26 വർഷത്തിന് ശേഷം തമിഴ് സൂപ്പർതാരം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ബാബു ആന്റണി. അനിൽ ബാബു സംവിധാനം ചെയ്ത 1995ൽ പുറത്തിറങ്ങിയ സ്ട്രീറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി ഇപ്പോൾ അഭിനയിക്കുന്നത്.
''വിക്രമിനൊപ്പം അഭിനയിക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ ഇതിനു മുൻപ് ഒരുമിച്ചഭിനയിച്ചത്. ലൊക്കേഷനിൽ നിന്ന് ഫോട്ടോകൾ എടുക്കാൻ സാധിച്ചിരുന്നില്ല. ഒരുമിച്ച് ഒരു ചിത്രം എടക്കേണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓർമ്മകൾ ഞങ്ങൾ പങ്കുവച്ചു. എന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ.'' ബാബു ആന്റണിയുടെ വാക്കുകൾ.
പൊന്നിയിൽ സെൽവനിൽ വിക്രത്തിനു പുറമേ ഐശ്വര്യ റായ്, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |