ഇന്ത്യൻ വനിതാ ലോംഗ് ജമ്പ് താരം ശൈലി സിംഗിന് ലോക അണ്ടർ -20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി
നെയ്റോബി : കെനിയയിൽ നടക്കുന്ന ലോക അണ്ടർ -20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ് ജമ്പിൽ ഒരൊറ്റ സെന്റീമീറ്റർ വ്യത്യാസത്തിൽ ഇന്ത്യൻ താരം ശൈലി സിംഗിന് സ്വർണം നഷ്ടമായി. ഇന്നലെ നടന്ന ഫൈനലിൽ ആദ്യ മൂന്ന് ശ്രമങ്ങൾ പിന്നിട്ടപ്പോൾ 6.59 മീറ്റർ ചാടി മുന്നിലായിരുന്ന ശൈലിയെ മറികടന്ന് നാലാം ശ്രമത്തിൽ 6.60 മീറ്റർ ചാടിയ സ്വീഡന്റെ മാജാ അസ്കാജ് സ്വർണം സ്വന്തമാക്കുകയായിരുന്നു. ശൈലിയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മലയാളി ഇന്റർനാഷണൽ അത്ലറ്റ് അഞ്ജു ബോബി ജോർജിന്റെ അക്കാഡമിയിലാണ് ഉത്തർപ്രദേശുകാരിയായ ശൈലി പരിശീലിക്കുന്നത്. അഞ്ജുവിന്റെ ഭർത്താവും കോച്ചുമായ റോബർട്ട് ബോബി ജോർജാണ് ശൈലിയുടെയും പരിശീലകൻ.
ലോക അണ്ടർ -20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തേ 10 കി.മി നടത്തത്തിൽ അമിത് ഖത്രി വെള്ളിയും 4-400 മീറ്റർ മിക്സഡ് റിലേയിൽ മലയാളി താരം അബ്ദുറസാഖ് അടങ്ങിയ ടീം വെങ്കലവും നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |