൽ അനവധി മാതൃകകൾ ജനകീയചർച്ചയിലൂടെ രൂപപ്പെട്ടിരുന്നു. ലോകബാങ്ക് അവയെ വാർപ്പ് മാതൃകയിലുള്ള സ്‌കീമാക്കി. ആവർത്തനച്ചെലവുകൾക്ക് പഞ്ചായത്തിനു ധനസഹായം നൽകാൻ പാടില്ലെന്നതു നിബന്ധനയായി. നല്ലപങ്കു കുടിവെള്ള പദ്ധതികളും മെയിന്റനൻസ് ഇല്ലാതെ ഏതാനും വർഷം കഴിഞ്ഞപ്പോൾ പ്രവർത്തനരഹിതമായി. ജലനിധി പ്രോജക്ട് അവസാനിച്ചശേഷം കേരള സർക്കാർ പ്രത്യേക സ്‌കീമിലൂടെ ഇവയൊക്കെ പുനരുദ്ധരിക്കേണ്ടിവന്നു.


ഒളവണ്ണയിലെ അനുഭവം ഇന്നു നടപ്പാക്കുന്ന സ്‌കീമിന്റെ രീതികളും താരതമ്യപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. പഞ്ചായത്തും ജനങ്ങളും കേവലം ഗുണഭോക്താക്കൾ മാത്രമായാൽ പോരാ. കുടിവെള്ള പദ്ധതികളുടെ ആവിഷ്‌കാരത്തിലും നടപ്പാക്കുന്നതിലും പങ്കാളിത്തം ഉറപ്പാക്കണം. പങ്കാളിത്ത പ്രക്രിയ ഒഴിവാക്കിയാൽ പദ്ധതികളുടെ ഭാവിസുസ്ഥിരതയെ ബാധിക്കും. ജനങ്ങളെ പൂർണപങ്കാളികളാക്കിയാൽ ആവർത്തനച്ചെലവു മാത്രമല്ല, മുതൽമുടക്കിൽ ഒരു ഭാഗവും പ്രാദേശികമായി കണ്ടെത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATTUVICHARAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.