വികാരാധീനയായി തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ നിസംശയം പറയുന്ന പേരാണ് നയൻതാര.മലയാളത്തിൽ മനസ്സിനക്കരയിൽ തുടങ്ങി തെന്നിന്ത്യ വരെ വളർന്ന അഭിനേത്രി. അന്യഭാഷകളിൽ ചേക്കേറി അവിടെയുള്ള മുൻനിരക്കാരെ പിന്നിലാക്കി കുതിക്കുന്ന താരം. അഭിനയിച്ച ഭാഷകളിലെല്ലാം ഏറ്റവും കൂടുതൽ താര മൂല്യമുള്ള അഭിനേത്രി. അഭിമുഖങ്ങളിൽ അങ്ങനെ മുഖം കാണിക്കാത്ത സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാത്ത നയൻതാര പത്തുവർഷത്തിനു ശേഷം ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇതുവരെയും എവിടെയും തുറന്നു പറയാത്ത കുടുംബ കാര്യം നടി തുറന്നു പറഞ്ഞിരിക്കുകയാണ്.
'കുടുംബവും ജോലിയും രണ്ടായി സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ.അച്ഛനും അമ്മയ്ക്കും അവരുടേതായ ലോകമുണ്ട്. ഞാൻ ചെയ്യുന്ന സിനിമകളെ കുറിച്ച് പോലും അവർക്ക് അറിയില്ല. എന്റെ സിനിമകൾ റിലീസായാൽ അവർ പോയി കാണും അതാണ് അവർക്ക് സിനിമയുമായുള്ള ബന്ധം. അച്ഛൻ എയർ ഫോഴ്സ് ഓഫിസറായിരുന്നു. പന്ത്രണ്ട്പതിമൂന്നു വർഷങ്ങളായി അച്ഛൻ സുഖമില്ലാതായിട്ട്. ചെറിയ കുട്ടികളെ നോക്കുന്ന പോലെ നോക്കണം. അമ്മയും അച്ഛനും സമപ്രായക്കാരാണ്. അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് കണ്ടിട്ടുള്ളത്. ഇന്ന് തന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടെങ്കിൽ , അധ്വാനിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ , സമയനിഷ്ഠയുണ്ടെങ്കിൽ , എല്ലാം അച്ഛനിൽ നിന്നും പകർന്നു കിട്ടിയതാണ്.എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് ഓർമ്മ. അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. എന്നാൽ പെട്ടന്ന് രോഗബാധിതനാവുകയായിരുന്നു. താൻ സിനിമയിൽ എത്തി രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി.അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആർക്കും സാധിക്കില്ല.ഇമോഷണലി എന്നെ തളർത്തുന്ന കാര്യമായതുകൊണ്ട് ഞാൻ ഇതുവരെയും ഇക്കാര്യങ്ങളൊന്നും തുറന്നു പറഞ്ഞിട്ടില്ല. -""നയൻതാരയുടെ വാക്കുകൾ. നയൻതാര അഭിനയിച്ച നെട്രികൺ ഒ ടി ടി യിൽ വിജയകരമായി മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |