SignIn
Kerala Kaumudi Online
Friday, 19 April 2024 11.37 AM IST

വിൽക്കാനുണ്ട് വിമാനത്താവളം

airport

കൈയിൽ കുറേ പണമുണ്ടായിരുന്നെങ്കിൽ ഒരു വിമാനത്താവളം വാങ്ങാമായിരുന്നു... ജയൻ സ്റ്റൈലിൽ ഇങ്ങനെയൊരു ഡയലോഗിന് പറ്റിയ അവസരമാണിത്.

കേരളത്തിൽ സർക്കാ‌ർ ഉടമസ്ഥതയിലുള്ള ഏക വിമാനത്താവളമായ കരിപ്പൂർ അടക്കം 25 വിമാനത്താവളങ്ങൾ സ്വകാര്യ സംരംഭകർക്ക് വിൽക്കാനാണ് കേന്ദ്രതീരുമാനം. ഇതിലൂടെ 20,782കോടി സമാഹരിക്കും. എയർപോർട്ട് അതോറിട്ടിയുടെ തിരുവനന്തപുരം വിമാനത്താവളം അമ്പതു വർഷത്തേക്ക് അദാനിക്ക് കൈമാറിക്കഴിഞ്ഞു. ഒക്ടോബർ 18ന് വിമാനത്താവളം അദാനി ഏറ്റെടുക്കുകയാണ്. 2023ൽ കരിപ്പൂർ വിമാനത്താവളം സ്വകാര്യസംരംഭകന് കൈമാറാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിച്ച് ആറുലക്ഷം കോടി സ്വരൂപിക്കാനുള്ള പാക്കേജിന്റെ ഭാഗമായാണ് കരിപ്പൂർ വിമാനത്താവളം വിൽക്കുന്നത്. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ മേഖലയിലാണ്.

തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ പിടിക്കാനിറങ്ങിയ സംസ്ഥാന സർക്കാർ അദാനിയോട് തോറ്റുപോയെങ്കിലും സുപ്രീംകോടതിയിൽ നിയമയുദ്ധം തുടരുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളത്തിൽ അദാനിയെ നിലം തൊടീക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇതൊന്നും വകവയ്ക്കാതെ എയർപോർട്ട് അതോറിട്ടി അദാനിയുമായി പാട്ടക്കരാർ ഒപ്പിടുകയും വിമാനത്താവളം കൈമാറാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. അദാനിക്കെതിരായ ലേലത്തിൽ തൊട്ടതെല്ലാം പിഴച്ചതാണ് സർക്കാരിന്. അദാനി എതിരാളിയായ പാട്ടലേലത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ മകന്റെ ഭാര്യ പാർട്ണറായ നിയമസ്ഥാപനത്തിൽ നിന്ന് തന്നെ നിയമോപദേശം തേടി. ഇവർക്ക് 55.39 ലക്ഷം രൂപ ഫീസും സർക്കാർ നൽകി. ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധിയുടെ പിതാവ് സിറിൾ ഷ്‌‌റോഫിന്റെ മുംബയ് ആസ്ഥാനമായ സിറിൾ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപനത്തിന്റെ സഹായമാണ് സർക്കാ‌ർ തേടിയത്. തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനിഗ്രൂപ്പ് ക്വോട്ട് ചെയ്തപ്പോൾ സർക്കാരിന്റെ ക്വട്ടേഷൻ 135രൂപയായിപ്പോയി.

തിരുവനന്തപുരത്തെ സമാനമായ സാഹചര്യമാണ് കരിപ്പൂരിലുമുണ്ടാവുന്നത്. കരിപ്പൂരും കേന്ദ്രം ലേലത്തിന് വയ്ക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിനും പങ്കെടുക്കാം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറണമെന്ന ആവശ്യമുന്നയിക്കാതെ, കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് സർക്കാരിന് തിരിച്ചടിയായത്. ലേലത്തിലെ വ്യവസ്ഥകളെല്ലാം സംസ്ഥാന സർക്കാർ അംഗീകരിച്ചതാണെന്ന് പിന്നീട് കോടതിയിൽ കേന്ദ്രം വാദിച്ചു. ആദ്യം ലേലത്തിൽ പങ്കെടുക്കാനൊരുങ്ങിയ നെടുമ്പാശേരി വിമാനത്താവള കമ്പനിയെ മാറ്റിനിറുത്തിയതും വിനയായി. ലേലത്തിൽ സിയാൽ തോറ്റിരുന്നെങ്കിലും സർക്കാരിന് അവകാശവാദമുന്നയിക്കാമായിരുന്നു. ലേലത്തുകയും കേരളം നിർദേശിക്കുന്ന തുകയും തമ്മിൽ 10 ശതമാനം വരെ വ്യത്യാസമുണ്ടായാലും, ആദ്യഅവകാശം കേരളത്തിന് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ സംസ്ഥാനം അംഗീകരിച്ചിരുന്നു. പക്ഷേ അദാനിയുടെ ക്വട്ടേഷൻ തുകയുമായുള്ള വ്യത്യാസം 19.3ശതമാനം ആയിപ്പോയി. കരിപ്പൂരിൽ ലേലത്തിന് അവസരം കിട്ടിയാൽ കൂടുതൽ തുക മറ്റാരെങ്കിലും ക്വോട്ട് ചെയ്താലും പരിധിയില്ലാത്ത ആദ്യ അവകാശം വേണമെന്ന് സംസ്ഥാനം നിലപാടെടുക്കുകയും സമ്മതിപ്പിക്കുകയും വേണം.

