SignIn
Kerala Kaumudi Online
Thursday, 25 April 2024 12.38 PM IST

ഉൾപ്പെടാത്ത പത്താമൻ

jj

സുപ്രീം കോടതിയിലേക്ക് ഒമ്പത് പുതിയ ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം കേന്ദ്രസർക്കാർ മുഖേന രാഷ്ട്രപതിയോടു ശുപാർശ ചെയ്തിരിക്കുന്നു. ഇവരിൽ എട്ടുപേർ വിവിധ ഹൈക്കോടതികളിൽ ചീഫ് ജസ്‌റ്റിസുമാരോ മുതിർന്ന ജഡ്ജിമാരോ ആണ്. ഒമ്പതാമത്തെയാൾ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും. ലിസ്റ്റിൽ ഉൾപ്പെട്ട ഒമ്പതുപേരെ സംബന്ധിച്ചല്ല, ഉൾപ്പെടാതെപോയ പത്താമനെക്കുറിച്ചാണ് ഇപ്പോൾ വിവാദം ഉയർന്നിട്ടുള്ളത് - ജസ്റ്റിസ് അഖിൽ ഖുറേഷി. അദ്ദേഹം ദീർഘകാലം ഗുജറാത്ത് ഹൈക്കോടതിയിലും പിന്നീട് ബോംബെ ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. നിലവിൽ ത്രിപുര ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസാണ്. രാജ്യത്തെ ഏറ്റവും സീനിയറായ ചീഫ് ജസ്റ്റിസുമാരിൽ ഒരാളാണ്. ജസ്റ്റിസ് ഖുറേഷിയുടെ സത്യസന്ധതയെക്കുറിച്ചോ നിഷ്പക്ഷതയെക്കുറിച്ചോ നിയമത്തിന്റെ വിവിധ ശാഖകളിൽ അദ്ദേഹത്തിനുള്ള പാണ്ഡിത്യത്തെക്കുറിച്ചോ കേസുകൾ തീർപ്പു കല്പിക്കുന്നതിലുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ചോ ആർക്കും ഒരു സംശയവും ഇല്ല. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം തഴയപ്പെട്ടു എന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. ചോദിക്കുന്നവർ തന്നെ ഉത്തരവും കണ്ടെത്തുന്നുണ്ട്. ഇന്ത്യാ രാജ്യം അടക്കിഭരിക്കുന്ന പ്രധാമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കും ജസ്റ്റിസ് ഖുറേഷി അനഭിമതനാണ്. അതുകൊണ്ടുമാത്രമാണ് കൊളീജിയം അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കാത്തത്.

ഗുജറാത്ത് ഹൈക്കോടയിയിൽ ജഡ്ജിയായിരിക്കുമ്പോഴാണ് ഖുറേഷി സൊറാബുദ്ദീൻ കൊലക്കേസിൽ അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയിലേക്ക് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്. ഗുജറാത്ത് മന്ത്രിസഭയോട് ആലോചിക്കാതെ ഗവർണർ ലോകായുക്തയെ നിയമിച്ചതു ശരിവച്ചു എന്നൊരപരാധം കൂടി അദ്ദേഹം ചെയ്തിട്ടുണ്ട്. അന്നുമുതൽ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാണ് അഖിൽ ഖുറേഷി. ഗുജറാത്ത് ഹൈക്കോടതിയിൽ ഏറ്റവും സീനിയറായിരിക്കുമ്പോൾ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാൻ വേണ്ടി അദ്ദേഹത്തെ ബോംബെയിലേക്ക് സ്ഥലം മാറ്റി. ബോംബെയിൽ അദ്ദേഹം സീനിയോറിറ്റിയിൽ അഞ്ചാം സ്ഥാനത്തെ ആകുമായിരുന്നുള്ളൂ.

പിന്നീട് അദ്ദേഹത്തെ മദ്ധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. പക്ഷേ കേന്ദ്ര സർക്കാർ അത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മാസങ്ങളോളം ആ ഫയൽ കേന്ദ്ര നിയമമന്ത്രാലയത്തിൽ പൊടിപിടിച്ചു കിടന്നു. ഒടുവിൽ കൊളീജിയം മുട്ടുമടക്കി. അവർ അദ്ദേഹത്തെ ത്രിപുരയിലേക്ക് ചീഫ് ജസ്റ്റിസായി അയക്കാൻ പുതിയ ശുപാർശ നൽകി. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നാണ് ത്രിപുര. അവിടെ കേസുകൾ കുറവാണ്. അഭിഭാഷകരും കുറവാണ്. ജഡ്ജിമാർ നന്നേ കുറവാണ്. അങ്ങനെ ഏറെക്കുറേ അപ്രസക്തമായ ഒരിടത്ത് ഖുറേഷിയെ ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്ര സർക്കാർ മഹാമനസ്കത പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹം ത്രിപുരയിൽ ചീഫ് ജസ്റ്റിസായി. രാജ്യത്തെ ഏറ്റവും സീനിയർ ചീഫ് ജസ്റ്റിസുമാരിൽ ഒരാളായ ഖുറേഷിയെ നിർബന്ധമായും സുപ്രീം കോടതിയിലേക്ക് ഉയർത്തണമെന്ന് സമീപദിവസം വരെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് റോഹിൻടൺ നരിമാൻ വാദിച്ചു. ഖുറേഷിയുടെ പേര് നിർദ്ദേശിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ മറ്റൊരു പേരും അംഗീകരിക്കാൻ താൻ സന്നദ്ധനല്ലെന്നും ശഠിച്ചു. അതോടെ ചീഫ് ജസ്റ്റിസും സഹ ജഡ്ജിമാരും ധർമ്മസങ്കടത്തിലായി. ഖുറേഷിയുടെ പേര് നിർദ്ദേശിച്ചാലും കേന്ദ്ര ഗവൺമെന്റ് അംഗീകരിക്കില്ല. ഒരുപക്ഷേ കൊളീജിയം പാസാക്കുന്ന മറ്റുപേരുകൾ കൂടി കേന്ദ്ര സർക്കാർ നിരാകരിക്കാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് നരിമാൻ വിരമിക്കുന്നതുവരെ കൊളീജിയം കൂടുകയോ സുപ്രീം കോടതിയിലേക്ക് ആരുടെയെങ്കിലും പേര് നിർദ്ദേശിക്കുകയോ ഉണ്ടായില്ല. രണ്ടു വർഷത്തോളം ആ നില തുടർന്നു. സുപ്രീം കോടതിയിലേക്ക് പുതിയതായി ഒരു ജഡ്ജിയുടെ പോലും പേരു നിർദ്ദേശിക്കാൻ കഴിയാതെ എസ്.എ. ബോബ്ഡെ വിരമിക്കേണ്ടതായി വന്നു. എൻ.വി. രമണ ചീഫ് ജസ്റ്റിസായശേഷവും ഒരുമാറ്റവും ഉണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ ദിവസം ജസ്റ്റിസ് നരിമാൻ വിരമിച്ചു. അതോടെ പുതിയ ജഡ്ജിമാരുടെ പേരു നിർദ്ദേശിക്കാനുള്ള തടസം നീങ്ങി. അങ്ങനെയാണ് ഇപ്പോൾ ഖുറേഷിയെ ഒഴിവാക്കി മറ്റു എട്ട് ന്യായാധിപന്മാരുടെയും ഒരു അഭിഭാഷകന്റെയും പേരു നിർദ്ദേശിക്കാൻ സാദ്ധ്യത തെളിഞ്ഞത്.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമായി ആലോചിച്ച് രാഷ്ട്രപതി നിയമിക്കണം എന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. ഫലത്തിൽ കേന്ദ്രമന്ത്രിസഭയ്ക്കായിരുന്നു നിയമനാധികാരം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയർത്തിയിരുന്നത്. കഴിവും പ്രാഗത്ഭ്യവും മാത്രമായിരുന്നു മാനദണ്ഡം. നെഹ്റുവിന്റെയും ശാസ്ത്രിയുടെയും ഭരണകാലത്ത് ഇൗ സമ്പ്രദായം സുഗമമായി മുന്നോട്ടു നീങ്ങി. കോടതിയും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായില്ല. എന്നാൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതോടെ സ്ഥിതിഗതികൾ മാറി. സുപ്രീം കോടതി സുപ്രധാനമായ പല നിയമ നിർമ്മാണങ്ങളും അസ്ഥിരപ്പെടുത്തി. മൗലികാവകാശങ്ങൾ പരമ പവിത്രമാണെന്നും ഭരണഘടനാ ഭേദഗതിയിലൂടെ പോലും അവ പരിമിതപ്പെടുത്താൻ പാർലമെന്റിന് അധികാരമില്ലെന്നും ജസ്റ്റിസ് കോക സുബ്ബറാവു അദ്ധ്യക്ഷനായ ഭരണഘടനാബെഞ്ച് 1967 ൽ വിധിച്ചിടത്താണ് ഇൗ സംഘർഷത്തിന്റെ തുടക്കം. പിന്നീട് 1969 -70 കാലഘട്ടത്തിൽ സുപ്രീം കോടതി ആദ്യം ബാങ്ക് ദേശസാത്കരണം റദ്ദാക്കി. തൊട്ടുപിന്നാലെ നാട്ടുരാജാക്കന്മാരുടെ പ്രിവി പേഴ്സ് നിറുത്തലാക്കിയ രാഷ്ട്രപതിയുടെ വിളംബരവും അസ്ഥിരപ്പെടുത്തി. ദിവസങ്ങൾക്കകം ഇന്ദിരാഗാന്ധി പാർലമെന്റ് പിരിച്ചു വിടുകയും രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. അവർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. തുടർന്ന് ഭരണഘടനാ ഭേദഗതിയിലൂടെ ബാങ്ക് ദേശസാത്കരണം ക്രമവത്കരിക്കുകയും പ്രിവി പേഴ്സ് എന്നേക്കുമായി നിറുത്തലാക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാർ പിന്തിരിപ്പന്മാരും ഭൂസ്വാമിമാരുടെയും വ്യവസായികളുടെയും മറ്റു മൂലധന ശക്തികളുടെയും താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരുമാണ് എന്നൊരു പരാതി ഉയർന്നു വന്നു. ആ ഘട്ടത്തിലാണ് പ്രതിബദ്ധതയുള്ള ജഡ്‌ജിമാർ എന്ന പുതിയ മുദ്രാവാക്യം അന്ന് കേന്ദ്ര നിയമമന്ത്രിയായിരുന്ന എച്ച്. ആർ. ഗോഖലെയും ഉരുക്ക് - ഖനി വകുപ്പുമന്ത്രിയായിരുന്ന മോഹൻ കുമരമംഗലവും മുന്നോട്ടു വച്ചത്. പുരോഗമന ചിന്താഗതിക്കാരും സർക്കാരിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടുകളോടു ചായ്‌വുള്ളവരുമായ ന്യായാധിപർ വേണം സുപ്രീം കോടതിയിലെന്ന് ഇവർ സിദ്ധാന്തിച്ചു. അങ്ങനെ കമ്മിറ്റഡ് ജുഡിഷ്യറി എന്നൊരു പുതിയ പദപ്രയോഗം തന്നെ ഉരുത്തിരിഞ്ഞു വന്നു

1971 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തി. വഴങ്ങുന്ന ജഡ്ജിമാരെ കണ്ടെത്തുന്ന ദൗത്യം നിയമമന്ത്രി എച്ച്. ആർ. ഗോഖലെ, ഉരുക്ക് - ഖനി മന്ത്രി മോഹൻ കുമരമംഗലം, പശ്ചിമബംഗാൾ മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേ എന്നിവരെയാണ് ഏൽപിച്ചിരുന്നത്. സ്ഥാനക്കയറ്റം നൽകേണ്ടവരെ നിർദ്ദേശിക്കേണ്ട ചുമതല ചീഫ് ജസ്റ്റിസിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുത്തു. അക്കാലത്ത് സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ട ഒമ്പതിൽ എട്ടു ജഡ്ജിമാരും കേന്ദ്ര സർക്കാരിന്റെ നോമിനികളായിരുന്നു. അവരിൽ തന്നെ സുബിമൽചന്ദ്ര റോയ്, അരുൺ കുമാർ മുഖർജി എന്നിവർ സിദ്ധാർത്ഥ് ശങ്കർ റേയുടെയും ഡി.ജി. പലേക്കർ, വൈ.വി. ചന്ദ്രചൂഢ് എന്നിവർ ഗോഖലെയുടെയും എസ്.എൻ. ദ്വിവേദി, എം.എച്ച്. ബേഖ് എന്നിവർ ഇന്ദിരാഗാന്ധിയുടെയും കെ.കെ. മാത്യു മോഹൻ കുമരമംഗലത്തിന്റെയും അളഗിരിസ്വാമി സി. സുബ്രഹ്മണ്യത്തിന്റെയും ശുപാർശയിലാണ് നിയമിതരായത്. എച്ച്. ആർ. ഖന്നയെമാത്രമാണ് ചീഫ് ജസ്റ്റിസ് സിക്രി സ്വയം കണ്ടെത്തിയത്. അങ്ങനെ സുപ്രീം കോടതിയിൽ വഴങ്ങുന്ന ജഡ്ജിമാരും വഴങ്ങാത്ത ജഡ്ജിമാരും എന്നു രണ്ടു തരക്കാരുണ്ടായി. 1973 ലെ കേശവാനന്ദഭാരതി കേസിൽ ഇൗ ചേരിതിരിവ് വളരെ വ്യക്തമായി. 13 ജഡ്ജിമാരിൽ വഴങ്ങുന്ന ആറു പേർ പൂർണ്ണമായും സർക്കാർ നടപടിയെ പിന്താങ്ങി. വഴങ്ങാത്ത ഏഴുപേർ വിയോജിച്ചു. അതിനുശേഷം ഇന്ദിരാഗാന്ധി വഴങ്ങാത്ത മൂന്നു ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് വഴങ്ങുന്നവരിൽ അവർക്ക് ഏറ്റവും പ്രിയങ്കരനായ ജസ്റ്റിസ് എ.എൻ. റേയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. അതു രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് 42- ാം ഭരണഘടനാ ഭേദഗതിയിലൂടെ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാര അവകാശങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ സർക്കാർ 44- ാം ഭരണഘടനാ ഭേദഗതി പാസാക്കി സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം പുന: സ്ഥാപിച്ചു. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ജുഡിഷ്യറി പ്രബല ശക്തിയായി പരിണമിച്ചു. ഭരണകൂടത്തിന്റെ തിട്ടൂരം അതേപടി അനുസരിക്കാൻ തയ്യാറല്ല എന്ന വ്യക്തമായ സൂചന സുപ്രീം കോടതിയും ഹൈക്കോടതികളും നൽകി. എന്നിരിക്കിലും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണകാലത്ത് എക്‌സിക്യൂട്ടീവും ജുഡിഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടൽ താരതമ്യേന കുറവായിരുന്നു. 1989 നുശേഷം രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നു. വി.പി.