SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.27 PM IST

പടയൊരുക്കം വേണം മൂന്നാം തരംഗത്തിനെതിരെ

covid

ഏത് നിമിഷവും പൊട്ടാവുന്ന അഗ്നിപർവതത്തിന് മുകളിൽ കേരളം വീണ്ടുമെത്തിയിരിക്കുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന ഗുരുതരമായ സ്ഥിതിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന ആശങ്ക ആരോഗ്യവിദഗ്ധരിലുണ്ട്. 100 ൽ 20 പേർ രോഗികളാകുന്ന നാട്ടിൽ എങ്ങനെയാണ് ആശ്വാസത്തിന് വഴി കണ്ടെത്തുക? സമൂഹത്തിന് എത്രത്തോളം ജാഗ്രത പുലർത്താനാകുമെന്നതിനെ ആശ്രയിച്ചായിരിക്കും വരുംദിവസങ്ങളിലെ നാടിന്റെ സ്ഥിതി. ജൂലായ് അവസാനവാരം 11ജില്ലകളിലും ടി.പി.ആർ 10 ശതമാനത്തിന് മുകളിലെത്തിയത് മൂന്നാംതരംഗത്തിന്റെ തുടക്കമാണോയെന്ന സംശയം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് അലോകന യോഗം പ്രകടിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഭൂരിഭാഗം ജില്ലകളിലും 15 ശതമാനത്തിന് മുകളിലേക്ക് ടി.പി.ആർ ഉയർന്നത് സങ്കീർണമായ സാഹചര്യത്തിന്റെ തെളിവാണ്.

കഴിഞ്ഞ രണ്ട് തരംഗങ്ങളെ അതിജീവിച്ചത് പോലെ ഏതുവിധേനെയും കൊവിഡിന്റെ മൂന്നാം വരവിനെയും മറികടക്കേണ്ട സാഹചര്യമാണുള്ളത്. നിലവിൽ ചികിത്സയിലുള്ളവർ (ആക്ടീവ് കേസുകൾ) രണ്ട് ലക്ഷത്തിലെത്തി നിൽക്കുകയാണ്. 30000 കവിഞ്ഞ പ്രതിദിന കേസുകൾ വരും ദിവസങ്ങളിലും തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ചികിത്സയിലുള്ളവർ മൂന്നു ലക്ഷത്തിലേക്ക് എത്തും. ഇത് കടുത്ത വെല്ലുവിളിയാണ്. ആശുപത്രികൾ നിറയുന്ന സ്ഥിതിയും കിടക്കയില്ലാതെ രോഗികൾ വഴിയാധാരമാകുന്ന അവസ്ഥയും ചികിത്സ കിട്ടാതെ മരണപ്പെടുന്ന ദയനീയമായ അവസ്ഥയും ഒഴിവാക്കിയേ തീരൂ.

ആരോഗ്യസംവിധാനങ്ങൾ സമ്മർദ്ദത്തിലായാൽ രോഗവ്യാപനം കുറയ്ക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കടുത്ത നടപടികളിലേക്ക് കടന്നേ മതിയാകൂ. ലോക്ക് ഡൗൺ ശാശ്വത പരിഹാരമല്ലെന്ന് എല്ലാവർക്കുമറിയാം. നിലവിൽ ലോക്ക് ഡൗണിനെകുറിച്ചുള്ള ആലോചനകളില്ല. സ്വമേധയാ ലോക്ക് ഡൗണിലേക്ക് കടന്നാൽ പൊതുവികാരം എതിരാകുമെന്ന് സർക്കാരിന് ധാരണയുണ്ട്. എന്നാൽ വരുംദിവസങ്ങളിൽ ടി.പി.ആർ 20 കവിഞ്ഞ് കുതിയ്ക്കാൻ തുടങ്ങിയാൽ രോഗികളുടെ എണ്ണം കൂടുന്ന ഘട്ടത്തിൽ കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് സമൂഹവും ചർച്ചചെയ്ത് തുടങ്ങും. ഈ സമയത്ത് കർശനമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന് മുന്നിലുള്ള പോംവഴി. ജീവനും ജീവിതവും തമ്മിൽ മുഖാമുഖം നിൽക്കുന്ന ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ എന്തു വഴിയും തേടേണ്ടിവരും.

മുഹറത്തിനും ഓണത്തിനും ഉണ്ടായ കൂട്ടായ്മകളിലൂടെ രോഗവ്യാപനത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിന്റെ സജീവമായ സാന്നിദ്ധ്യമാണ് എല്ലാ ജില്ലകളിലും. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഇത്തരം ഒത്തുചേരലുകളിൽ പങ്കെടുത്തവർ സ്വയം പരിശോധനയ്ക്ക് തയ്യാറാകണം. വാക്‌സിനെടുത്തു എന്നത് രോഗം വരാതിരിക്കാൻ കാരണമല്ല. എന്നാൽ സ്ഥിതിഗുരുതരമാകാതിരിക്കാൻ സഹായിക്കും. വാക്‌സിനെടുത്തവരിൽ രോഗബാധയുണ്ടാൽ ഇപ്പോൾ നേരിയ ലക്ഷണങ്ങൾ മാത്രമാകും പ്രകടമാകുക. ലക്ഷണങ്ങൾ കുറവായതിനാൽ സ്വയം ചികിത്സ ഈ ഘട്ടത്തിൽ നടത്തുന്നത് വലിയ അപകടം വരുത്തും. വാക്‌സിനെടുത്ത രോഗബാധിതരിൽ നിന്ന് വൈറസ് പടരും ഇത് വാക്‌സിനെടുക്കാത്ത കുട്ടികളിലും ഗുരുതരരോഗങ്ങളുള്ളവരിലേക്കും എത്തും, ഇതൊഴിവാക്കാനുള്ള ജാഗ്രതയാണ് അനിവാര്യം.

