SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.56 PM IST

താലിബാനെ സൃഷ്‌ടിച്ച അമേരിക്കയാണ് അഫ്ഗാനിൽ ഒന്നാം പ്രതി; മതരാഷ്ട്രത്തിന്റെ വകഭേദത്തിലേക്കാണ് ഇന്ത്യയെയും കെട്ടിവലിക്കുന്നതെന്ന് എം ബി രാജേഷ്

mb-rajesh

തിരുവനന്തപുരം: താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാന്റെ അവസ്ഥയ്‌ക്ക് കാരണമായതിൽ ഒന്നാം പ്രതി അമേരിക്കയെന്ന് സ്‌പീക്കർ എം.ബി രാജേഷ്. ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ഭയചകിതരായ ഒരു ജനത എല്ലാം ഇട്ടെറിഞ്ഞ് പലായനത്തിലാണ്. ഇതിലേക്ക് അഫ്ഗാനെ തള‌ളിവിട്ടതിൽ ഒന്നാം പ്രതി അമേരിക്കയാണെന്ന് എം.ബി രാജേഷ് പറയുന്നു. താലിബാനെ സൃഷ്‌ടിച്ച അമേരിക്കയാണ് അഫ്ഗാനെ ഭയത്തിന്റെ ഇരുണ്ട റിപ്പബ്ളിക് ആക്കി മാറ്റിയത്. അമേരിക്കയുടെ രാഷ്‌ട്രീയ താൽപര്യമാണ് ബിൻ ലാദനെയും താലിബാനെയും പാലൂട്ടി വളർത്തിയത്.

ഇന്ത്യ ഇനിയും അഫ്ഗാനിസ്ഥാനെ പോലെ ഒരു നരകമായി തീർന്നിട്ടില്ല. പക്ഷെ മതരാഷ്‌ട്രത്തിന്റെ മറ്റൊരു വകഭേദത്തിലേക്കാണ് ഇന്ത്യയെയും കെട്ടിവലിക്കുന്നത്. എം.ബി രാജേഷ് കുറിക്കുന്നു. ഹിന്ദുത്വ വർഗീയ വാദികളെ പോലെ താലിബാൻ ഫാൻസ്‌ അസോസിയേഷനുകൾക്കും നാടിനെ പകുത്തെടുത്തു നശിപ്പിക്കാൻ വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പറയേണ്ട ചരിത്ര സന്ദർഭമാണിതെന്നും അദ്ദേഹം പറയുന്നു.

എം.ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:

അഫ്ഗാനിസ്ഥാനെ ഇപ്പോൾ ഭരിക്കുന്നത് ഭയമാണ്; താലിബാൻ അഴിച്ചുവിട്ട കൊടും ഭയം. പണ്ട് നാസി ജർമ്മനിയെക്കുറിച്ച് വിഖ്യാത കവിയും നാടകകൃത്തുമായ ബർത്തോൾഡ് ബ്രഹ്ത് പറഞ്ഞതുപോലെ തന്നെ.ഭയചകിതരായ ഒരു ജനത എല്ലാം ഇട്ടെറിഞ്ഞു കൂട്ടപ്പലായനത്തിലാണ്. ലോകത്തിലെ ഏറ്റവും ഹതഭാഗ്യരായ അമ്മമാർ മരണ ഭീതിയുടെ മുൾവേലികൾക്കപ്പുറത്തേക്ക് കൈകുഞ്ഞുങ്ങളെ വലിച്ചെറിയുന്ന കാഴ്ച എത്ര ഹൃദയഭേദകമാണ്.അഫ്ഗാനിസ്ഥാനെ ഭയത്തിന്റെ ഈ മഹാ ഗർത്തത്തിലേക്ക് തള്ളിവിട്ടതിൽ ഒന്നാം പ്രതി ആരാണ്?
അഫ്ഗാനിസ്ഥാൻ ലോകത്തിനും വിശേഷിച്ച് ഇന്ത്യക്കും നൽകുന്ന പാഠമെന്താണ്?
