SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.08 PM IST

തിരുവല്ലം ടോൾ പ്ലാസയിൽ പ്രതിഷേധം ശക്തമാകുന്നു

5

 ഉന്നതതല യോഗം വിളിക്കുമെന്ന് വി.ശിവൻകുട്ടി  ഫാസ് ടാഗ് ഉപയോഗിച്ച് ടോൾ പിരിക്കാൻ ശ്രമം

തിരുവനന്തപുരം: റോഡ് നിർമാണം പൂർത്തിയാക്കുന്നതിനു മുമ്പ് കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ ആരംഭിച്ച പിരിവിനെതിരെ സമരം ശക്തമാക്കി രാഷ്‌ട്രീയപ്പാർട്ടികൾ. കനത്ത മഴയെ അവഗണിച്ച് നേതാക്കളും പ്രവർത്തകരും ഇന്നലെയും ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായെത്തി. മന്ത്രി വി. ശിവൻകുട്ടി സന്ദർശിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ടോൾ പ്ലാസ ഉദ്യോഗസ്ഥരോട് പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ മന്ത്രി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയെക്കൂടി ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടോൾ പിരിവിനെതിരെ കോൺഗ്രസ് അനിശ്ചിതകാല സമരം ആരംഭിച്ചു. ഒരു ദിവസം രണ്ട് മണ്ഡലം കമ്മിറ്റികൾക്കാണ് ചുമതല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ശശിതരൂർ എം.പി എന്നിവർ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ടോൾ പ്ലാസയിലെത്തി. അതിനിടെ ഫാസ്റ്ര് ടാഗ് ഉപയോഗിച്ച് പിരിവ് തുടരുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചെങ്കിലും പാർട്ടി പതാകയും കുടയും ഉപയോഗിച്ച് പ്രവർത്തകർ ഫാസ്റ്റ് ടാഗ് സ്‌കാനിംഗ് ഉപകരണവും കാമറയും മറച്ചു. കനത്ത പൊലീസ് കാവലാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവല്ലത്ത് ടോൾ പിരിവ് അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് കേരളകൗമുദിയോട് പറഞ്ഞു. ടോൾ പിരിവിനെതിരെ നാളെ ബി.ജെ.പിയും സമരം നടത്തും. തിങ്കളാഴ്‌ച രാവിലെ വിഴിഞ്ഞത്ത് നിന്ന് ടോൾ പ്ലാസയിലേക്ക് യൂത്ത് കോൺഗ്രസ് ലോംഗ് മാർച്ച് നടത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന മാർച്ചിന്റെ സമാപനസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

പ്രാദേശിക വികാരം

മനസിലാക്കണം: ചെന്നിത്തല

ടോൾ പിരിവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പറഞ്ഞ ഉറപ്പ് കേന്ദ്രസർക്കാർ ലംഘിച്ചെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് ടോൾ ഗേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരശുരാമ ക്ഷേത്രത്തിലേക്ക് ബലിതർപ്പണ ദിവസമെത്തുന്ന ഭക്തരെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണം. ജനങ്ങളുടെ പ്രാദേശിക വികാരം കേന്ദ്രം മനസിലാക്കണം. ടോൾ പിരിവിനെതിരെ കേന്ദ്രത്തിന് കത്തയക്കുന്നതിന് പകരം ശിവൻകുട്ടി മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞാൽ മതിയായിരുന്നു.

ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ പാലമാണ് ഗഡ്കരിയെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം. വിൻസെന്റ് എം.എൽ.എ, കെ.വി. അഭിലാഷ്, എൻ.എസ്. നുസൂർ, ആർ. ശിവകുമാർ, വെങ്ങാനൂർ ശ്രീകുമാർ, അഡ്വ. സുബോധൻ, കോളിയൂർ ദിവാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

തരൂരിന് ഉറപ്പുനൽകി ഗഡ്‌കരി

ടോൾ പിരിവിൽ നിന്ന് തദ്ദേശവാസികളെ ഒഴിവാക്കണം, റോഡുപണി പൂർത്തിയാക്കും മുമ്പ് ടോൾ പിരിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ച് ശശിതരൂർ എം.പി ഇന്നലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഫോണിൽ സംസാരിച്ചു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാമെന്ന് തരൂരിനോട് പറഞ്ഞ ഗഡ്കരി ഉച്ചയ്‌ക്ക് രണ്ടിന് കൂടിക്കാഴ്‌ചയ്ക്കുള്ള സമയവും നൽകി. എന്നാൽ തിരുവനന്തപുരത്താണെന്ന് തരൂർ അറിയിച്ചതോടെ ദേശീയപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷം വിവരം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

മുഖ്യമന്ത്രിക്ക് വിൻസെന്റിന്റെ കത്ത്

ടോൾ പിരിവ് വിഷയം അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം. വിൻസെന്റ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതുവരെ ടോൾ പിരിവ് നിറുത്തിവയ്‌ക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രിയോട് എം.എൽ.എ അഭ്യർത്ഥിച്ചു.

എസ്.എഫ്.ഐ സമരം

എസ്.എഫ്.ഐ കോവളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്ത് ഉദ്ഘാടനം ചെയ്‌തു. ടോൾ പ്ലാസയുടെ ഒരു ഗേറ്റ് മണിക്കൂറുകളോളം പ്രവർത്തകർ ഉപരോധിച്ചു. ജില്ലാ കമ്മിറ്റി അംഗം ദിബിൻ, മനേഷ് എന്നിവർ നേതൃത്വം നൽകി.

പ്രതിഷേധവുമായി പി.ഡി.പി

ടോൾ പിരിവിനെതിരെ പി.ഡി.പിയുടെ തൊഴിലാളി സംഘടനയായ പി.ടി.യു.സി നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ ഉദ്ഘാടനം ചെയ്‌തു. വിഴിഞ്ഞം അബ്‌ദുൾ മജീദ്, മണക്കാട് സഫർ, അഷ്റഫ് കുട്ടമല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

എൻ.സി.പിയുടെ ധർണ

ദേശീയപാത അതോറിട്ടിയുടെ ഓഫീസിന് മുന്നിൽ എൻ.സി.പി ജില്ലാകമ്മിറ്റി ധർണ സംഘടിപ്പിച്ചു. ദേശീയ നിർവാഹകസമിതി അംഗം അഡ്വ. വർക്കല രവികുമാർ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ തിരുപുറം ഗോപൻ, ചിറയിൻകീഴ് ഷാജി, ആറാലുംമൂട് മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.