സിംഗ്, ചന്ദ്രശേഖർ, നരസിംഹറാവു, ദേവഗൗഡ, ഗുജ്റാൾ, വാജ്പേയ്, മൻമോഹൻസിംഗ് എന്നിവരൊക്കെ ഫലത്തിൽ ന്യൂനപക്ഷ സർക്കാരുകളെയാണ് നയിച്ചത്. കേന്ദ്രഭരണകൂടം ദുർബലമായതോടെ നീതിപീഠത്തിന്റെ അധികാരപ്രമത്തത വർദ്ധിച്ചു. രാജ്യം ഭരിക്കുന്നത് മന്ത്രിമാരാണോ ജഡ്ജിമാരാണോ എന്നുപോലും സംശയിക്കാവുന്ന നിലയിലെത്തി. നരസിംഹറാവുവിന്റെ ഭരണകാലത്ത് 1993 ൽ രണ്ടാം ജഡ്ജസ് കേസോടു കൂടി ജഡ്ജിമാരെ നിയമിക്കുന്ന ഉത്തരവാദിത്വം കൂടി സുപ്രീം കോടതി ഏറ്റെടുത്തു. തുടർന്ന് കൊളീജിയം എന്നൊരു സംവിധാനം നിലവിൽ വന്നു. ജഡ്ജിമാരെ കണ്ടെത്തുന്നതും ശുപാർശ ചെയ്യുന്നതും മുതിർന്ന ജഡ്ജിമാരടങ്ങുന്ന ഒരു ചെറു സംഘമാണ്. ഇവർ നിർദ്ദേശിക്കുന്ന പേര് സ്വീകരിക്കാനല്ലാതെ, നിരാകരിക്കാനുള്ള അധികാരം കേന്ദ്രമന്ത്രിസഭയ്‌ക്കോ രാഷ്ട്രത്തലവനായ രാഷ്ട്രപതിക്കോ ഇല്ലാതായി. ഒരു തവണ മടക്കിയയച്ച പേര് സുപ്രീം കോടതി വീണ്ടും പാസാക്കി അയച്ചാൽ അത് അംഗീകരിക്കുകയല്ലാതെ രാഷ്ട്രപതിക്ക് മറ്റു മാർഗ്ഗമില്ലാതായി.

2014 ൽ നരേന്ദ്രമോദി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ സുപ്രീം കോടതിയും ഭരണകൂടവും തമ്മിൽ ഒരു ഏറ്റുമുട്ടൽ അനിവാര്യമായി. സുപ്രീംകോടതിയിലേക്ക് കൊളീജിയം നിർദ്ദേശിച്ച ഗോപാൽ സുബ്രഹ്മണ്യം കേന്ദ്ര സർക്കാരിന് അനഭിമതനായിരുന്നു. അദ്ദേഹത്തിന്റെ പേര് മടക്കിയയച്ചു. എന്നാൽ ഗോപാൽ സുബ്രഹ്മണ്യം സ്വയം ഒഴിവായതോടെ ഏറ്റുമുട്ടലിനുള്ള സാദ്ധ്യതയില്ലാതായി. തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ബഹുഭൂരിപക്ഷം നിയമസഭകളും ഐകകണ്ഠേന 99-ാം ഭരണഘടനാ ഭേദഗതി പാസാക്കി. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ഒരു ദേശീയ ജുഡിഷ്യൽ നിയമന കമ്മിഷനു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്തു. എന്നാൽ ആ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി പിന്നീട് റദ്ദാക്കി. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം തങ്ങൾക്കുതന്നെയാണെന്ന് അവർ ഉദ്ഘോഷിച്ചു. അതു ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും വ്യാഖ്യാനിച്ചു. പക്ഷേ, നരസിംഹറാവുവിന്റെ കാലത്തും പിന്നീടും ഉണ്ടായിരുന്നപോലെ ജഡ്ജിമാരുടെ അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാൻ മോദി സർക്കാർ തയ്യാറായില്ല. ഉത്തരഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശ മടക്കിയയച്ചുകൊണ്ട് കേന്ദ്രം നിലപാടു മാറ്റം വ്യക്തമാക്കി. മാസങ്ങൾക്കുശേഷം സുപ്രീം കോടതി വീണ്ടും അദ്ദേഹത്തിന്റെ പേര് പാസാക്കി അയച്ചപ്പോൾ വിസമ്മതം കൂടാതെ നിയമിക്കുകയും ചെയ്തു. കേരള ഹൈക്കോടതിയിൽ തന്നെ കേന്ദ്ര സർക്കാരിന് അനഭിമതരായ ഏതാനും ജഡ്ജിമാരുടെ നിയമനം രണ്ടും മൂന്നും വർഷം വച്ചു താമസിപ്പിച്ചശേഷമാണ് നടപ്പിലാക്കിയത്. ആ മനോഭാവത്തിന്റെ തുടർച്ചയാണ് അഖിൽ ഖുറേഷിയുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തെ ഗുജറാത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആക്കാതിരുന്നതും പിന്നീട് ബോംബെയിലേക്ക് സ്ഥലം മാറ്റിയതും മദ്ധ്യപ്രദേശിൽ ചീഫ് ജസ്റ്റിസായി നിയമിക്കാതിരുന്നതും ഒടുവിൽ കൊളീജിയം പത്തിമടക്കി ത്രിപുരയിലെങ്കിലും ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് അപേക്ഷിക്കുന്ന നിലയിലെത്തിച്ചതും കേന്ദ്രസർക്കാരിന്റെ ഇൗ അനങ്ങാപ്പാറ നയം നിമിത്തമായിരുന്നു. അഖിൽ ഖുറേഷിയുടെ പേര് കൊളീജിയം നിർദ്ദേശിച്ചിരുന്നുവെങ്കിൽ പോലും കേന്ദ്ര സർക്കാർ അംഗീകരിക്കുകയോ രാഷ്ട്രപതി അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുകയോ ചെയ്യുമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കാനുള്ള ആർജ്ജവം പോലും സുപ്രീം കോടതി കൊളീജിയം കാണിച്ചില്ല. അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ വേണ്ടി ജസ്റ്റിസ് നരിമാൻ വിരമിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്തു.

ഖുറേഷിയെ നിയമിക്കാതിരുന്നതു മാത്രമേ ഇതിനകം വിവാദമായിട്ടുള്ളൂ. വിമർശകർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം കൂടിയുണ്ട്. സുപ്രീം കോടതിയിലേക്ക് ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മുതിർന്ന അഭിഭാഷകൻ പി.എസ്. നരസിംഹ കേന്ദ്ര ഗവൺമെന്റിന് വളരെ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് പി. കോതണ്ഡരാമയ്യ മുൻ ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയും വേദവേദാന്ത പാരംഗതനും രാമായണത്തെയും മഹാഭാരത്തെയും പുരസ്കരിച്ച് ഇംഗ്ളീഷിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ആളുമായിരുന്നു. നരസിംഹയെ 2014ൽ മോദി സർക്കാർ അഡി. സോളിസിറ്റർ ജനറലായി നിയമിച്ചു. 2018 വരെ അദ്ദേഹം തൽസ്ഥാനത്തു തുടർന്നു. അതിനുശേഷം വിഖ്യാതമായ രാമജന്മഭൂമി കേസിൽ രാംലല്ലയെ പ്രതിനിധീകരിച്ച മഹന്ത് രാമചന്ദ്രദാസിന്റെ വക്കാലത്ത് ഏറ്റെടുത്തു. അയോദ്ധ്യാ കേസിലെ സുപ്രീം കോടതി വിധിക്കുശേഷം ആർ.എസ്.എസും വിശ്വഹിന്ദുപരിഷത്തും നരസിംഹ അടക്കമുള്ള അഭിഭാഷകരെ വളരെയധികം പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഗോഖലെയും മോഹൻ കുമരമംഗലവും ഉദ്ദേശിച്ച രീതിയിലല്ലെങ്കിലും കമ്മിറ്റഡ് ജുഡിഷ്യറി നമ്മുടെ നാട്ടിൽ ഒരു യാഥാർത്ഥ്യമാവുകയാണോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.