SignIn
Kerala Kaumudi Online
Thursday, 25 April 2024 9.46 PM IST

ഭഗീരഥനെ തോല്പിച്ച ഗാന്ധിമാർ!

dronar

ഭഗീരഥൻ വന്ന് കുമ്പക്കുടി ഗാന്ധി സുധാകർജിയുടെയും വടശ്ശേരി ഗാന്ധി സതീശൻജിയുടെയും കാൽക്കൽ സാഷ്ടാംഗം നമസ്കരിച്ചുവെന്നാണ് തിരുവനന്തപുരത്തെ വെള്ളയമ്പലം - ശാസ്തമംഗലം റോഡ് വഴി ഈയിടെയായി യാത്ര ചെയ്തവരെല്ലാം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത്. എന്നെ നാണം കെടുത്തല്ലേ ജീ എന്ന് ആ വീഴ്ചയ്ക്കിടെ ഭഗീരഥൻ രണ്ട് ജീമാരോടും കേണപേക്ഷിക്കുന്നത് കണ്ടവരുണ്ട്. ആ കാഴ്ച കണ്ടിട്ട് പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഭഗീരഥൻ അതുവഴി വന്നുവെന്ന് കേട്ടപ്പോൾ ചിലർ ധരിച്ചത് മീശമാധവൻ സിനിമയിലെ 'പുരുഷുവിന് യുദ്ധമൊന്നുമില്ലേ' എന്ന് 'പ്രത്യേക ആക്‌ഷനി'ൽ (പിണറായി സഖാവിനോട് കടപ്പാട് ) ചോദിച്ച ഭഗീരഥൻ പിള്ളയായിരിക്കും അതെന്നാണ്. പക്ഷേ, നേരിൽച്ചെന്ന് കണ്ടപ്പോൾ സ്വന്തം കണ്ണിലും ചെവിയിലും തൊട്ടിട്ട്, അത് തങ്ങളുടേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് പലരും ചെയ്തതത്രെ. കാരണം സാക്ഷാൽ ഭഗീരഥൻ തന്നെയാണ് അവിടെച്ചെന്ന് കുമ്പക്കുടി-വടശ്ശേര ജീമാരുടെ കാൽക്കൽ വീണ് സുല്ലിട്ടിരിക്കുന്നത്!

എന്താണ് സംഗതിയെന്ന് ചിലരെല്ലാം ഭഗീരഥനോട് തിരക്കി നോക്കി. ഭഗീരഥന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. 'ഭഗീരഥപ്രയത്നം' ഒക്കെ കാലഹരണപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം കരച്ചിലടക്കാൻ പാടുപെട്ട് കൊണ്ട് ഒരുവിധം പറഞ്ഞൊപ്പിച്ചു. ചിലർക്കൊക്കെ മനസിലായി, ചിലർക്കൊന്നും മനസിലായില്ല. സംഗതി അത്രയ്ക്കിത്രയ്ക്കേ ഉണ്ടായിരുന്നുള്ളൂ എന്ന് പിന്നീട്, ഇന്ദിരാഭവനിലെ പങ്കയുടെ കാറ്റ് തട്ടി ആത്മസുഖം നേരിടാനെത്തുന്ന ഖദറിട്ട ചില്ലറ ഗാന്ധിമാരോട് സംസാരിച്ചപ്പോഴാണ് പലർക്കും പിടികിട്ടിയത് !

അതായത്, ഭഗീരഥൻ ആകാശഗംഗയെ ഭൂമിയിലേക്കും പാതാളത്തിലേക്കുമെത്തിക്കാൻ നടത്തിയ പ്രയത്നം ചില്ലറയായിരുന്നില്ലല്ലോ. അദ്ദേഹം ഗംഗയെ ഒന്നൊഴുക്കിവിടാനായി നടത്തിയ തപസുകൾക്ക് കണക്കില്ല. ആദ്യം ഗംഗാദേവിയെ തന്നെ തപസ് ചെയ്തു. ശിവൻ വിചാരിച്ചാലേ തന്റെ വരവ് നടക്കൂവെന്ന് പറഞ്ഞ് അവർ കേസൊഴിഞ്ഞപ്പോൾ ഭഗീരഥൻ ശിവനെ തപസ് ചെയ്തു. പഹയന്റെ തപസ് സഹിക്കാതെ ശിവൻ ഗംഗയെ ഇറക്കാൻ സമ്മതിച്ചു. ഗംഗ കിട്ടിയ അവസരം പാഴാക്കിയില്ല. സർവശക്തിയുമെടുത്തൊഴുകിയപ്പോൾ ശിവന് അതിഷ്ടപ്പെട്ടില്ല. ശിവൻഗംഗയെ തലയ്ക്കകത്ത് ബന്ധിച്ചു. ഭഗീരഥൻ വിടുമോ. ഗംഗയെ മോചിപ്പിക്കാനായി ശിവനെ തപസ് ചെയ്തു. അതൊരുമാതിരി കർഷകർ ന.മോ.ജി സർക്കാരിനെതിരെ സമരം ചെയ്യുന്നത് പോലെയാണെങ്കിലും ശിവൻ ആൾ ന.മോ.ജി മോഡൽ അല്ലാതിരുന്നതിനാൽ തന്നെ ഭഗീരഥന്റെ മുന്നിൽ വീണുപോയി. ശിവൻ കനിഞ്ഞു. ഗംഗയെ വിട്ടു. ഗംഗ ശക്തിയോടെ വീണ്ടും ഹിമാലയം വഴി ഒഴുകി. അവിടെ തപസിരുന്ന ജഹ്നു മഹർഷിയുടെ ആശ്രമം മുങ്ങി. മഹർഷിക്ക് ദേഷ്യം വന്നു. ഗംഗയെ അദ്ദേഹം കമണ്ഡലു വഴി ആവാഹിച്ചെടുത്തതോടെ ഗംഗയ്ക്കായി വീണ്ടും ഭഗീരഥൻ തപസ് തുടങ്ങി. മഹർഷി ഏതാണ്ട് ന.മോ.ജി ടൈപ്പായിരുന്നതിനാൽ ആദ്യമൊക്കെ ഭഗീരഥനെ മൈൻഡ് ചെയ്തതേയില്ല. മറ്റ് മഹർഷിമാരൊക്കെ ശുപാർശ ചെയ്തപ്പോൾ ജഹ്നുവിന് വീണ്ടുവിചാരമുണ്ടായി ഗംഗയെ വിട്ടു എന്നാണ് കഥ. അദ്ദേഹത്തിന്റെ ചെവിയിലൂടെയാണത്രെ വിട്ടത്.

അങ്ങനെ ഭഗീരഥപ്രയത്നത്തിലൂടെ ഗംഗയെ ഒരുവിധം പാതാളം വരെയെത്തിച്ച മനുഷ്യൻ, നമ്മുടെ കുമ്പക്കുടി -വടശ്ശേരിജിമാരുടെ കാൽക്കൽ വീണുകിടന്നുവെങ്കിൽ അതിലും വലുതെന്തോ പ്രയത്നം അവർ നടത്തിയെടുത്തു എന്നുതന്നെ വേണമല്ലോ ഊഹിക്കാൻ. അത് ഊഹമല്ല. സത്യം തന്നെയാണെന്നാണ് മാലോകരെല്ലാവരും പറയുന്നത്.

കുമ്പക്കുടി- വടശ്ശേരി ജിമാർ കാസർകോട്ട് തൊട്ട് തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാൻ നടത്തിയ അദ്ധ്വാനത്തിന് മുന്നിൽ ഭഗീരഥനൊന്നും ഒന്നുമല്ല. കുമ്പക്കുടി പ്രയത്നം എന്ന പേരിലാണത്രെ ഭഗീരഥപ്രയത്നം എന്നറിയപ്പെട്ടിരുന്ന പ്രയോഗം ഇപ്പോൾ അറിയപ്പെടുന്നത്. ചിലയാളുകളൊക്കെ കുമ്പക്കുടി-വടശ്ശേരി പ്രയത്നം എന്നും പറയുന്നുണ്ട്.

ഇട്ടാവട്ടത്തുള്ള പതിന്നാല് ജില്ലകൾക്ക് ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കാനല്ലേ പറഞ്ഞുള്ളൂ എന്ന് ചില നാടൻ ഗാന്ധിമാർ ചോദിക്കുന്നുണ്ട്. കർണാടകത്തിലെയും മഹാരാഷ്ട്രത്തിലെയും ഏഷ്യാ ഭൂഖണ്ഡത്തിലെയും തന്നെ ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാൻ പറഞ്ഞത് മാതിരിയുണ്ട് കാര്യത്തിന്റെ പോക്ക് എന്നും ചിലർ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് മുന്നിൽ ക്രൂരമായ ചിരിയുമായി ചെന്നിത്തലഗാന്ധി രമേശ്ജിയും പുതുപ്പള്ളി ഗാന്ധി ഓ.സിയും നിൽക്കുമ്പോഴാണ് കാര്യങ്ങളുടെ പോക്കിന്റെയൊരു ഗതി പലരും തിരിച്ചറിയുന്നത്. സംഭവാമി യുഗേ, യുഗേ എന്ന് ഭഗവദ്ഗീതയിൽ പറഞ്ഞത് പോലും കേരളത്തിലെ കോൺഗ്രസിൽ പുന:സംഘടന നടക്കാനിടയുണ്ടെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞാണെന്നാണിപ്പോൾ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്.

(ഇ-മെയിൽ: dronar.keralakaumudi@gmail.com)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.