SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.53 PM IST

അഫ്ഗാനിലെ മലയാളി നിലവിളി

taliban

ചന്ദ്രനിൽ തട്ടുകട നടത്തുന്ന മലയാളിയെക്കുറിച്ചുള്ള കഥ തികച്ചും അതിശയോക്തിയായിരിക്കാം. എന്നാൽ താലിബാൻ ആധിപത്യം സ്ഥാപിച്ച അഫ്ഗാനിസ്ഥാനിലെ ഉൾപ്രവിശ്യകളിൽ മലയാളികൾ ഉണ്ടെന്നത് നമ്മിൽ പലരെയും അമ്പരപ്പിക്കുന്നുണ്ടാകും. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളുടെ നിലവിളി കേരളത്തെ ആശങ്കയിലാക്കുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മാത്രമല്ല കാണ്ഡഹാറിലും മറ്റ് ഉൾപ്രദേശത്തെ പ്രവിശ്യകളിലുമായി 250ലേറെ മലയാളികൾ കുടുങ്ങിപ്പോയിരിക്കുകയാണ്. മിക്കവരും അമേരിക്കൻ, യൂറോപ്യൻ ബഹുരാഷ്ട്ര കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരാണ്. സ്ത്രീകളും കുട്ടികളുമടക്കം അവരുടെ കുടുംബാംഗങ്ങളും അഫ്ഗാനിലുണ്ട്. എല്ലാവരും കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യം കാത്തിരിക്കുകയാണ്.

അഫ്ഗാനിലെ ഭരണം പിടിച്ച താലിബാന്റെ രീതികളെക്കുറിച്ച് ഉത്തമ ബോദ്ധ്യമുള്ളതിനാലാണ് ഇവരെല്ലാം അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നത്. മലയാളികളെയടക്കം രക്ഷപ്പെടുത്താൻ വിവിധ രക്ഷാദൗത്യങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നെങ്കിലും അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവയിൽ മിക്കതും പ്രായോഗികമാക്കുക എളുപ്പമല്ല. അഫ്ഗാന്റെ വിവിധ പ്രവിശ്യകളിൽ കുടുങ്ങികിടക്കുന്നവരെ പുറത്തിറക്കി സുരക്ഷിതമായി കാബൂളിലെത്തിച്ച് വിമാനം കയറ്റുകയെന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. അഫ്ഗാനിലുണ്ടായിരുന്ന അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷിതത്വത്തിലാണ് യു.എസ് കമ്പനികളിലടക്കം മലയാളി ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്നത്. അമേരിക്കൻ സൈന്യം പൊടുന്നനേ അഫ്ഗാൻ വിട്ടപ്പോൾ ഇവരിൽ ചിലർ ജോലി സ്ഥലത്ത് കുടുങ്ങിപ്പോയി. ചിലർ താമസസ്ഥലത്ത് എത്താനാവാതെ തദ്ദേശവാസികളുടെ സഹായത്തോടെ കഴിയുന്നു.

കാബൂൾ നഗരത്തിലും പരിസരത്തുമുള്ള 51പേരുടെ വിവരങ്ങൾ സംസ്ഥാന സർക്കാ‌ർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. കാബൂളിൽ നിന്ന് 500കിലോമീറ്റർ അകലെ കാണ്ഡഹാറിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. കാണ്ഡഹാർ-കാബൂൾ റോഡ് യാത്രയ്ക്ക് സാധാരണ പത്തരമണിക്കൂ‌‌റാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാണ്ഡഹാറിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങിയവരെ കാബൂളിലെത്തിക്കുക ശ്രമകരമാണ്. കാബൂൾ വിമാനത്താവളത്തിൽ നിന്നാണ് സേനാദൗത്യങ്ങൾ നടന്നിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 500കിലോമീറ്റർ അകലെയുള്ള കാണ്ഡഹാറിലേക്ക് വിമാനസർവീസുകളും അസാദ്ധ്യം. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ നിന്നായിരുന്നു വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചത്. അഫ്ഗാനികൾ ഇടിച്ചുകയറിയതോടെ വിമാനത്താവളം അടച്ച് രക്ഷാദൗത്യങ്ങളെല്ലാം നിറുത്തിയിരുന്നു. മറ്റ് വിമാനത്താവളങ്ങൾ ആരുടെ നിയന്ത്രണത്തിലാണെന്നോ അവിടെയെല്ലാം എന്താണ് സംഭവിക്കുന്നതെന്നോ ലോക രാജ്യങ്ങൾക്ക് നിശ്ചയമില്ല.

കാണ്ഡഹാറിലും മറ്റ് പ്രവിശ്യകളിലുമുള്ള മലയാളികളെയടക്കം രക്ഷപ്പെടുത്താൻ വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ അയയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. എന്നാൽ ഇത് കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് കൂടുതൽ അമേരിക്കൻ സൈനികരെത്തിയ ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും. റോഡുകളും ചെക്ക്പോസ്റ്റുകളെല്ലാം താലിബാൻ നിയന്ത്രണത്തിലാണെന്നും ആർക്കും പുറത്തിറങ്ങാനാവുന്നില്ലെന്നുമാണ് കാബൂളിൽ കുടുങ്ങിപ്പോയ മലയാളി പറഞ്ഞത്. വിമാനമെത്തിയാലും എയർപോർട്ടിൽ പോകാൻ ഇന്ത്യൻ സർക്കാ‌ർ സുരക്ഷയൊരുക്കണം. ഈ സാഹചര്യത്തിൽ ഇന്ത്യൻ സേനയ്ക്ക് കാബൂളിൽ സുരക്ഷയൊരുക്കുക അസാദ്ധ്യമാണ്. അമേരിക്കൻ സേനയുടെ സഹായം കേന്ദ്രം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അവരുടെ പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിലാണ് അവരുടെ മുൻഗണന. ആ ദൗത്യത്തിനായാണ് കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക പിടിച്ചെടുത്തതും. അതിനാൽ മലയാളികളെയടക്കം രക്ഷിക്കാനും പുറത്തിറങ്ങിയാൽ അവരെ താലിബാൻ ആക്രമിക്കാതിരിക്കാനും അറബ് രാജ്യങ്ങളെ ഇടപെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അമേരിക്കൻ സഹായത്തോടെ മലയാളികളെയടക്കം വ്യോമസേനാ വിമാനത്തിൽ രക്ഷപ്പെടുത്തുന്നതാണ് പരിഗണനയിൽ. രണ്ടുദിവസത്തിനകം വിമാനസർവീസ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷ. വിമാനത്താവളം തുറന്നാൽ എയർഇന്ത്യ കാബൂളിലേക്ക് സർവീസ് നടത്തും.

മലയാളികളെയടക്കം രക്ഷിച്ച് നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ സി-17 യാത്രാവിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു വിമാനം കാബൂളിലെത്തിച്ചിട്ടുമുണ്ട്. നയതന്ത്ര ചർച്ചകളിലെ പുരോഗതിയനുസരിച്ചാവും രക്ഷാദൗത്യം. എന്നാൽ വിമാനം അനുവദിച്ചാലും കുടുങ്ങിക്കിടക്കുന്നവരെ വിമാനത്താവളത്തിലെത്തിക്കാൻ സുരക്ഷയൊരുക്കുന്നത് ചോദ്യചിഹ്നമാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ ടാണ്ഠൻ അടക്കം 130 ഇന്ത്യക്കാരെ അമേരിക്കൻ സഹായത്തോടെ രക്ഷപ്പെടുത്തിയ ദൗത്യം തന്നെ ഏറെ ശ്രമകരമായിരുന്നു. കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീൻ സോണിലെ ഇന്ത്യൻ എംബസിയിൽ നിന്ന് രുദ്രേന്ദ ടാണ്ഠനെയും ജീവനക്കാരെയും നേരം പുലരും മുൻപേയാണ് വിമാനത്താവളത്തിൽ എത്തിച്ചത്. ഇവരുടെ യാത്രയിൽ 15 ഇടങ്ങളിൽ താലിബാന്റെ പരിശോധന ഉണ്ടായിരുന്നു.

താലിബാൻ അനുകൂലികൾ സദാസമയവും തോക്കുമായി റോന്തുചുറ്റുന്നതിനാൽ പുറത്തിറങ്ങുക അപകടകരമാണെന്ന് കാബൂളിലെ മലയാളി പറയുന്നു. കാബൂൾ നഗരത്തിലുള്ളവർക്കു പോലും ഭക്ഷണമോ അവശ്യവസ്തുക്കളോ കിട്ടുന്നില്ല. സ്ത്രീകൾ ബുർഖ ധരിക്കാതെ പുറത്തിറങ്ങാൻ താലിബാൻ അനുവദിക്കില്ലെന്നതിനാൽ ബുർഖ സംഘടിപ്പിക്കാനുള്ല ശ്രമത്തിലാണ് എല്ലാവരും. ചില കെട്ടിടങ്ങളിൽ പരിശോധനയ്ക്കെത്തിയ താലിബാൻ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈക്കലാക്കിയെന്നും വിവരമുണ്ട്. താലിബാന്റെ പരിശോധനകളാണെങ്ങും. അഞ്ച് മിനിറ്റെടുക്കുന്ന യാത്രയ്ക്ക് അഞ്ച് മണിക്കൂർ വേണം. ആരും പേടിച്ച് പുറത്തിറങ്ങാറില്ല. എല്ലാവരും വീട്ടിൽ അടച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ രക്ഷാദൗത്യത്തിന് മലയാളികൾ അഫ്ഗാനിൽ കാത്തിരിക്കുന്നത്. അമേരിക്കൻ, യൂറോപ്യൻ കമ്പനികളിൽ കൺസ്ട്രക്ഷൻ, ഭക്ഷ്യസംസ്കരണ പ്രോജക്ടുകളിൽ ജോലിചെയ്യുന്നവരാണ് ഏറെ മലയാളികളും. അന്താരാഷ്ട്ര സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്നവരുമുണ്ട്.

അഫ്ഗാനിലെ ജോലിയും ജീവിതവും

മലയാളികളടക്കം 1500ലേറെ ഇന്ത്യക്കാ‌ർ ഇപ്പോഴുമുണ്ട് അഫ്ഗാനിൽ. അവിടത്തെ അമേരിക്കൻ, യൂറോപ്യൻ കമ്പനികളിലെ ഉദ്യോഗസ്ഥർ. ഉയർന്ന ശമ്പളത്തിൽ അഫ്ഗാനിലെ ജോലി ഇനി അവർക്ക് തുടരാനാവുന്ന സ്ഥിതിയല്ല. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ മ​റ്റു രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നുമൊക്കെയാണ് താലിബാന്റെ പ്രഖ്യാപനങ്ങളെങ്കിലും കാര്യങ്ങളുടെ പോക്ക് അങ്ങനെയല്ല. വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുതെന്ന് താലിബാൻ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷയില്ലാതെ ഈ വമ്പൻ കമ്പനികൾ അവിടെ എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടറിയണം. അമേരിക്ക വിരട്ടിയതിനാൽ ഇതുവരെ ഇത്തരം കമ്പനികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ താലിബാൻ ആക്രമണം നടത്തിയിട്ടില്ല. എന്നാൽ സ്ത്രീകൾക്ക് പഠനത്തിനും ജോലിക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ വിദേശികൾക്ക് ഇളവ് നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, AFGHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.