താലിബാനെ സൃഷ്ടിച്ച അമേരിക്കയാണ് അഫ്ഗാനിസ്ഥാനെ ഭയത്തിന്റെ ഇരുണ്ട റിപ്പബ്ലിക് ആക്കി മാറ്റിയത് . പഴയ സോവിയറ്റ് യൂണിയനെതിരെ പൊരുതാൻ ലോകത്തു നിന്നാകെ മുജാഹിദ്ദീൻ ഗറില്ലകളെ സംഘടിപ്പിച്ചതും അവർക്ക് ഡോളറും ആയുധങ്ങളും പമ്പു ചെയ്തു കൊടുത്തതും അമേരിക്കൻ ചാര സംഘടനയായ സി ഐ എ ആണ്. സി ഐ എ റിക്രൂട്ട് ചെയ്ത് അഫ്ഗാനിലേക്കയച്ച മുജാഹിദ്ദീൻ ഗറില്ലകളിലൊരാളായിരുന്നു ഒസാമ ബിൻ ലാദൻ എന്നത് മറക്കാമോ?അവർക്ക് പരിശീലനവും സിഐഎ തന്നെയാണ് ഒരുക്കിയത്. സോവിയറ്റ് യൂണിയനെതിരെ ആയുധമെടുത്ത് പോരാടിയ ബിൻ ലാദനും കൂട്ടരും ഉൾപ്പെട്ട കൂലിപ്പട്ടാളം പിന്നീട് താലിബാനായി മാറുകയായിരുന്നു.അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റായിരുന്ന കമ്യൂണിസ്റ്റുകാരൻ ഡോ. നജീബുള്ളയെ ഔദ്യോഗിക വസതിയിൽ കടന്നു കയറി വധിച്ച് അദ്ദേഹത്തിന്റെ മൃതശരീരം കാബൂൾ നഗരത്തിലെ വിളക്കുകാലിൽ കെട്ടിത്തൂക്കിയാണ് താലിബാൻ അന്ന് ഭയം വിതച്ചത്. താലിബാൻ അന്ന് അധികാരം പിടിച്ചതോടെ അഫ്ഗാനിസ്ഥാൻ നൂറ്റാണ്ടുകൾക്കു പിന്നിലുള്ള മധ്യകാല ഇരുളിലേക്ക് റോക്കറ്റ് വേഗത്തിലാണ് ചെന്ന് പതിച്ചത്. അഫ്ഗാൻ ജനതയുടെ ജീവിതമാകെ വന്യമായ സ്വപ്നങ്ങളിൽ പോലും കണ്ടിട്ടില്ലാത്ത വിധം കീഴ്‌മേൽ മറിഞ്ഞു.അഫ്ഗാൻ ജനതയുടെ അതുവരെ ഉണ്ടായിരുന്ന സ്വസ്ഥ ജീവിതം ഒരു കുരുതിക്കളമായി മാറി. അമേരിക്കയുടെ രാഷ്ട്രീയ താൽപര്യമാണ് ലാദനെയും താലിബാനെയും പാലൂട്ടി വളർത്തിയത്. അതു കൊണ്ട് ഈ ദുരന്തത്തിന്റെ ഒന്നാം പ്രതി അമേരിക്ക തന്നെയാണ്. ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി അഫ്ഗാനിസ്ഥാനെ താലിബാന് വലിച്ചെറിഞ്ഞു കൊടുത്ത് അമേരിക്ക അവിടെ നിന്ന് പിൻവാങ്ങുകയും ചെയ്തിരിക്കുന്നു.
