SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

ചില ആവിഷ്‌കാര സ്വാതന്ത്ര്യ ചിന്തകൾ

jj

നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥൻ, ഇൗശോ എന്നീ സിനിമകളാണ് സംസ്ഥാനത്ത് സാമുദായിക സൗഹാർദ്ദത്തിന് ഏറ്റവും ഒടുവിൽ പോറൽ ഏല്‌പിച്ചിട്ടുള്ളത്. സാധാരണഗതിയിൽ അതത്ര ചർച്ചാ വിഷയമാകേണ്ടതല്ല. സമീപകാലത്തു തന്നെ ഇൗ.മ.യൗ, റോമൻസ് എന്നൊക്കെയുള്ള പേരുകളിൽ സിനിമകൾ വന്നിരുന്നു. അപ്പോഴൊന്നും ഇതുപോലെയുള്ള വികാരപ്രകടനം ഉണ്ടായില്ല. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും സംഘടനകളും അവയെ അവഗണിച്ചു. എന്നാൽ ഇൗശോ സിനിമയെച്ചൊല്ലി വിവാദമുണ്ടാകാനുള്ള യഥാർത്ഥ കാരണം അതിന്റെ സംവിധായകൻ നാദിർഷ എന്ന മുസ്ളിം മതവിശ്വാസിയാണ്. മാത്രവുമല്ല, ഇൗ സിനിമയുടെ ടൈറ്റിലിനോടൊപ്പം നോട്ട് ഫ്രം ദി ബൈബിൾ എന്നൊരു അടിക്കുറിപ്പു കൂടി ഉണ്ടായിരുന്നു. സ്വാഭാവികമായും അതു വൈദികരെയും വിശ്വാസികളെയും വേദനിപ്പിച്ചു. ഇൗശോ എന്ന പേരിൽ ഒരു സിനിമയെടുക്കുന്നത് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ വേണ്ടിയാണെന്ന് അവർ ആരോപിച്ചു. സംഗതി വിവാദമായതോടെ ടാഗ് ലൈൻ മാറ്റാൻ സംവിധായകൻ തയ്യാറായി. എന്നാൽ ഇൗശോ എന്ന ടൈറ്റിൽ മാറ്റാൻ കൂട്ടാക്കിയില്ല.

