# നിർമ്മാണം ഉടൻ ആരംഭിക്കും
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ അഞ്ചുകോടി രൂപ ചെലവിൽ ഹൗസിംഗ് ബോർഡ് ആശ്വാസ കേന്ദ്രം നിർമ്മിക്കുമെന്ന് എച്ച്. സലാം എം.എൽ.എ. ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി അങ്കണത്തിൽ മൂന്ന് നിലകളിലായി 15,000 ചതുരശ്രയടിയിലാണ് ആശ്വാസകേന്ദ്രം നിർമ്മിക്കുക. 50 സെന്റ് സ്ഥലമാണ് ഇതിനായി ലഭ്യമാക്കിയത്. പത്തുമാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. താഴത്തെ നിലയിൽ 10 മുറികളും ഓരോ മുറിക്കും ടോയ്ലെറ്റുകളുമുണ്ടാകും. ഇതോടൊപ്പം 24 കിടക്കകളുള്ള ഡോർമെറ്ററികളും നിർമ്മിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. ഹൗസിംഗ് ബോർഡ് എക്സി. എൻജിനിയർ ജെ. റെക്സ് പദ്ധതി വിശദീകരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ആർ എം.ഒ ഡോ. നോനാം ചെല്ലപ്പൻ, ഹൗസിംഗ് ബോർഡ് അസി. എക്സി. എൻജിനിയർ സജീവൻ, അസി. എൻനിയർ ഹാഷിം എന്നിവർ പങ്കെടുത്തു.
പ്രവർത്തനം
1. കൂട്ടിരിപ്പുകാരിൽ നിന്ന് മിതമായ നിരക്കിൽ വാടക ഈടാക്കും
2. വാഹന പാർക്കിംഗ് സൗകര്യം
3. നിർമ്മാണം ഹൗസിംഗ് ബോർഡിന്റെ പ്ലാൻ ഫണ്ടിൽ നിന്ന്
ചെലവ്: 5 കോടി
നിർമ്മാണം ആരംഭിക്കുക: സെപ്തംബർ 3ന്
നിലകൾ: 03
വിസ്തീർണം: 5,000 ചതുരശ്രയടി
ഡോർമെറ്ററികൾ: 72
ടോയ്ലെറ്റുകൾ: 34
ഒന്നും രണ്ടും നിലകളിൽ: 12 മുറികൾ വീതം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |