SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.26 AM IST

ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ കോടിയേരി

kodiyeri

തിരുവനന്തപുരം: കുറച്ചുകാലമായി പൊതുവേദികളിൽ സജീവമല്ലാതിരുന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഇടവേള അവസാനിപ്പിച്ച് ഇന്നലെ രംഗത്തെത്തി. കേരള മീഡിയ അക്കാഡമി തലസ്ഥാനത്ത് സംഘടിപ്പിച്ച ഓഡിയോ മാഗസിൻ പ്രകാശനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ നവംബറിൽ സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി, ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തിരുവനന്തപുരം ജില്ലയിലെ പ്രചാരണവേദികളിൽ മാത്രമാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലും ഇടതുമുന്നണിയുടെ തന്ത്രങ്ങൾ മെനയുന്നതിലുമുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കോടിയേരി നിർണായക സാന്നിദ്ധ്യമായിരുന്നു. സി.പി.എം സമ്മേളനകാലത്തേക്ക് കടക്കവേ, കോടിയേരിയുടെ മടങ്ങിവരവിന് രാഷ്ട്രീയമാനമേറെയാണ്.

.ഇടതുമുന്നണിയുടെ ഭരണത്തുടർച്ച തടയാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചതായി കോടിയേരി കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെ ജാതി-മത ശക്തികളുടെ ഏകോപനത്തിനും ശ്രമിച്ചു. വ്യാജകഥകൾ മെനഞ്ഞിട്ടും എൽ.ഡി.എഫ് എങ്ങനെ അധികാരത്തിലെത്തിയെന്ന് മാദ്ധ്യമങ്ങൾ പഠിക്കണം. അലക്കിവെളുപ്പിക്കാൻ നോക്കിയ നയതന്ത്ര സ്വർണക്കടത്ത് വിവാദം കീറിപ്പോയ പഴന്തുണിയായി. സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർ ഏറ്റവുമധികം ഭയപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരെയാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ എടുത്ത കേസുകൾ തന്നെയാണ് തെളിവ്. തോക്കും ബോംബുമായി ബ്രിട്ടീഷുകാരെ നേരിട്ട വിപ്ലവകാരികൾ പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ നേതാക്കളായി. സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവയ്ക്കാനും ശ്രമമുണ്ടായി- കോടിയേരി പറഞ്ഞു.

മീഡിയ അക്കാഡമി മുഖമാസികയായ മീഡിയയുടെ ഓഡിയോ പതിപ്പാണിറങ്ങുന്നത്. മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാറിന് ആദ്യപ്രതി നൽകി കോടിയേരി പ്രകാശനം നിർവഹിച്ചു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. രാജാജി മാത്യു തോമസ്, എൻ.പി. ചന്ദ്രശേഖരൻ, വിവരാവകാശ കമ്മിഷണർ കെ.വി. സുധാകരൻ, പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.

 ഹരിത വിവാദം

സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ നിലപാടുകളുമായി മുന്നോട്ടു കൊണ്ടുപോകാൻ ഒരു രാഷ്ട്രീയപ്പാർട്ടിക്കും സാധിക്കില്ലെന്ന്, മുസ്ലിംലീഗിലെ ഹരിത വിവാദത്തെക്കുറിച്ച് കോടിയേരി പ്രതികരിച്ചു. യാഥാർത്ഥ്യം തിരിച്ചറിയാൻ മുസ്ലിംലീഗ് വൈകിപ്പോയി. ലീഗിന്റെ ആഭ്യന്തരകലാപത്തിൽ അഭിപ്രായം പറയുന്നില്ല. വനിതാകമ്മിഷനിൽ ആർക്കും പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജനെതിരെ പാർട്ടി അച്ചടക്കനടപടിയെടുത്തെന്നത് മാദ്ധ്യമസൃഷ്ടിയാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്ന് ചോദിച്ചപ്പോൾ, കോടിയേരി ചിരിച്ചൊഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.