ബൈബിളുമായോ ക്രൈസ്തവർ ആരാധിക്കുന്ന കർത്താവ് ഇൗശോ മിശിഹയുമായോ തന്റെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതു ക്രൈസ്തവ വിശ്വാസത്തെ ഒരു തരത്തിലും ഹനിക്കുന്നതല്ലെന്നും നാദിർഷ നെഞ്ചിൽ കൈവെച്ചു പറഞ്ഞു. എന്നാൽ അതംഗീകരിക്കാൻ കത്തോലിക്ക വൈദികരും ചില വിശ്വാസി കൂട്ടായ്മകളും കൂട്ടാക്കിയില്ല. അതേസമയം ഇടതുപക്ഷ പുരോഗമന നവോത്ഥാന സംഘടനകളും സാംസ്കാരിക നായകരും ഏറെക്കുറേ ഒറ്റക്കെട്ടായി നാദിർഷയെ പിന്തുണച്ചു. സിനിമ സംവിധായകന്റെ കലയാണെന്നും ഇൗ രാജ്യത്ത് ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് എന്തു പേരിടണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണ്. അല്ലാതെ വൈദികരും മേൽപ്പട്ടക്കാരുമല്ലെന്ന് വാദിച്ചു. വളരെ വേഗം അതൊരു വിവാദമായി ആളിപ്പടർന്നു. പത്രങ്ങളിൽ വാർത്ത വന്നു. ടെലിവിഷൻ ചാനലുകൾ വൈകുന്നേരം എട്ടുമണിക്കും എട്ടരയ്ക്കും ഇൗ വിഷയത്തെക്കുറിച്ചു ചർച്ച സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിലായിരുന്നു ഏറ്റവും രൂക്ഷമായ വിഴുപ്പലക്കൽ. ഒരു വിഭാഗം ക്രൈസ്തവ വൈദികർ തന്നെ ഇൗശോ എന്ന പേരിൽ അസ്വാഭാവികമായോ അവഹേളനപരമായോ ഒന്നുമില്ലെന്ന് വാദിച്ചു. കേവലം ഒരു സിനിമയുടെ പേരുകൊണ്ട് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മഹത്വത്തെ കളങ്കപ്പെടുത്താൻ കഴിയില്ലെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ നേരത്തെ സൂചിപ്പിച്ച കത്തോലിക്ക മതതീവ്രവാദികൾക്ക് ഇൗ ന്യായം തീരെയും ബോദ്ധ്യപ്പെട്ടില്ല. ഒരു ടി.വി ചർച്ചയിൽ സിനിമയുടെ ടൈറ്റിലിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഒാർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനും പള്ളി അൾത്താരയിൽ നിന്ന് പ്രസംഗിച്ച എറണാകുളം - അങ്കമാലി രൂപതയിലെ വൈദികനായ ജയിംസ് പനവേലിക്കുമെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം നടന്നു. ഇൗശോയെന്ന് സിനിമയ്ക്കു പേരിടുന്നത് ആവിഷ്കാര ദു:സ്വാതന്ത്ര്യമാണെന്നും നാദിർഷയ്ക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും സംവിധായകർക്ക് മുഹമ്മദ്, നോട്ട് ഫ്രം ഖുർ ആൻ എന്ന പേരിൽ ഒരു സിനിമയെടുക്കാൻ ധൈര്യമുണ്ടോയെന്നും അവർ ചോദിച്ചു.

സത്യത്തിൽ ഇൗശോ, കേശു എന്നീ ടൈറ്റിലുകൾക്കെതിരെ നടക്കുന്ന കുരിശുയുദ്ധം കേവലം വിശ്വാസികളുടെ ആശങ്കയെ മാത്രം ആസ്പദമാക്കിയുള്ള ഒന്നല്ല. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാനും ക്രിസ്ത്യാനികളെ മൊത്തത്തിൽ താഴ്‌ത്തിക്കെട്ടാനും ചില മുസ്ളിം മതമൗലിക വാദികളും തീവ്രവാദികളും ശ്രമിക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറേ കാലമായി അന്തരീക്ഷത്തിലുണ്ട്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം കത്തോലിക്ക സഭയുടെ നിലപാടിൽ വന്നിട്ടുള്ള മാറ്റവും പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തോട് അവർ സ്വീകരിച്ച സമീപനവും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. ഇൗസ്റ്റർ ദിനത്തിൽ കൊളംബോയിലെ പള്ളികളിൽ നടന്ന തീവ്രവാദി ആക്രമണം, സമീപ കാലത്ത് ഇസ്രായേലും പലസ്തീനും തമ്മിൽ നടന്ന ഏറ്റുമുട്ടൽ, ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന താലിബാൻ അധിനിവേശം എന്നിങ്ങനെ ആഗോളതലത്തിൽ തന്നെ ക്രൈസ്തവരുടെ ആകുലതകൾ നിരവധിയാണ്. കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് യു.ഡി.എഫിൽ ക്രൈസ്തവ സഭകൾക്ക് പൊതുവിലും കത്തോലിക്ക സഭയ്ക്ക് പ്രത്യേകിച്ചും ഉണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുകയാണെന്ന യാഥാർത്ഥ്യവും അവർ തിരിച്ചറിയുന്നുണ്ട്. സവർണ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്തുശതമാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചതും കേരള സർക്കാർ നടപ്പാക്കുന്നതുമായ സംവരണത്തെ മുസ്ളിം ലീഗ് എതിർക്കുന്നതും ഹാഗിയ സോഫിയ വിഷയത്തിൽ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനവും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സംബന്ധിച്ച് നിലനിന്ന 80: 20 അനുപാതവും ഇൗ ആശങ്കകൾക്ക് ആഴം കൂട്ടി. ജോസ്.കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് പോയതും ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനുശേഷം ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് വൈദികർ ശഠിച്ചതും ഇതേ കാരണം കൊണ്ടാണ്.

