SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.44 AM IST

നീല സമ്പദ്‌വ്യവസ്ഥ : പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യമേഖല

gh

കൊച്ചി: കപ്പൽ ഗതാഗതം വർദ്ധിപ്പിച്ചും കടൽവിഭവങ്ങളെ വിനിയോഗിച്ചും വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നീലസമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ കേന്ദ്ര ഫിഷറീസ് നയത്തിനുമെതിരെ മത്സ്യമേഖലയിൽ പ്രതിഷേധം കനക്കുന്നു. തമിഴ്നാട്ടിൽ തുടക്കമിട്ട പ്രക്ഷോഭങ്ങൾ കേരളത്തിലും വ്യാപിപ്പിക്കാൻ മത്സ്യമേഖലയിലെ വിവിധ സംഘടനകൾ അണിയറനീക്കം ശക്തമാക്കി. തമിഴ്‌നാടാണ് ചെറുത്തുനില്പിനു മുൻകൈയെടുക്കുന്ന സംസ്ഥാനം. ഇനയം, കന്യാകുമാരി എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന വലിയ തുറമുഖങ്ങൾക്കെതിരെ പ്രതിഷേധം ആരംഭിച്ചു. ഫിഷറീസ് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്കു കത്തെഴുതി. തീരദേശ എം.പിമാർ കേന്ദ്ര ഫിഷറീസ് മന്ത്രിയെ കണ്ടു പ്രതിഷേധം അറിയിച്ചു. ഒരു ദിവസത്തെ തീരദേശ ഹർത്താലും നടന്നു.

കൊച്ചിയിൽ നീലസമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഗവേഷകരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്ത വെബിനാറുകൾ നടന്നുകഴിഞ്ഞു.

 നഗ്നമായ കൊള്ള

പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനു പകരം നഗ്നമായ കൊള്ളയാണ് നീലസമ്പദ്‌വ്യവസ്ഥയുടെ പേരിൽ നടക്കുന്നതെന്ന് ഒരുവിഭാഗം ഗവേഷകർ പറയുന്നു. ബ്ലൂ ഇക്കോണമിയിൽ ബ്ലൂവോ ഗ്രീനോ ഇല്ല. പ്രയോഗത്തിൽ നിന്നും ഇക്കോണമിയെ വേർപെടുത്തണമെന്നും അവർ പറയുന്നു.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടയുകയും തൊഴിൽ അവകാശങ്ങളെ നിഹനിക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുകയും ചെയ്യുന്ന നടപടികളെ കൈയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് സംഘടനകൾ പറയുന്നു. ബ്ലൂഇക്കോണമി രേഖകളും മത്സ്യബന്ധന നിയമവും തീരസംസ്ഥാനങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചെറുകിട ബോട്ടുടമകളുമായും ചർച്ച ചെയ്ത് തിരുത്തലുകൾ വരുത്താൻ കേന്ദ്രം തയ്യാറാകണമെന്നാണ് ആവശ്യം.

 വരുന്നു വൻനിർമ്മാണങ്ങൾ
സാഗർമാല പദ്ധതിയുടെ ഭാഗമായി പുതിയ ആറു തുറമുഖങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. വിഴിഞ്ഞത്തിനു പുറമേ ഇനയം, കന്യാകുമാരി തുറമുഖങ്ങളും നിർമ്മിക്കും. തീരപ്രദേശത്ത് പുതുവൈപ്പ് മാതൃകയിലുള്ള 609 കൂറ്റൻ നിർമ്മിതകളും കെട്ടിട സമുച്ചയങ്ങളും നിർമ്മാണം ആരംഭിച്ചു.

 നിർമ്മാണങ്ങൾ
609 കെട്ടിട സമുച്ചയങ്ങൾ

14 കോസ്റ്റൽ ഡെവലപ്പ്‌മെന്റ് സോണുകൾ

12 കോസ്റ്റൽ ‌ടൂറിസ്റ്റ് സർക്യൂട്ടുകൾ

2000 കിലോമീറ്റർ തീരദേശ റോഡുകൾ

കണ്ടെയ്‌നർ യാർഡുകൾ

കപ്പൽ പൊളിക്കുന്ന യാർഡുകൾ

 കടൽകയറ്റം രൂക്ഷമാകും

വികസനപ്പെരുമഴയുടെ ഭാഗമായ അശാസ്ത്രീയമായ നിർമ്മിതികൾ മൂലം തീരത്ത് കടൽകയറ്റം രൂക്ഷമാകുമെന്ന് മത്സ്യമേഖലയിലെ സംഘടനകൾ പറയുന്നു. വിഴിഞ്ഞം വലിയതുറ, മുതലപ്പൊഴി, ആലപ്പാട്, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾത്തന്നെ ദുരിതം ആരംഭിച്ചു. ആഗോളതാപനം മൂലം ജലനിരപ്പ് ഉയരുന്നതുകൂടി കണക്കിലെടുത്താൽ തീരജനതയുടെ ദുരിതം നാൾക്കുനാൾ വർദ്ധിക്കും. തിരുത്തിയ തീരദേശ പരിപാലന വിജ്ഞാപനം ഇതിനു വഴിയൊരുക്കും. വിവിധ പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന തീരവാസികളുടെ ദുരിതത്തെപ്പറ്റിയോ അവരുടെ പുനരധിവാസത്തെപ്പറ്റിയോ രേഖ അർത്ഥഗർഭമായ മൗനം പാലിക്കുന്നതും ഗൗരവമുള്ളതാണെന്ന് നേതാക്കൾ പറഞ്ഞു.

 തിരുത്തൽ വേണം

ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നയ-നടപടികളിൽ എത്രമാത്രം തിരുത്തലാണ് കേന്ദ്ര സർക്കാർ വരുത്തുന്നതെന്ന് തീര ജനത ഉറ്റു നോക്കുകയാണ്.

ചാൾസ് ജോർജ്

പ്രസിഡന്റ്

കേരള മത്സ്യതൊഴിലാളി ഐക്യവേദി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BLUE ECONOMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.