SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 PM IST

കിടിലൻ വ്യാപാര കേന്ദ്രങ്ങൾ, 'ലുക്കി 'ല്ലെന്ന കുറവ് മാത്രം !

payikkdfa
പായിക്കട റോഡ്

കൊല്ലത്തെ കച്ചവട കേന്ദ്രങ്ങൾ സുന്ദരമാക്കണമെന്ന് അഭിപ്രായം

കൊല്ലം: കൊല്ലത്തെ വ്യാപാര കേന്ദ്രങ്ങൾക്ക് ആധുനിക നഗരസൗന്ദര്യ സങ്കല്പങ്ങളുമായി ചേർന്നുനിൽക്കാൻ മടിയാണെന്ന് പറയുന്നതിനേക്കാൾ ശരി, ഇങ്ങനെയൊരു ചിന്ത അധികൃതരുടെ മനസിലെങ്ങും ഇല്ലെന്ന് പറയുന്നതാവും! വ്യാപാരി സമൂഹം തന്നെയാണ് ഈ അഭിപ്രായക്കാർ. മെയിൻ റോഡ്, പായിക്കട റോഡ്, വടയാറ്റുകോട്ട റോഡ്, ചിന്നക്കട തുടങ്ങി പേരും പ്രശസ്തിയുമുള്ള നിരവധി വ്യാപാര കേന്ദ്രങ്ങൾ നഗരത്തിലുണ്ട്. പക്ഷേ, പുതുതലമുറ പ്രതീക്ഷിക്കുന്ന 'ലുക്ക്' ഇവയ്ക്കില്ലെന്നാണ് വിലയിരുത്തൽ.

നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് ആയിരങ്ങളാണ് പ്രതിദിനം എത്തുന്നത്. കൊവിഡ് കാലത്ത് മാത്രം അല്പം ഇടിവുണ്ടായതൊഴിച്ചാൽ തിരക്കിന്റെ കാര്യത്തിൽ കൊച്ചിയെയും കൊല്ലത്തെയും വേർതിരിച്ചു കാണാനാവില്ല. വാഹനപ്പെരുപ്പത്തിന്റെ കാര്യത്തിലും സമാന സാഹചര്യം. ഗതാഗതക്കുരുക്കും പതിവുകാഴ്ച. പാർക്കിംഗിന് ശാസ്ത്രീയ സംവിധാനങ്ങളില്ല.

നഗരനിരത്തുകളും വ്യാപാര കേന്ദ്രങ്ങളും ശാസ്ത്രീയമായി മനോഹരമാക്കിയാൽ ആകർഷണീയത വർദ്ധിക്കുമെന്ന വാസ്തവം ബോദ്ധ്യപ്പെടാൻ വലിയ വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. പദ്ധതിയിൽ പങ്കാളികളാകാൻ സ്വകാര്യ സംരംഭകരും മുന്നോട്ടു വരുമെന്നതിൽ സംശയം വേണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

മാതൃകയാണ് മിഠായിത്തെരുവ്

500 വർഷം പഴക്കമുണ്ട് കോഴിക്കോട്ടെ മിഠായിത്തെരുവിന്. ടൂറിസം വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ 6.26 കോടി ചെലവിട്ട് സകല പ്രൗഢിയും നിലനിറുത്തി പൈതൃകത്തെരുവാക്കി. തെരുവിലെ 400 മീറ്ററിലായിരുന്നു നവീകരണം.

റോഡിന്റെ ഇരുവശങ്ങളിലും 45 സെന്റിമീറ്റർ വീതിയുള്ള ഓവുചാലുകളുണ്ടാക്കി. കെ.എസ്.ഇ.ബി ലൈൻ, വാട്ടർ അതോറിട്ടി പൈപ്പ്, ടെലിഫോൺ കേബിൾ എന്നിവയ്ക്ക്ള് പ്രത്യേക ചാലുകളുമുണ്ടാക്കി. പാത മുഴുവൻ കേബിൾ സ്റ്റോണുകൾ പാകി മനോഹരമാക്കി. അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. നടപ്പാതകളിൽ റഫ് ഗ്രാനൈറ്റ് പതിച്ചു. ഭരണകൂടവും ജനങ്ങളും ഒരുമിച്ചുനിന്നാൽ വികസനമെത്തുമെന്നതിന്റെ കോഴിക്കോടൻ മാതൃകയാണ് മിഠായിത്തെരുവ്.

കൊല്ലത്തുമാകാം മിഠായി മധുരം

 നടപ്പാതകളും റോഡും സൗന്ദര്യവത്കരിക്കണം

 സ്ട്രീറ്റുകളിൽ ഇരുവശത്തും ടൈൽ പാകി മനോഹരമാക്കണം

 പാതയുടെ ഇരുവശത്തും പൂച്ചെടികളും വഴിവിളക്കുകളും സ്ഥാപിക്കാം

 റോഡിന് ഇരുവശത്തുമുള്ള പാർക്കിംഗ് ഒഴിവാക്കണം

 അനുയോജ്യമായ സ്ഥലങ്ങളിൽ മൾട്ടിലെവൽ കാർ പാർക്കിംഗ്

ഭൂമിക്കടിയിലും സ്ഥലമുണ്ട് !

വൈദ്യുതി ലൈനുകളും ഇന്റർനെറ്റ് കേബിളുകളും ഭൂമിക്കടിയിൽ കൂടി സ്ഥാപിക്കുകയെന്നത് സൗന്ദര്യവത്കരണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. മിക്ക പ്രധാന ജംഗ്ഷനുകളിലും കാണും കൂട്ടംകൂടി നിൽക്കുന്ന കുറേ വൈദ്യുതി പോസ്റ്റുകളും തലങ്ങും വിലങ്ങും ആയിരക്കണക്കിന് കമ്പികളും വയറുകളും. സൗന്ദര്യം നഷ്ടമാക്കുന്നതിൽ പ്രധാന പങ്കുകളിലൊന്ന് ഇവയ്ക്കുമുണ്ട്. സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുമ്പോൾ അവയുടെ ദീർഘകാല പരിചരണം കൂടി അധികൃതരുടെ മനസിലുണ്ടാവണമെന്നാണ് ആവശ്യം.

വലിയ നഗരങ്ങളിലെ പോലെ മനോഹരമായ ബിസിനസ് സ്ട്രീറ്റുകൾ കൊല്ലം നഗരത്തിലും ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. സാധനങ്ങൾ വാങ്ങാനും കാഴ്ചകൾ കാണാനുമായി ആളുകൾ വരുന്ന രീതിയിൽ നവീകരിച്ചാൽ കൊല്ലം നഗരത്തിന്റെ മുഖച്ഛായതന്നെ മാറും

അബു താഹിർ, കൊല്ലം മെട്രാപൊളിറ്റൻ റീജിയണൽ ഫോറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM CITY, MERCHANTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.