കഴിഞ്ഞവർഷം കടുത്ത നിയന്ത്രണങ്ങളോടെ ഓണം ആഘോഷിച്ചെങ്കിലും അതിനുശേഷം രോഗികളുടെ എണ്ണത്തിൽ നാല് മടങ്ങോളം വർദ്ധനവുണ്ടായി. 2020 ഓഗസ്റ്റ് 20ന് 1866 രോഗികളാണ് ഉണ്ടായിരുന്നത് എന്നാൽ സെപ്റ്റംബർ 26 ആയപ്പോഴേക്കും അത് 7628 ആയി വർദ്ധിച്ചു. കൂടുതൽ ഇളവുകളോടെയാണ് ഇക്കുറി ഓണം ആഘോഷിച്ചത് അതിനാൽ വരും ദിവസങ്ങളിൽ വലിയൊരു വർദ്ധനവ് രോഗികളുടെ എണ്ണത്തിലുണ്ടാകും. ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇതിന് ആക്കം കൂട്ടുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പരമാവധി പേരിലേക്ക് വാക്‌സിൻ എത്തുന്നത് ഏറെ ആശ്വാസകരമാണ്. രണ്ടു ഡോസും സ്വീകരിച്ച 95 പേർ മരണപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പിന്റെ ജൂലായ് വരെയുള്ള കണക്ക്. വാക്‌സിൻ ജീവനുകളെ സംരക്ഷിക്കുന്നുവെന്നതിന് ഉദാഹരണമാണ് മരണനിരക്കിലെ കുറവ്.

വാക്‌സിനെടുത്തവരിൽ വൈറസ് ബാധയുണ്ടായത് (ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ) 3.6ശതമാനം മാത്രമാണെന്നതും വാക്‌സിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. സെപ്തംബർ അവസാനത്തോടെ മാത്രമേ 18 മുകളിലുള്ള എല്ലാവരിലേക്കും ആദ്യ ഡോസ് എത്തൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ മൂന്നാംതരംഗ വ്യാപനം അതിനിടയിലുണ്ടായാൽ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടാകും. കുട്ടികളിൽ ഇനിയും വാക്‌സിൻ എത്താനുള്ളതിനാൽ വീടുകൾക്കുള്ളിൽ അവരെ സുരക്ഷിതരായി കരുതണം. പുറത്ത് പോയിട്ട് വരുന്നവർ നിർബന്ധമായും ശുചിയായ ശേഷം വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകാനുള്ള ക്ഷമ കാണിക്കണം. പീഡിയാട്രിക് ചികിത്സാ സൗകര്യങ്ങളെല്ലാം ഒരുക്കി ആരോഗ്യസംവിധാനം കരുതലോടെ നിൽക്കുന്നുണ്ടെങ്കിലും കുട്ടികൾ വൈറസിനോട് മല്ലിടേണ്ട സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്.

ഇപ്പോൾ വീട്ടിലോ ഓഫീസിലോ ഒരാൾക്ക് രോഗം വന്നാൽ എല്ലാവരിലേക്കും രോഗം പകരുന്ന സ്ഥിതിയാണ്. ആദ്യതരംഗത്തിൽ സമാനമായ സാഹചര്യമായിരുന്നെങ്കിലും രണ്ടാംതരംഗത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ എല്ലാവരും സ്വയംനിയന്ത്രണത്തിന് തയ്യാറായി. ഹോംഐസോലേഷനിൽ കഴിയുന്നവരും ഓഫീസുകളിലും മറ്റ് പൊതുയിടങ്ങളിലും എത്തുന്നവരും കൊവിഡ് മാനദണ്ഡം പാലിക്കുന്നതിന് പ്രാധാന്യം നൽകി. എന്നാൽ വാക്‌സിനെടുത്തതോടെ സമൂഹം കൂടുതൽ ആത്മവിശ്വാസം നേടിയതിന്റെ ഫലമായി സ്വയം നിയന്ത്രണങ്ങൾ പാടെ ഇല്ലാതായി. കല്യാണം, മരണം തുടങ്ങിയ എല്ലാ ചടങ്ങുകൾക്കും വലിയ ആൾക്കൂട്ടമായി, വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീ‌ർത്ഥാടന കേന്ദ്രങ്ങളിലും കൈകുഞ്ഞുങ്ങളുമായി തിക്കിതിരക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. ഒന്നേമുക്കാൽ വർഷത്തോളമായി കൊവിഡ് പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ,പൊലീസ്,തദ്ദേശ സംവിധാനങ്ങൾ മടുപ്പിന്റെ വക്കിലാണ്. എത്രവലിയ അംഗബലമുണ്ടെങ്കിലും യുദ്ധം അനന്തമായി നീണ്ടാൽ പോരാളികൾ തളർന്നു വീഴും, പരാജയമായിരിക്കും ഫലം.നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവോടെ സമൂഹം ഒന്നിച്ചു നീങ്ങിയാൽ സ്ഥിതി നിയന്ത്രണവിധേയമാകും. കൊവിഡിനെതിരായ യുദ്ധം അല്‌പം നീണ്ടാലും പോരാടുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. അങ്ങനെ ഈ യുദ്ധവും വിജയിക്കാം, പോരാട്ടം ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയാണെന്ന് കരുതിയാൽ നാടൊന്നാകെ തോറ്റുപോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.