ഇങ്ങനെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ പരസ്പര അവിശ്വാസവും സ്പർദ്ധയും നീറിപ്പുകഞ്ഞു നിൽക്കുന്ന സമയത്താണ് കേശു ഇൗ വീടിന്റെ നാഥൻ, ഇൗശോ എന്നീ സിനിമാ ടൈറ്റിലുകൾ കത്തോലിക്കാ സഭയെയും വിശ്വാസികളെയും ഇൗറ പിടിപ്പിച്ചത്. ക്രൈസ്തവ മതമൗലികവാദികൾ എന്നു പറയാവുന്ന കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) എന്ന സംഘടന ഇൗ വിവാദത്തിൽ നിർണായക പങ്കു വഹിച്ചു. അവർ ഇൗ ടൈറ്റിലിനെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി ബോധിപ്പിച്ചു. എന്നാൽ കോടതിയുടെ പ്രതികരണം ഒട്ടും ആശാവഹമായിരുന്നില്ല. ഹർജി അന്നേക്കന്നു തള്ളി വിധിയായി. അതോടെ ക്രൈസ്തവ മൗലികവാദികൾ മറ്റു മാർഗങ്ങൾ അന്വേഷിച്ചു. അങ്ങനെയാണ് മുഹമ്മദ് ദി പോക്സോ ക്രിമിനൽ എന്ന പേരിൽ ഒരു സിനിമ അനൗൺസ് ചെയ്യുന്നത്. അസമിലെ ഡിബ്രുഗഡ് ജില്ലയിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ബംഗ്ളാദേശിൽ നിന്നുള്ള 65 വയസുള്ള കുടിയേറ്റക്കാരൻ കേവലം ആറു വയസുള്ള ഒരു പെൺകുട്ടിയെ പൈശാചികമായി ബലാത്സംഗം ചെയ്ത സംഭവമാണ് ഇതിവൃത്തമെന്ന് അവർ അവകാശപ്പെടുന്നു. സിനിമയുടെ ടൈറ്റിൽ മാത്രമല്ല, ഇതിവൃത്തവും ദു:സൂചന നിറഞ്ഞതാണ്. (സമുദായ സ്പർദ്ധ അധികരിപ്പിക്കാൻ താത്പര്യമില്ലാത്തതുകൊണ്ട് ആ ഭാഗം ഇവിടെ വിസ്തരിക്കുന്നില്ല).

ഇൗശോ സിനിമയുടെ ടൈറ്റിൽ രജിസ്റ്റർ ചെയ്തു കൊടുക്കാൻ ഫിലിം ചേംബർ വിസമ്മതിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വേണമെങ്കിൽ ഇരുകക്ഷികൾക്കും വിവാദം ഇവിടെ അവസാനിപ്പിക്കാം. മുഹമ്മദ് എന്ന സിനിമ കാസയ്ക്ക് ഉപേക്ഷിക്കാം. പക്ഷേ, പ്രധാന വിഷയം ആവിഷ്കാര സ്വാതന്ത്ര്യമോ കേവലം രണ്ടോ മൂന്നോ സിനിമകളുടെ ടൈറ്റിലോ അല്ല. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ ഉണ്ടായിട്ടുള്ള അവിശ്വാസവും സ്പർദ്ധയുമാണ്. സുഗതകുമാരി ടീച്ചർ പണ്ടൊരു കവിതയിൽ ചോദിച്ചപ്പോലെ : ആരോ പറഞ്ഞു മുറിച്ചുമാറ്റാം കേടുബാധിച്ചൊരവയവം, പക്ഷേ കൊടുംകേടു ബാധിച്ച പാവം മനസോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.