SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.09 PM IST

എച്ച്.യു.ഐ.ഡി: സ്വർണാഭരണ രംഗത്തെ വിപ്ളവകരമായ മാറ്റം

malabar

(ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്)

കോഴിക്കോട്: സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗും പ്രത്യേക തിരിച്ചറിയൽ ഐ.ഡിയും (എച്ച്.യു.ഐ.ഡി) കേന്ദ്രസർക്കാർ നിർബന്ധമാക്കിയത് കഴിഞ്ഞ ജൂൺ മുതലാണ്. ഇത് സ്വർണാഭരണ വില്പനരംഗത്ത് ഗുണകരമായ വലിയമാറ്റം സൃഷ്‌ടിക്കും. ഉപഭോക്താക്കൾക്ക് തെറ്റായ പ്രവണതകളിൽ നിന്നുള്ള രക്ഷാകവചമായി എച്ച്.യു.ഐ.ഡി മാറും. സുതാര്യമാകുന്ന സ്വർണവ്യാപാരം, ഉപഭോക്താക്കളുടെ വിശ്വാസ്യതയാർജിച്ച് കൂടുതൽ അഭിവൃദ്ധിപ്പെടും.

ബി.ഐ.എസ് ഹാൾമാർക്ക്

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് 2000 മുതൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) ഹാൾമാർക്കിംഗ് ആരംഭിച്ചത്. നിർബന്ധമാക്കുന്നത് ഇപ്പോഴാണ്. ചെമ്പ്, വെള്ളി, ചില ലോഹസങ്കരങ്ങൾ എന്നിവ സ്വർണാഭരണം പണിയാൻ ഉപയോഗിക്കുന്നുണ്ട്. ആഭരണത്തിന് ബലവും ഈടും കിട്ടാനാണത്.

അതുകൊണ്ട്, സ്വർണാഭരണത്തിന്റെ പരിശുദ്ധി ഉറപ്പാക്കേണ്ടത് ഉപഭോക്തൃതാത്പര്യമാണ്. 22 കാരറ്റ് സ്വർണാഭരണമാണെങ്കിൽ 91.6 ശതമാനം പരിശുദ്ധ സ്വർണം അടങ്ങിയിരിക്കണമെന്നാണ് ബി.ഐ.എസ് ചട്ടം. ഇതിനെയാണ് പൊതുവേ 916 സ്വർണം എന്ന് പറയുന്നത്. 18 കാരറ്റെങ്കിൽ വേണ്ടത് 75 ശതമാനം സ്വർണം. സ്വർണാഭരണത്തിന്റെ നിലവാരം ഉറപ്പാക്കി, ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യം.

ചില പ്രധാനഗുണങ്ങൾ കൂടിയുണ്ട്.

1) സ്വർണാഭരണം വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ രാജ്യത്തെവിടെയും ഉയർന്നമൂല്യം.

2) അന്യായമായ ഇടപാടുകളിൽ നിന്ന് നിയമപരമായ സംരക്ഷണം.

3) അനധികൃത കച്ചവടം അവസാനിക്കുമെന്നത് സർക്കാരിനും നേട്ടമാകും.

എച്ച്.യു.ഐ.ഡി

നിലവിൽ ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണത്തിലുള്ളത് പരിശുദ്ധി മുദ്ര, ബി.ഐ.എസ് ലോഗോ, ജുവലറിയുടെ തിരിച്ചറിയൽ മുദ്ര, ഹാൾമാർക്കിംഗ് സെന്ററിന്റെ അടയാളം എന്നിവയാണ്. ഇതോടൊപ്പമാണ് പുതുതായി ഹാൾമാർക്കിംഗ് യുണീക്ക് ഐ.ഡി (എച്ച്.യു.ഐ.ഡി) കൂടിച്ചേരുന്നത്. അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ആറക്ക കോഡാണിത്.

ബി.ഐ.എസിന്റെ ഡേറ്റാസെന്ററുമായി ഇതുബന്ധിപ്പിച്ചിട്ടുണ്ടാകും. കോഡ് ഉപയോഗിച്ച് ആഭരണത്തിന്റെ സമ്പൂർണവിവരങ്ങൾ അറിയാനാകും. ഇത് വ്യാപാരത്തെ സുതാര്യമാക്കും. വ്യാജഹാൾമാർക്കിംഗ് സെന്ററുകൾക്കും താഴുവീഴും.

ഇടുക്കി ഒഴികെ

രാജ്യത്തെ 256 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഹാൾമാർക്കിംഗ് നിർബന്ധം. കേരളത്തിൽ ഇടുക്കി ഒഴികെ ജില്ലകൾ ഇതിലുണ്ട്. 73 ഹാൾമാർക്കിംഗ് സെന്ററുകളുണ്ട് കേരളത്തിൽ. ഇവതന്നെ മുഴുവൻ ശേഷി ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുമില്ല.

നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള ജുവലറികളെ ഒഴിവാക്കിയിട്ടുണ്ട്. ഇത്ര ചെറിയ വിറ്റുവരവുള്ളവർ കുറവാണ്. അന്താരാഷ്‌ട്ര പ്രദർശനങ്ങൾക്കുള്ള ആഭരണങ്ങൾ, ചില പ്രത്യേകതരം ആഭരണങ്ങൾ, രണ്ടുഗ്രാമിൽ താഴെയുള്ളവ എന്നിവയ്ക്കും ഇളവുമുണ്ട്. അതായത്, ജുവലറികളിൽ വിൽക്കുന്ന മിക്കവാറും ആഭരണങ്ങളും പുതിയ നിബന്ധനയുടെ കീഴിൽവരും.

ഉപഭോക്താക്കൾക്കും ജുവലറികൾക്കും ഗുണകരമായതാണ് ഈ നടപടി. ജുവലറികളോടുള്ള വിശ്വാസം വർദ്ധിക്കും; വ്യാപാരം മെച്ചപ്പെടും. ന്യായമായി വ്യാപാരം ചെയ്യുന്നവർക്ക് പ്രതികൂലഘടകം ഇല്ലാതാകും. ഇന്ത്യൻ ആഭരണങ്ങൾക്ക് അന്താരാഷ്‌ട്ര സ്വീകാര്യതയും കിട്ടും.

2000 മുതൽ

2000 മുതൽ തന്നെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുഴുവൻ ആഭരണങ്ങൾക്കും ഹാൾമാർക്കിംഗ് ഉറപ്പാക്കിയെന്ന് ഞങ്ങൾ അഭിമാനത്തോടെ പറയുന്നു. ആവശ്യത്തിന് ഹാൾമാർക്കിംഗ് സെന്ററുകളില്ലെന്ന പരാതി ജുവലറി ഉടമകൾക്കുണ്ട്. 965 അംഗീകൃത സെന്ററുകളാണ് രാജ്യത്തുള്ളത്. 405 പുതിയ സെന്ററുകൾക്കുള്ള അപേക്ഷ സർക്കാരിന് മുന്നിലുണ്ട്.

രാജ്യത്തെ 741 ജില്ലകളിൽ 256 ഇടത്താണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. ഇത് ഹാൾമാർക്കിംഗ് സെന്ററുകളുടെ കുറവുകൊണ്ടാകാം. ഇന്ത്യയിൽ 800 മെട്രിക് ടൺ സ്വർണമാണ് പ്രതിവർഷം ഉപയോഗിക്കുന്നതെന്നാണ് ബി.ഐ.എസിന്റെ കണക്ക്. ഇതിൽ 80 ശതമാനവും ആഭ്യന്തര ആഭരണ നിർമ്മാണത്തിനാണ്.

21 വർഷം

ഹാൾമാ‌ക്കിംഗ് നിർബന്ധമാക്കുന്നതുവരെ 30 ശതമാനം ജുവലറികൾ മാത്രമാണ് ഇതുപയോഗിച്ചത്. 2000ലാണ് തുടങ്ങിയതെങ്കിലും ഹാൾമാർക്കിംഗ് നിർബന്ധമാക്കാൻ 21 വർഷമെടുത്തു. ഇത് ഇത്രയും നീട്ടിവയ്ക്കരുതായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമാക്കുമ്പോൾ കള്ളക്കടത്തും കുറയും.

ഒരു ചെറിയ വിഭാഗം വ്യാപാരികൾ എച്ച്.യു.ഐ.ഡിയെ എതിർക്കുന്നുണ്ട്. ഈ എതിർപ്പിന് എന്തെങ്കിലും യുക്തിയോ ന്യായമോ കാണുന്നില്ല. വൈകാതെ അവർ കാര്യങ്ങൾ മനസിലാക്കുമെന്ന് ഉറപ്പാണ്. അവരുടെ കൂടി താത്പര്യം സംരക്ഷിക്കുന്നതാണ് കേന്ദ്ര തീരുമാനം.

റെസ്‌പോൺസിബിൾ

സോഴ്‌സിംഗ്

അനധികൃത വ്യാപാരവും കള്ളക്കടത്തും നേട്ടമാകുന്നത് അന്താരാഷ്‌ട്ര മാഫിയകൾക്കാണ്. സർക്കാരിന് നികുതിച്ചോർച്ചയുമുണ്ടാകുന്നു. ഉപഭോക്താക്കൾ വഞ്ചിതരുമാകും. ഖനികളിൽ നിന്ന് ശേഖരിക്കുന്നതുമുതൽ ഉപഭോക്താക്കളുടെ കൈയിൽ എത്തുന്നതുവരെ സ്വർണം പൂർണമായും സുതാര്യമായിരിക്കണം. ഇതിന് 'റെസ്‌പോൺസിബിൾ സോഴ്‌സിംഗ്" നടപ്പാക്കണം.

സാമൂഹിക പ്രതിബദ്ധത വേണം. ജോലി ചെയ്യുന്നവർക്ക് ന്യായമായ വേതനം നൽകണം. 60 ലക്ഷത്തിലേറെ കുടുംബങ്ങൾ ഇന്ത്യയിൽ സ്വർണാഭരണ വ്യാപാരവുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. 'ഇന്ത്യയിൽ നിർമ്മിക്കുക, ലോകവിപണിയിൽ വില്പന നടത്തുക" ഇതാണ് മലബാർ ഗ്രൂപ്പിന്റെ മുദ്രാവാക്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, HALLMARK, MP AHAMMED, GOLD, HUID, MALABAR GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.