SignIn
Kerala Kaumudi Online
Saturday, 20 April 2024 3.20 AM IST

വാക്സിനേഷന് ഈ വേഗം പോരാ

vaccination-

നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്ന ഓണനാളുകൾ കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് തീവ്രത വീണ്ടും രൂക്ഷമാകാനുള്ള സാദ്ധ്യതയാണു കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പരിശോധനകൾ ഗണ്യമായി കുറഞ്ഞിരുന്നു. അപ്പോഴും രോഗവ്യാപന നിരക്ക് ആശങ്കയുണർത്തുന്ന വിധം ഉയർന്നുതന്നെ . നിയന്ത്രണങ്ങളിലെ അയവ് ഓണക്കാലത്തേക്കു മാത്രമാണെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനർത്ഥം പഴയ നിയന്ത്രണങ്ങളെല്ലാം വീണ്ടും തിരിച്ചുവരുമെന്നാണ്. എന്നാൽ ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്‌ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുടെ ആശാസ്യതയെപ്പറ്റി പരക്കെ സംശയങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം അറിയാൻ കാത്തിരിക്കുകയാണു ജനങ്ങൾ. വാക്സിനേഷനിലും കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ട മന്ദഗതി ഒട്ടും വൈകാതെ പരിഹരിക്കാൻ വേണ്ട നടപടികളാണ് ഇനി ആദ്യം വേണ്ടത്. വാക്സിൻ സ്വീകരിച്ചവരിൽ നിന്ന് പ്രായേണ രോഗവ്യാപനം നിസാരമാണെന്നു ഇതിനകം തെളിഞ്ഞിട്ടുണ്ട്. സെപ്തംബറോടെ 45നു മുകളിലുള്ള മുഴുവൻ പേർക്കും കുത്തിവയ്പു പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 18നും 45നുമിടയ്ക്കു പ്രായമുള്ളവർക്ക് ഡിസംബറോടെയും. ഇതു സാദ്ധ്യമാകണമെങ്കിൽ വാക്സിനേഷന്റെ പ്രതിദിന എണ്ണം ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിന് പ്രതിദിന വാക്സിനേഷൻ ഒന്നും രണ്ടും ലക്ഷമൊന്നും പോരാ. ആവശ്യമായത്ര വാക്സിൻ സംഭരിച്ച് ദിവസേന അഞ്ചുലക്ഷം പേർക്കെങ്കിലും വാക്സിൻ നൽകാനുള്ള സംവിധാനങ്ങൾ മുടക്കം കൂടാതെ നടപ്പാക്കണം. ഇതിനിടെ ഒരു ദിവസം അഞ്ചുലക്ഷത്തിലേറെപ്പേർക്ക് വാക്സിൻ നൽകി റെക്കാഡിടാൻ കഴിഞ്ഞ സ്ഥിതിക്ക് ദൗത്യം അത്ര പ്രയാസമേറിയതാണെന്നു പറയാനാവില്ല. അതിനുള്ള ശ്രമം ശക്തിപ്പെടുത്തിയാൽ മതി. മണിക്കൂറുകൾ കാത്തുനിന്നിട്ടും വാക്സിൻ കിട്ടാതെ ആളുകൾ മടങ്ങേണ്ടിവരുന്ന സ്ഥിതി പല കുത്തിവയ്പു കേന്ദ്രങ്ങളിലും ഇപ്പോഴും കാണാം. പുതിയ കൊവിഡ് കേസുകളിൽ മുക്കാൽ ഭാഗവും ഇപ്പോൾ കേരളത്തിലാണെന്നത് ഒട്ടും അഭിമാനകരമല്ല. തുടർച്ചയായ അവധി ദിനങ്ങളും ആഘോഷങ്ങളും രോഗവ്യാപനത്തോത് തീർച്ചയായും കൂട്ടിയിട്ടുണ്ടാവും. അതിന്റെ പൂർണ ചിത്രം ഉടനെ ലഭിക്കും. അപ്പോഴറിയാം അറിഞ്ഞുകൊണ്ട് നിയന്ത്രണങ്ങൾ തെറ്റിച്ചതിന് നൽകേണ്ടിവന്ന വില. പക്ഷേ പറഞ്ഞതുകൊണ്ട് ഇനി ഫലമില്ല. എങ്ങനെ കരകയറാമെന്നാണ് ആലോചിക്കേണ്ടത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളാണ് ഇപ്പോൾ രോഗവ്യാപനത്തിൽ മുന്നിൽ. രണ്ടാഴ്ചയായി സ്ഥിതി ഇതുതന്നെയാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്ന പ്രവണതയാണു കാണുന്നത്. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിലുണ്ടാകുന്ന വീഴ്ച തന്നെയാകാം ഇതിനു കാരണം. നേരത്തെ ചെയ്തതുപോലെ കടകളുടെയും വ്യാപാരകേന്ദ്രങ്ങളുടെയും പ്രവർത്തന സമയം കുറച്ചതുകൊണ്ടോ ശനിയും ഞായറും സമ്പൂർണമായി അടച്ചിട്ടതുകൊണ്ടോ തടയാവുന്നതല്ല ഈ മഹാമാരിയെന്നു ഇതിനകം തെളിഞ്ഞുകഴിഞ്ഞു. മാത്രമല്ല ഗുണത്തെക്കളേറെ കൂടുതൽ ദോഷകരമാണെന്നും ബോദ്ധ്യമായിട്ടുണ്ട്. അതിനാൽ ഇത്തരം കടുത്ത നടപടികൾക്കു വിദഗ്ദ്ധന്മാരുടെ നിർദ്ദേശമനുസരിച്ചു മാത്രമേ മുതിരാവൂ. തിരക്കു കുറയ്ക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നുമുള്ള കർക്കശ നിർദ്ദേശം ഓണനാളുകളിൽ ആരും തന്നെ ചെവിക്കൊണ്ടില്ല. ജാഗ്രതക്കുറവിലുണ്ടായ ഗുരുതര വീഴ്ചയുടെ ഫലം അറിയാനിരിക്കുന്നതേയുള്ളൂ. കൊവിഡിനെ ലാഘവത്തോടെ കാണരുതെന്ന് ഇനി എപ്പോഴാണ് ജനങ്ങൾ മനസിലാക്കുന്നത്. കൊവിഡിനൊപ്പം ഇനിയും ഏറെ നാൾ ജീവിക്കേണ്ടിവരുമെന്നു പറയുമ്പോൾ രോഗത്തെ വെല്ലുവിളിക്കണമെന്നല്ല അർത്ഥം. കുറഞ്ഞപക്ഷം വാക്സിൻ എല്ലാവരിലും എത്തുന്നതുവരെയെങ്കിലും പരമാവധി സൂക്ഷിച്ചേ പറ്റൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.