കൊവിഡിന് മുൻപ് പ്രതിവ‌ർഷം 50 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഏഷ്യാ-പസഫിക് മേഖലയിലെ വിമാനത്താവളങ്ങളിൽ ഒന്നാമതായിരുന്നു തിരുവനന്തപുരം വിമാനത്താവളം. 34 സേവനങ്ങളുടെ മേന്മയിലാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്കാരം തിരുവനന്തപുരത്തിന് ലഭിച്ചത്. കരിപ്പൂർ വിമാനത്താവളമാവട്ടെ ലാഭക്കണക്കിൽ മുന്നിലാണ്. പ്രതിവർഷം കരിപ്പൂരിന്റെ പ്രവർത്തന ലാഭം 120കോടി വരെയെത്താറുണ്ട്. റൺവേയുടെ പ്രശ്നം കാരണം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അനുമതിയില്ല. എന്നിട്ടും സംസ്ഥാനത്ത് ഏറ്റവും പ്രവാസികളെത്തുന്നത് കരിപ്പൂരിലാണ്. 4.60ലക്ഷം പ്രവാസികളാണ് കഴിഞ്ഞവർഷമെത്തിയത്. കരിപ്പൂരിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിൽ അടക്കം നിരവധി നടപടികൾക്ക് സംസ്ഥാനത്തിന്റെ പിന്തുണ ആവശ്യമാണ്. തിരുവനന്തപുരത്ത് അദാനിയുമായി എയർപോർട്ട് അതോറിട്ടി പാട്ടക്കരാറൊപ്പിട്ടെങ്കിലും സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് ഈ കരാർ. വിമാനത്താവളത്തിനുള്ളിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലൂടെയാണ് മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നത്. കാർഗോ കോംപ്ലക്സ് നടത്തിപ്പ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. 55,000ചതുരശ്രയടി വിസ്തൃതിയിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ സർക്കാർ 18.30ഏക്കർ ഭൂമിയേറ്റെടുത്ത് അദാനിക്ക് കൈമാറണം. ഇതിനായി വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു. വിമാനത്താവള നടത്തിപ്പ് അദാനിക്കാണെങ്കിൽ ഭൂമി ഏറ്റെടുക്കില്ലെന്നാണ് സർക്കാർ നിലപാട്. തുടർനടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തു.

കരിപ്പൂർ വിമാനത്താവളം ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ മതിയായ ഗൃഹപാഠം ചെയ്യണം. ലേലത്തിൽ പങ്കെടുത്ത് തോറ്റ ശേഷം കേസു കൊടുത്താൽ വിമാനത്താവള നടത്തിപ്പ് തിരികെ കിട്ടില്ലെന്നാണ് തിരുവനന്തപുരം വിമാനത്താവളം നൽകുന്ന പാഠം. തിരുവനന്തപുരത്തെ ലേലനടപടികൾ സംസ്ഥാനസർക്കാർ അംഗീകരിച്ചതാണെന്ന് കോടതിയിൽ കേന്ദ്രം നിലപാടെടുത്തതാണ് തിരിച്ചടിയായത്. എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് പങ്കെടുത്ത ലേലത്തിൽ രണ്ടാമതായിപ്പോയപ്പോഴാണ് സർക്കാർ എതിർപ്പുന്നയിക്കുന്നതെന്നും കേന്ദ്രം വാദിച്ചു. അതിനാൽ സർക്കാർ നേരിട്ട് ലേലത്തിനിറങ്ങാതെ, നെടുമ്പാശേരി വിമാനത്താവള കമ്പനിയെയോ മറ്റേതെങ്കിലും കമ്പനികളെയോ നിയോഗിക്കുകയാണ് വേണ്ടത്. അതിനൊപ്പം ആദ്യ അവകാശം സ‌ർക്കാരിന് വേണമെന്നും നിലപാടെടുക്കണം. അങ്ങനെയായാൽ ലേലത്തിൽ പങ്കെടുത്ത് കമ്പനി പരാജയപ്പെട്ടാലും സർക്കാരിന്റെ അവകാശവാദം നിലനിൽക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ച സ്വകാര്യവത്‌കരണ നടപടികളിൽ വിമാനത്താവളങ്ങളുടെ കൈമാറ്റവുമുണ്ടെന്ന നിലപാട് തിരുവനന്തപുരം വിമാനത്താവള കേസിൽ കേന്ദ്രത്തിന് മേൽക്കൈ നൽകി.

