തിരുവനന്തപുരം: അമേരിക്കയിൽ അതിവേഗം വളരുന്ന ഐ.ടി കമ്പനികളുടെ പട്ടികയിൽ മലയാളിയായ ബിനുജേക്കബ് നടത്തുന്ന എക്സ്പീരിയോൺ ടെക്നോളജീസ് ഇന്ത്യ കമ്പനിയിലൂടെ തിരുവനന്തപുരം ടെക്നോപാർക്കും ഇടം നേടി. അമേരിക്കയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇൻക് മാഗസീനാണ് അതിവേഗം കുതിക്കുന്ന ഐ.ടി കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടത്.
കൊവിഡ് മഹാമാരിക്കാലത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വർദ്ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചതാണ് ഈമുന്നേറ്റത്തിനിടയാക്കിയതെന്ന് എക്സ്പീരിയോൺ ടെക്നോളജീസ് ഇന്ത്യയുടെ സി.ഇ.ഒയും എം.ഡിയുമായ ബിനു ജേക്കബ് പറഞ്ഞു. അമേരിക്കൻ ബിസിനസിൽ 200ശതമാനം വളർച്ചയാണ് നേടിയത്. യു.എസിലെ ടെക്സാസ് മേഖലയിൽ ഏറ്റവും വേഗം വളരുന്ന 100 കമ്പനികളിൽ ഒന്നാകാനും കമ്പനിക്കു കഴിഞ്ഞു.
ഈ വളർച്ചയുടെ ചുവട് പിടിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ബംഗളൂരുവിലുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. ഈ വർഷം മാത്രം 400ലേറെ എൻജിനിയർമാർക്ക് ജോലി നൽകും. അടുത്ത സാമ്പത്തിക വർഷം കോളേജ് കാമ്പസുകളിൽ നിന്ന് 250 എൻജിനിയർമാരെ റിക്രൂട്ട് ചെയ്യുമെന്നും ബിനുജേക്കബ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |