SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.33 PM IST

ഇത്തവണയും സൂക്ഷി'ച്ചോണം"

onam

കോട്ടയം : സർക്കാർ ടൂറിസം വാരാഘോഷമില്ല, ഓണം ഘോഷയാത്രയില്ല, നാട്ടിൻപുറത്ത് പോലും ഓണക്കളികളില്ല, പൂക്കളമത്സരമില്ല , സിനിമയില്ല, വള്ളംകളിയില്ല. സ്വന്തം വീടുകളുടെ പരിമിതികൾക്കുള്ളിൽ നിന്ന് തിരുവോണം ആഘോഷമാക്കുകയാണ് മലയാളി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ഇങ്ങനെ ഒരു "ഓൺലൈൻ വഴിപാട് ഒാണക്കാലം " ഇനിയും ഉണ്ടാകുമോ ? ഓണത്തിന് മുന്നോടിയായി കവണാറ്റിൻകര വള്ളം കളി, പിറകെ ചതയദിനത്തിൽ കുമരകം കോട്ടത്തോട്ടിലെ വള്ളംകളി, അവസാനം താഴത്തങ്ങാടി വള്ളംകളി. ഓണക്കാലത്ത് മൂന്ന് വള്ളംകളിയായിരുന്നു കോട്ടയത്ത് നടന്നിരുന്നത്. ആറന്മുള വള്ളസദ്യയ്ക്ക് തിരുവോണത്തോണിയിൽ അകമ്പടി സേവിക്കാനായി മങ്ങാട്ട് ഇല്ലത്തെ രവീന്ദ്രബാബു ഭട്ടതിരി ചുരുളൻ വള്ളത്തിൽ പോയതും കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഊരു ചുറ്റുവള്ളംകളിയും ആചാരത്തിന്റെ ഭാഗമായുള്ളതു മാത്രമാണ് കൊവിഡ് കാലത്ത് നടന്നത്.

ഓണക്കാലത്ത് നിരവധി ക്ലബുകളാണ് കല - കായിക മത്സരങ്ങൾ നടത്താറുള്ളത്. കുട്ടികൾക്ക് ചമ്മൽ മാറാനും കഴിവുതെളിയിക്കാനുമുള്ള ആദ്യവേദികളായിരുന്നു ക്ലബുകളിലെ മത്സരങ്ങൾ. കാഷ് പ്രൈസുള്ള പൂക്കളമത്സരം മാത്രമല്ല വടംവലി മത്സരവും നടത്താറുള്ള ഒരു ക്ലബും ഈ വർഷം പരിപാടികൾ നടത്തുന്നില്ല. ചതയദിനത്തോടനുബന്ധിച്ച് കലാകായികമത്സരങ്ങൾ ശാഖാ യൂണിയൻ തലത്തിൽ നടത്തിയിരുന്നതും കൊവിഡ്കാലമായതിനാൽ ഇല്ല. മാവേലി വേഷം കെട്ടി വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും മുന്നിൽ നിന്നിരുന്നവർക്കും ജോലിയില്ലാതായി. മാസ്കും സാനിറ്റൈസറുമായി കൊവിഡ് ബോധവത്ക്കരണ പ്രചാരണത്തിനാണ് മാവേലി വേഷക്കാരെ ഓണക്കാലത്ത് ഇക്കുറി ഇറക്കിയത്.

പാഴ്സൽ സർവീസും കുറഞ്ഞു

ഓണസദ്യയും പായസവും പാഴ്സൽ നൽകിയിരുന്ന ഹോട്ടലുകളുടെ എണ്ണവും കുറഞ്ഞു. ആളുകളെ ഹോട്ടലിനുള്ളിൽ ഇരുത്താൻ അനുവാദമില്ലാത്തതിനാൽ ജീവനക്കാരെ കുറച്ചതിനാൽ ഓണസദ്യയും പായസവും പാഴ്സൽ കൊടുക്കുന്നില്ല. പായസം പാഴ്സൽ നൽകിയിരുന്ന കോട്ടയത്തെ ആനന്ദമന്ദിരം ഹോട്ടൽ അടച്ചുപൂട്ടി. മറ്റു പ്രമുഖ ഹോട്ടലുകളും ജീവനക്കാരില്ലാത്തതിനാൽ ഓണസദ്യ വേണ്ടെന്നുവച്ചു.

ഉണർന്നില്ല ടൂറിസം

ടൂറിസം മേഖല നിയന്ത്രണത്തോടെ തുറന്നെങ്കിലും കുമരകത്ത് കായൽ ടൂറിസം സജീവമായിട്ടില്ല. റിസോർട്ടുകളും ഹൗസ് ബോട്ടുകളും സഞ്ചാരികളെ കാത്തിരിക്കുകയാണ്. സിനിമാ തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നു. നഗരത്തിലെ പാ‌ർക്കുകളും തുറക്കാത്തതിനാൽ കുടുംബസമേതം ഉല്ലസിക്കാൻ കഴിയാതെ പലരും വീട്ടിൽ കഴിയുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം സിനിമകളും, ടി.വിയിലെ ഓണക്കാല പരിപാടികളും മാത്രമാണ് ഏക ആശ്രയം.

സോഷ്യൽമീഡിയയിൽ ആഘോഷം
വീടിന്റെ ചുവരുകൾക്കിടയിലെ വെർച്വൽ ഓണാഘോഷമാണ് ഇപ്പോഴത്തെ ട്രെൻഡ്. മുൻപൊക്കെ വീടുകളിൽ എല്ലാവരും ഒത്തുകൂടി ആഘോഷിച്ചിരുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ ആഘോഷമായി മാറി. ഓണക്കോടിയും സെറ്റും മുണ്ടും ഉടുത്ത് പൂക്കളമിട്ടും ഒരു വീട്ടിലെ അംഗങ്ങൾ മാത്രമായി ആഘോഷം ചുരുങ്ങിയെങ്കിലും സോഷ്യൽമീഡിയകളിൽ ഗ്രൂപ്പ് വീഡിയോകാളിംഗിലൂടെ എല്ലാവരും ഒത്തുചേരുന്ന ആഘോഷമാക്കി മാറ്റി ന്യൂജെൻ ഓണം. ഊഞ്ഞാലാട്ടം, തിരുവാതിരകളി, അത്തപൂക്കള മത്സരം, പുലികളി മത്സരം, കുട്ടികളുടെ വളളംകളി മത്സരം, ഓണത്തിനോട് അനുബന്ധിച്ച് നടത്തുന്ന എല്ലാ കലാപരിപാടികളും ഇന്ന് സോഷ്യൽ മീഡിയകളിലൂടെ സജീവം.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ
പൂക്കളത്തിനൊപ്പമുള്ള ഫോട്ടോ ഷൂട്ട്, തനി നാടൻ സ്‌റ്റൈൽ ഫോട്ടോ, ആർപ്പ് വിളി സോഷ്യൽമീഡിയയിൽ ആഘോഷം പൊടിപൊടിക്കുകയാണ്. ഓണത്തിന് സദ്യയൊരുക്കുന്നതു മുതൽ കലാശക്കൊട്ട് വരെ സമൂഹമാദ്ധ്യമത്തിലൂടെയാണ്. ഇൻസ്റ്റാഗ്രാം റീൽസ്, ഫേസ് ബുക്ക് സ്റ്റോറീസ്, വാട്‌സ് ആപ്പ് സ്റ്റാറ്റസ്, സ്റ്റോറീസ്, ലൈവ്, വ്‌ളോാഗ് തുടങ്ങിയവയിലൂടെയും നീളുന്നു ഓണാഘോഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.