താലിബാന്റെ രണ്ടാം വരവ് ലോകത്തിന് പൊതുവിലും ഇന്ത്യക്ക് വിശേഷിച്ചും ഒരു പാഠം നൽകുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ സ്ഥാപിക്കപ്പെടുന്ന ഏതൊരു രാജ്യവും ഭൂമിയിലെ നരകമായിരിക്കും എന്ന മുന്നറിയിപ്പാണത്. അങ്ങനെയുള്ള ഒരു രാജ്യത്തും ജനാധിപത്യവും മാനവികതയും സംസ്‌കാരവും സമാധാനവും മനുഷ്യാവകാശങ്ങളും പുലരില്ല. മതനിരപേക്ഷതയും ജനാധിപത്യവും പരസ്പര പൂരകമാണ്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽക്കാനാവില്ല. അതു കൊണ്ടു തന്നെ മതാധിഷ്ഠിത രാജ്യങ്ങളിൽ ജനാധിപത്യമുണ്ടാവില്ല. എല്ലാ മതാധിഷ്ഠിത രാഷ്ട്രങ്ങളിലും പൗരാവകാശങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്ക് പുല്ലുവിലയായിരിക്കും. മതാധിഷ്ഠിത രാഷ്ട്ര വീക്ഷണം സ്ത്രീകളെ കാണുന്നത് പുരുഷന്റെ രക്ഷാകർതൃത്വത്തിന് കീഴ്‌പ്പെട്ട് ജീവിക്കേണ്ടവർ എന്ന നിലയിലാണ്. അത് അച്ഛനാകാം, ഭർത്താവാകാം, പുത്രനാകാം. എല്ലാ മതരാഷ്ട്രവാദികളുടെയും കാഴ്ചപ്പാട് 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്നു തന്നെ.ഇസ്ലാമിക മതരാഷ്ട്രവാദികളുടെ അന്താരാഷ്ട്ര ആചാര്യൻ മൗദൂദി ജനാധിപത്യത്തെ മതവിരുദ്ധവും ദൈവവിരുദ്ധവുമെ ന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് . ഹിന്ദു രാഷ്ട്രവാദത്തിന്റെ 'വിചാരധാര'യിലും ജനാധിപത്യത്തോടുള്ള വിപ്രതിപത്തി കാണാം. അതുകൊണ്ടാണ് ജനാധിപത്യ അവകാശങ്ങളെയും പൗരാവകാശങ്ങളെയും എല്ലാ മതരാഷ്ട്രവാദികളും ചവിട്ടിമെതിക്കുന്നത്. സ്വന്തം മതം മാത്രമാണ് ഏറ്റവും മികച്ചതും നിലനിൽക്കാൻ അർഹതയുള്ളതുമെന്നും മറ്റെല്ലാം തകർക്കപ്പെടേണ്ടതാണെന്നുമുള്ള കാര്യത്തിലും എല്ലാ വകഭേദത്തിൽ പെട്ട മതരാഷ്ട്രവാദികൾക്കും യോജിപ്പാണ്. സംസ്‌കാരരാഹിത്യം ഇക്കൂട്ടരുടെയെല്ലാം പൊതുവായ മുഖമുദ്രയാണ്.
1996 ൽ അഫ്ഗാനിസ്ഥാനിൽ ആദ്യമായി അധികാരം പിടിച്ചപ്പോൾ വിഖ്യാതമായ ബാമിയാനിലെ ബുദ്ധപ്രതിമകൾ തകർക്കുകയാണ് താലിബാൻ ചെയ്തത്. 1992 ൽ അധികാരം പിടിക്കാനുള്ള പരാക്രമത്തിനിടയിൽ ഹിന്ദുത്വ ശക്തികൾ ബാബരി മസ്ജിദ് തകർത്തത് പോലെ.അസഹിഷ്ണുതയുടെയും നശികരണത്തിന്റെയും സമാന മാതൃക
കളായി അവ രണ്ടും ചരിത്രത്തിലുണ്ട്. സംസ്‌കാരത്തോടുള്ള ശത്രുത പോലെ തന്നെ ശാസ്ത്ര വിരുദ്ധതയും വിജ്ഞാന വിരോധവും എല്ലാ മത രാഷ്ട്ര വാദികളുടെയും ഒരു പൊതു സ്വഭാവമാണ്.സംസ്‌കാരത്തിന്റെ എല്ലാ ശേഷിപ്പുകളെയും തകർക്കുകയെന്നതും മതരാഷ്ട്ര സ്ഥാപനത്തിന്റെ പൊതു രീതി തന്നെ.
മത രാഷ്ട്ര വാദത്തെ എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും ഉന്മൂലനം ചെയ്യുക, അവർക്കെല്ലാം രാജ്യദ്രോഹ മുദ്ര ചാർത്തുക എന്നിവയിലും ഇവർ ഇരുകൂട്ടരും തമ്മിൽ അദ്ഭുതകരമായ സാദൃശ്യം കാണാം.
ഡാനിഷ് സിദ്ദിഖി എന്ന മാധ്യമ പ്രവർത്തകൻ ഹിന്ദുരാഷ്ട്ര വാദികൾക്കും താലിബാനും ഒരേ പോലെ ശത്രുവായിരുന്നു. താലിബാന്റെ എല്ലാ നടപടികളെയും അപലപിക്കാനും വിമർശിക്കാനും മത്സരിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തെ മാത്രം അപലപിക്കാതിരുന്നത് എന്തുകൊണ്ടാകാം? അവർ ഇച്ഛിച്ചത് താലിബാൻ നിർവഹിച്ചത് കൊണ്ടല്ലേ അക്കാര്യത്തിൽ മാത്രം ദുരൂഹമായ മൗനം?
മാധ്യമ പ്രവർത്തകരെയും അധ്യാപകരെയും ചിന്തകരെയുമെല്ലാം താലിബാൻ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതായാണ് റിപ്പോർട്ടുകൾ. ഇവിടെയും അത്തരത്തിൽ വധിക്കപ്പെട്ടവരുടെ പട്ടിക നീണ്ടതാണെന്ന് മറക്കരുത്. ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, പ്രൊഫ. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ അങ്ങനെ നീണ്ട ഒരു പട്ടിക ഇവിടെയുമുണ്ട്. വിയോജിക്കുന്നവരോടും എതിർക്കുന്നവരോടുമുള്ള ഇരു കൂട്ടരുടെയും സമീപനം ഇതിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് താലിബാനെ നാം എതിർക്കുകയെന്നു പറഞ്ഞാൽ മതരാഷ്ട്രവാദത്തിന്റെ എല്ലാ വകഭേദങ്ങളയും എതിർക്കുക എന്നാണർഥം. മതനിരപേക്ഷതയുടെ എല്ലാ ശത്രുക്കളെയും വിട്ടുവീഴ്ചയില്ലാതെ ചെറുക്കുക എന്നാണർഥം. ഏതിനത്തിൽ പെട്ട മതരാഷ്ട്ര വാദവും ഭീകരമായ ഏകാധിപത്യത്തിന്റേതും അടിച്ചമർത്തലിന്റേതുമായിരിക്കും.ഇന്ത്യ ഇനിയും അഫ്ഗാനിസ്ഥാൻ പോലൊരു നരകമായി തീർന്നിട്ടില്ല. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും വേരറ്റ് പോയിട്ടില്ല. പക്ഷെ മത രാഷ്ട്രത്തിന്റെ മറ്റൊരു വകഭേദത്തിലേക്കാണ് ഇന്ത്യയെയും കെട്ടിവലിക്കുന്നത്. രണ്ടു വർഷം മുമ്പ് മരിച്ചു പോയ പാകിസ്ഥാനി കവയത്രി ഫഹമീദ റിയാസ് മരിക്കും മുമ്പ് ആകുലയോടെ ചോദിക്കുകയുണ്ടായി 'നിങ്ങളും അതിവേഗത്തിൽ ഞങ്ങളെപ്പോലെ ആവുകയാണോ?' താലിബാൻ ഫാൻസ് അസോസിയേഷനുകൾ നമ്മുടെ നാട്ടിലുമുണ്ടെന്ന് ചിലർ സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞു. ഹിന്ദുത്വ വർഗീയ വാദികളെ പോലെ താലിബാൻ ഫാൻസ് അസോസിയേഷനുകൾ വിമർശിക്കുന്നവരോട് ആക്രോശി ക്കുന്നത് ഈ നാടു വിടാനാണ്. അവർക്കിരുവർക്കും പകുത്തെടുത്തു നശിപ്പിക്കാൻ ഈ നാട് വിട്ടുകൊടുക്കില്ലെന്ന് ഉറക്കെപറയേണ്ട ചരിത്ര സന്ദർഭമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MB RAJESH, FB POST, TALIBAN, AMERICA, AFGHAN, HINDUTVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.