ഗുണമോ ദോഷമോ

അദാനി വരുന്നതോടെ ലോകോത്തര സൗകര്യങ്ങളോടെ തിരുവനന്തപുരം വിമാനത്താവളം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ യാത്രക്കാരനും 168രൂപ വീതം അദാനിഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകേണ്ടതുണ്ട്. പാട്ടത്തുക പ്രതിവർഷം 75കോടി. വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. അതിനാൽ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിച്ച്, സർവീസുകൾ വർദ്ധിപ്പിച്ച് യാത്രക്കാരുടെ എണ്ണംകൂട്ടിയാലേ പറ്റൂ. കൂടുതൽ വിമാനക്കമ്പനികൾ വരുന്നതോടെ, ടിക്കറ്ര് നിരക്ക് കുറയാനിടയുണ്ട്. വിമാനത്താവള നടത്തിപ്പിന് പരിചയസമ്പന്നരായ വിദേശകമ്പനിക്ക് ഉപകരാർ നൽകുകയാണ് അദാനി ചെയ്യുന്നത്. 240നഗരങ്ങളിലേക്ക് സർവീസുള്ള,​ യൂറോപ്പിലെ പഞ്ചനക്ഷത്ര വിമാനത്താവളമായ ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയെയാണ് നടത്തിപ്പുകാരായി പരിഗണിക്കുന്നത്. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കടക്കം തിരുവനന്തപുരത്തുനിന്ന് സർവീസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. അദാനിയുടെ നിയന്ത്രണത്തിലുള്ള മംഗളുരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ, ഗുവാഹത്തി, വാരണാസി, അമൃത്സർ, ഭുവനേശ്വർ, ഇൻഡോർ, ട്രിച്ചി വിമാനത്താവളങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസുകളുണ്ടാവും. മറ്റ് വിമാനത്താവളങ്ങളുടെ നടത്തിപ്പുള്ള കമ്പനി കരിപ്പൂർ ലേലത്തിനെടുത്താൽ അവിടെ മുരടിപ്പിലായ വികസനത്തിന് പുത്തൻ ഉണർവുണ്ടാവുമെന്ന് ഒരു വാദമുണ്ട്. കൂടുതൽ നഗരങ്ങളിലേക്ക് കണക്ടിവിറ്റിയും ലോകോത്തര സൗകര്യങ്ങളുമുണ്ടായേക്കാം. സർവീസുകൾ കൂടുമ്പോൾ ടിക്കറ്റ് നിരക്കും കുറയും.

അതേസമയം, ആസ്തികൾക്ക് മതിപ്പുവില നിശ്ചയിക്കാതെ വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും ആക്ഷേപമുയരുന്നുണ്ട്. മിനിമം പാട്ടത്തുകപോലും നിശ്ചയിക്കാതെയാണ് മിക്ക വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറിയതെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്. സ്വകാര്യവത്കരിക്കപ്പെട്ടാൽ കരിപ്പൂരിലെ എയർപോർട്ട് അതോറിട്ടി ജീവനക്കാർക്കാണ് ഏറെ ദുരിതം. തിരുവനന്തപുരത്ത് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരം ഡിജിഎം റാങ്കിന് താഴെയുള്ല എയർപോർട്ട് അതോറിട്ടി ജീവനക്കാർക്ക് പരമാവധി മൂന്നുവർഷം വിമാനത്താവളത്തിൽ തുടരാം. ഈ കാലയളവിലെ ശമ്പളം അദാനി ഗ്രൂപ്പ് നൽകണം. അതിനു ശേഷം ജീവനക്കാർക്ക് അദാനിഗ്രൂപ്പിൽ ചേരാം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിപ്പോകണം. 1200 ജീവനക്കാരാണ് തിരുവനന്തപുരത്തുള്ളത്. കരിപ്പൂരിലും സമാനസ്ഥിതിയുണ്ടാവാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.