SignIn
Kerala Kaumudi Online
Friday, 29 March 2024 1.31 PM IST

പുതിയ പാതകളും ടോൾ പിരിവും

toll-booth-thiruvallam

യാത്ര സുഗമമാക്കുന്ന പുതിയ പാതകൾക്ക് ടോൾ ഏർപ്പെടുത്തുന്നത് രാജ്യമൊട്ടാകെയുള്ള ഏർപ്പാടാണ്. ഇതിൽ പ്രതിഷേധവും അമർഷവുമുള്ളവർ ധാരാളമുണ്ടാകും. ദേശീയപാത വികസനം ദ്രുതഗതിയിൽ നടന്നുവരുന്ന ഇക്കാലത്ത് ടോൾ പിരിവ് സർക്കാരിന്റെ അംഗീകൃത നയം കൂടിയാണ്. സംസ്ഥാനങ്ങളിലും നിശ്ചിത സംഖ്യയ്ക്കുമേൽ ചെലവു വരുന്ന പുതിയ പാലങ്ങൾക്ക് ടോൾ പിരിക്കാറുണ്ട്. മുടക്കുമുതൽ പിരിഞ്ഞുകിട്ടുന്നതുവരെയാണ് ടോൾ ഏർപ്പെടുത്താറുള്ളതെങ്കിലും പലപ്പോഴും അതും കടന്ന് വർഷങ്ങളോളം അതു നീണ്ടുപോകാറുണ്ട്. പിരിക്കുന്ന ടോളിന്റെ നല്ലൊരു ഭാഗം ടോൾ പിരിവിന്റെ കരാറെടുക്കുന്ന കമ്പനികൾ കീശയിലാക്കുന്നതുകൊണ്ടാവും ഇതു സംഭവിക്കുക. ദേശീയപാതയിലെ ടോൾപിരിവിന് അടുത്തകാലത്ത് ഫാസ് ടാഗ് സമ്പ്രദായം നിലവിൽ വന്നതോടെ ഈ സ്ഥിതിക്കു പാടേ മാറ്റമുണ്ടായിട്ടുണ്ട്. ടോൾ വഴി ലഭിക്കുന്ന പണം പൂർണമായും ഖജനാവിൽത്തന്നെ എത്തുന്നുണ്ട്. മുൻകൂർ പണമടച്ച് ഫാസ് ടാഗ് കൂപ്പൺ എടുക്കുന്നതുകൊണ്ടുള്ള മെച്ചമാണത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം - കാരോട് ബൈപാസിൽ വാഹനങ്ങൾക്ക് ടോൾ പിരിക്കാൻ ഹൈവേ അതോറിട്ടി നടപടി എടുത്തയുടൻ അതിനെതിരെ വൻ പ്രതിഷേധവുമായി നാട്ടുകാരെ സംഘടിപ്പിച്ച് രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിൽ തിരുവല്ലം, കോവളം ഭാഗങ്ങളിൽ സംഘർഷസ്ഥിതി സൃഷ്ടിച്ചിരുന്നു. ടോൾ പ്ളാസ നിർമാണം പൂർത്തീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പിരിവു തുടങ്ങാനിരുന്നപ്പോഴാണ് പ്രതിഷേധക്കാർ ഉപരോധ സമരവുമായി വന്നത്. പ്രതിപക്ഷ പാർട്ടികൾക്കൊപ്പവും ഭരണപക്ഷത്തുള്ളവരും ചേർന്നപ്പോൾ ഉപരോധം നന്നായി കൊഴുത്തുവെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രതിഷേധത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ടോൾ പിരിവ് തത്‌കാലം വേണ്ടെന്ന് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തു. ടോൾ പ്ളാസയ്ക്കു ചുറ്റുവട്ടത്തുള്ളവരെ ടോളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അന്യായമല്ല. അതുപോലെ ബൈപാസിലെ അവശേഷിക്കുന്ന ഭാഗങ്ങളുടെ നിർമാണം പൂർത്തീകരിച്ച ശേഷമേ ടോൾ പിരിവ് പാടുള്ളൂ എന്ന നിലപാടിലും അസാംഗത്യമൊന്നുമില്ല. അതേസമയം ടോളേ പാടില്ലെന്നു വാദിക്കുകയും അതിനുവേണ്ടി ആളുകളെയും സംഘടിപ്പിച്ച് ഗതാഗതം തടയുകയും ചെയ്യുന്നത് എങ്ങനെ അംഗീകരിക്കാനാകും? കേരളം വിട്ട് പുറത്തു യാത്രചെയ്തിട്ടുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ് ഹൈവേകളിൽ ഓരോ അറുപതു കിലോമീറ്ററിലും ടോൾ നൽകണമെന്നത്. സുഖകരമായ യാത്രയ്ക്കും യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും ഉതകുന്ന പുതിയ പാതകളിലൂടെ യാത്രയ്ക്ക് ടോൾ അധികപ്പറ്റാണെന്ന് ആരും പറയുകയില്ല. കാസർകോട് മുതൽ തിരുവനന്തപുരം പാറശാല വരെയുള്ള ദേശീയ പാതയിലൂടെയുള്ള ഇപ്പോഴത്തെ വാഹനയാത്ര എത്രമാത്രം ക്ളേശകരമാണെന്ന് എല്ലാവർക്കും ബോദ്ധ്യമുള്ളതാണ്. പാത വികസനമെന്ന സ്വപ്നപദ്ധതി പ്രാവർത്തികമാകുന്നതു കാണാൻ പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ പാത വരുമ്പോൾ പിന്നാലെ ടോളും വരും. അതിൽ പ്രതിഷേധിച്ചിട്ട് കാര്യമൊന്നുമില്ല.

അതിനിടെ തിരുവനന്തപുരം - കാസർകോട് വരെ നീളുന്ന പുതിയ അതിവേഗ റെയിൽ പാതയ്ക്കു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മൊത്തം 955 ഹെക്ടർ സ്ഥലമാണ് പാതയ്ക്കായി വേണ്ടിവരിക. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകൾ കഴിഞ്ഞ ദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ റെയിൽ പാതക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷത്തുള്ള പാർട്ടികൾ ഇനി മുതൽ കൂടുതൽ വാശിയോടെ രംഗത്തുവരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഏതു പുതിയ വികസന പദ്ധതിയെയും എതിർക്കാൻ ഏതെങ്കിലുമൊരു മുന്നണി ഇവിടെ ഉണ്ടാകും. ലോകത്തെ എല്ലാ നല്ല സൗകര്യങ്ങളും ഇവിടെയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ് വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ മുന്നോട്ടുവരുന്നതെന്നതാണ് വിരോധാഭാസം. രാഷ്ട്രീയ നേട്ടം കൊയ്യേണ്ടത് സംസ്ഥാനത്തിന്റെ വികസനം മുടക്കിക്കൊണ്ടാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.