റോം : പാതിയടഞ്ഞ കൺപോളകൾക്കിടയിലൂടെ നിർജീവമെന്ന് തോന്നാത്ത നീല കൃഷ്ണമണികളോട് കൂടിയ ഒരു മമ്മി....കൃത്യമായ ഇടവേളകളിൽ ആ മമ്മിയുടെ കണ്ണുകൾ അടയുകയും തുറക്കുകയും ചെയ്യുന്നതായി കാണുന്നവർക്ക് തോന്നാം. ! പുരാതന ഇറ്റലിയിൽ കാറ്റാകോംബുകൾ എന്നറിയപ്പെടുന്ന ഭൂഗർഭ കല്ലറകളിലാണ് മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നത്.
അത്തരത്തിൽ സിസിലിയിലെ കപ്പൂച്ചിൻ കാറ്റാകോംബ്സ് ഒഫ് പലേർമോയിലെ ഒരു ചെറു ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മമ്മിയ്ക്കാണ് ഈ പ്രത്യേകത. ശരിക്കും പ്രകാശം ഈ കുഞ്ഞ് കണ്ണുകളിലേക്ക് നിശ്ചിത കോണിൽ പതിയ്ക്കുമ്പോൾ സംഭവിക്കുന്ന ഒപ്ടിക്കൽ ഇല്യൂഷനാണ് കണ്ണുകൾ അടയുകയും തുറക്കുകയും ചെയ്യുന്ന പോലുള്ള തോന്നലിന് കാരണം.
അതേ സമയം, ഏറെ സവിശേഷതകളാണ് വർഷങ്ങൾക്ക് മുമ്പ് മരിച്ച ഈ കൊച്ചുകുട്ടിയുടെ മമ്മിയ്ക്കുള്ളത്. 1920 ഡിസംബർ 6ന് സ്പാനിഷ് ഫ്ലൂവിന്റെ ഫലമായുള്ള ന്യുമോണിയ ബാധിച്ച് മരിച്ച റൊസാലിയ ലൊംബാർഡോ എന്ന കൊച്ചു കുട്ടിയുടേതാണ് ഈ മമ്മി. 1918 ഡിസംബർ 13ന് ഇറ്റലിയിലെ സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ച റൊസാലിയയ്ക്ക് മരിക്കുമ്പോൾ രണ്ടു വയസ് തികഞ്ഞിട്ടില്ല.
ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മിയെന്നാണ് റൊസാലിയയുടെ മമ്മി അറിയപ്പെടുന്നത്. റൊസാലിയയുടെ മൃതദേഹത്തിന് ഇപ്പോഴും കാര്യമായ കേടുപാടുകൾ ഒന്നുമില് എന്നതാണ് ഇതിന് കാരണം. മരിച്ചിട്ട് ഒരു നൂറ്റാണ്ടായെങ്കിലും ആന്തരികാവയവങ്ങൾ ഇപ്പോഴും മരണസമയത്തേത് പോലെ തന്നെയാണെന്ന് റൊസാലിയയുടെ മമ്മിയുടെ എക്സ്റേ ഫലങ്ങളിൽ നിന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു.
കാലങ്ങളായി സൂക്ഷിച്ചുവച്ചിരുന്നതിനാൽ റൊസാലിയയുടെ മൃതശരീരത്തിൽ നിറവ്യത്യാസം വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇനി മാറ്റം ഒന്നും സംഭവിക്കാതിരിക്കാൻ 2009ൽ അധികൃതർ നൈട്രജൻ അടങ്ങിയ സുരക്ഷിതമായ ഗ്ലാസ് കവചത്തോട് കൂടിയ പെട്ടിയിലാണ് ഇപ്പോൾ റൊസാലിയയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിൽ വിദഗ്ദനായിരുന്ന ആൽഫ്രെഡോ സലാഫിയ എന്നയാളാണ് റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തിരിക്കുന്നത്. റൊസാലിയയുടെ മരണത്തിൽ അതീവ ദുഃഖിതനായ പിതാവായ മാരിയോ ലൊംബാർഡോയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.റൊസാലിയയുടെ മൃതദേഹം കേടുപാട് കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതിന് പിന്നിൽ ആൽഫ്രഡോ സലാഫിയ അതിവിദഗ്ദമായി തയാറാക്കിയ ഗ്ലിസറിൻ, ഫോർമാലിൻ, സിങ്ക് സൾഫേറ്റ്, സിങ്ക് ക്ലോറൈഡ്, സാലിസിലിക് ആസിഡ് തുടങ്ങിയവ ചേർന്ന പ്രത്യേക മിശ്രിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |