SignIn
Kerala Kaumudi Online
Saturday, 20 April 2024 9.51 AM IST

​കി​റ്റ് ​വി​ത​ര​ണം:​ കീ​ശ​കീ​റി​ റേഷൻ​ ​വ്യാപാരികൾ​

ration-shop

കൊച്ചി: സർക്കാർ ആഘോഷമായി കൊണ്ടാടുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരിൽ കീശകീറിയത് റേഷൻ വ്യാപാരികൾക്ക്. കഴിഞ്ഞ 11 മാസത്തെ കിറ്റുവിതരണത്തിന്റെ പേരിൽ റേഷൻ വ്യാപാരികൾക്ക് അർഹമായ ഹാന്റിലിംഗ് ചാർജ് നൽകാതെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് സി.ഐ.ടി.യു നയിക്കുന്ന കേരള റേഷൻ എംപ്ലോയീസ് യൂണിയനാണ് രംഗത്ത് വന്നിരിക്കുന്നത്.

തിരുവോണദിവസം പട്ടിണിസമരം നടത്താനാണ് യൂണിയന്റെ തീരുമാനം. റേഷൻ വ്യാപാരികളുടെ എല്ലായൂണിയനുകളും സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സി.പി.ഐ നേതൃത്വം നൽകുന്ന കെ.ആർ.ഇ.എസ് (എ.ഐ.ടി.യു.സി), കെ.എസ്.ആർ.ആർ.ഡി.എ (എ.ഐ.ടി.യു.സി) എന്നീ രണ്ട് യൂണിയനുകൾ അവസാനം നിമിഷം പിന്മാറിയെന്നാണ് സൂചന. സർക്കാരിനെതിരെ സമരത്തിനില്ലെന്നാണ് അവരുടെ നിലപാട്. എന്നാൽ ചന്ദ്രൻപിള്ള നയിക്കുന്ന സി.ഐ.ടി.യൂണിയൻ സമരതീരുമാനവുമായി മുന്നോട്ടുപോവുകയാണ്.

റേഷൻ കടകൾ വഴി സർക്കാർ സൗജന്യമായി നൽകിയ ഭക്ഷ്യക്കിറ്റ് ഒന്നിന് 5 രൂപ പ്രകാരം കടയുടമകൾക്ക് ഹാന്റിലിംഗ് ചാർജ് അനുവദിച്ചിരുന്നു. എലിയും മറ്റ് ക്ഷുദ്രജീവികളും നശിപ്പിക്കാതെ കിറ്റ് സൂക്ഷിച്ചുവയ്ക്കുന്നതും ആളുകൾ വരുമ്പോൾ വിതരണം ചെയ്യുന്നതും റേഷൻ വ്യാപാരികളുടെ ഉത്തരവാദിത്വമാണ്. സാധാരണയുള്ള സ്റ്റോക്കിന് പുറമെ കിറ്റ് കൂടി സൂക്ഷിക്കാൻ ഇടമില്ലാതെ കടമുറിയും ഗോഡൗണും വാടകയ്ക്ക് എടുത്തവരുമുണ്ട്. മറ്റ് ചിലരാകട്ടെ സ്വന്തം കൈയ്യിൽ നിന്ന് പണംമുടക്കി കടയുടെ സൗകര്യം മെച്ചപ്പെടുത്തി. 5 രൂപ വച്ചുള്ള ഹാന്റിലിംഗ് ചാർജ് എങ്കിലും കിട്ടുമെന്ന് കരുതിയാണ് പണം മുടക്കിയത്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയതിന് പുറമേ കൂടുതൽ കാർഡുള്ള കടകളിൽ കിറ്റ് വിതരണത്തിന് വേണ്ടി പുതിയ ജീവനക്കാരനേയും നിയമിച്ചു. ഈ വഴിക്കും കടയുടമയുടെ കീശയിൽനിന്ന് പണം പോയി. ഓണക്കിറ്റിന്റെ വിതരണം കൂടി പൂർത്തിയാകുന്നതോടെ 11 മാസത്തെ പണമാണ് സർക്കാർ നൽകാനുള്ളത്. ഇങ്ങനെയൊരു ബാധ്യത ഉള്ളകാര്യം പോലും സർക്കാർ മറന്ന മട്ടാണെന്ന് കടയുടമകൾ പറയുന്നു. അടുത്തിടെ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റേഷൻ വ്യാപാരി സംഘടനാനേതാക്കളുടെ യോഗത്തിൽ ഈ വിഷയം ചർച്ചചെയ്തിരുന്നു. എന്നിട്ടും പ്രശ്നപരിഹാരമായില്ല.

അതുപോലെ റേഷൻ വ്യാപാരികളുടെ അർഹമായ പ്രതിമാസ വേതനവും ഇന്നലെവരെ വിതരണം ചെയ്തിട്ടില്ല.

പ്രളയകാലത്തും കൊവിഡ് കാലത്തുമൊക്കെ സർക്കാരിനുവേണ്ടി പ്രവർത്തിച്ചവരും പിണറായി സർക്കാരിന്റെ രണ്ടാംവരവിന് പോലും കാരണക്കാരായി നിലകൊണ്ടവരുമായ റേഷൻവ്യാപാരികളോട് സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നത്. സർക്കാരിൽ നിന്ന് വേതനം പറ്റുന്ന എല്ലാവർക്കും ഓണത്തിന് അലവൻസും മറ്റ് ആനുകൂല്യങ്ങളും നൽകിയപ്പോൾ റേഷൻ വ്യാപാരികൾക്ക് ഒരുരൂപ പോലും ഈ ഇനത്തിൽ നൽകിയില്ല. ഇന്നലെ മുഹറം പത്ത് അവധി ദിവസമായിട്ടും സർക്കാരിനുവേണ്ടി കട തുറന്നുവച്ച് ഓണക്കിറ്റ് വിതരണം നടത്തിയ റേഷൻവ്യാപാരിളോടാണ് ഈ അവഗണന എന്ന കാര്യം സർക്കാർ ഓർക്കണം.

എം.കെ. ഉമ്മർ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ജില്ല സെക്രട്ടറി

 90 ലക്ഷം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്ത ഇനത്തിൽ വ്യാപാരികൾക്ക് കിട്ടാനുള്ളത് 50 കോടിരൂപ

 തിരുവോണത്തിന് 13 ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും പട്ടിണിസമരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RATIONCARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.