SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.53 PM IST

തുമ്പയിൽ റോക്കറ്റ് നിർമ്മാണത്തിന് ഇനി അതിവേഗം! ട്രൈ സോണിക് വിൻഡ് ടണൽ സ്ഥാപിക്കും

trisonic-wind-tunnel

തിരുവനന്തപുരം: റോക്കറ്റ് നിർമ്മാണത്തിന്റെ വേഗംകൂട്ടാൻ തുമ്പ വി.എസ്.എസ്.സിയിൽ അത്യാധുനിക ട്രൈ സോണിക് വിൻഡ് ടണൽ സ്ഥാപിക്കും. അടുത്ത ഫെബ്രുവരിയോടെ ഇതിന്റെ പ്രവർത്തനം തുടങ്ങും. കൊവിഡ് മൂലം നഷ്ടപ്പെട്ട രണ്ടുവർഷങ്ങളിൽ നടക്കേണ്ടിയിരുന്ന വിക്ഷേപണങ്ങൾ എത്രയുംവേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇത് നിർമ്മിക്കാനുള്ള ഉപകരണങ്ങളാണ് കൂറ്റൻ വാഹനത്തിൽ റോഡ‌് മാർഗം കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് എത്തിച്ചത്. പൂനെയിലെ ടാറ്റാ പ്രോജക്ട് ലിമിറ്റഡിൽ നിന്ന് കപ്പൽമാർഗം കൊല്ലത്ത് എത്തിച്ച ശേഷമാണ് ദിവസങ്ങളെടുത്ത് ഇവിടേക്ക് കൊണ്ടുവന്നത്.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി റോക്കറ്റുകൾ നിർമ്മിക്കുന്നത് ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പ വി.എസ്.എസ്.സിയിലാണ്. കൃത്യതയോടെ റോക്കറ്റുകൾ ദൗത്യം നിറവേറ്റുന്നതിന് അവയുടെ നിർമ്മാണഘട്ടത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തണം. ബംഗളൂരു, തമിഴ്നാട്ടിലെ മഹേന്ദ്രഗിരി എന്നിവിടങ്ങളിലാണ് പരീക്ഷണം. അതിനായി റോക്കറ്റ് ഭാഗങ്ങൾ തിരുവനന്തപുരത്തുനിന്ന് ഇവിടങ്ങളിലെത്തിക്കണം.

എന്തെങ്കിലും തകരാർ കണ്ടാൽ, അത് ചെറുതാണെങ്കിൽ അവിടങ്ങളിൽതന്നെ പരിഹരിക്കും. വലുതാണെങ്കിൽ പരിഹരിക്കാൻ തിരുവനന്തപുരത്തെത്തിക്കണം. തുടർന്ന് വീണ്ടും ബംഗളൂരുവിലെത്തിച്ച് ടെസ്റ്റ് പൂർത്തിയാക്കി വിക്ഷേപണത്തിന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ എത്തിക്കണം. ഇതിന് ഏറെസമയം വേണ്ടിവരും. ഇത് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് അത്യാധുനിക സാമഗ്രികൾ തുമ്പയിൽ സ്ഥാപിക്കുന്നത്. ഇതിലൂടെ പരമാവധി പരീക്ഷണങ്ങൾ ഇവിടെത്തന്നെ നടത്താനാവും.

 വിൻഡ് ടണലിന്റെ ഉപയോഗം

റോക്കറ്റ് കുതിക്കുമ്പോൾ അന്തരീക്ഷത്തിലെ വായുമർദ്ദം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനാണ് വിൻഡ് ടണലുകൾ. റോക്കറ്റ് ഭാഗങ്ങൾ ടണലിലൂടെ കടത്തിവിട്ട് അതിശക്തമായ കാറ്റടിപ്പിച്ചാണ് വിശകലനം. അതിനനുസരിച്ച് റോക്കറ്റ് നിർമ്മിതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിൽ ഇത്തരം പരീക്ഷണങ്ങൾ ബംഗളൂരു നാഷണൽ എയ്റോനോട്ടിക്കൽ ലബോറട്ടറിയിലെ (എൻ.എ.എൽ) വിൻഡ് ടണലിലാണ് നടത്തുന്നത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള ടണലാണിത്.

എന്തിനാണ് ട്രൈ സോണിക്

വിൻഡ് ടണലുകൾ?

ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ വായുമർദ്ദം പരീക്ഷിക്കാൻ തുമ്പയിൽ 2017ൽ സ്ഥാപിച്ച ഹൈപ്പർ സോണിക് വിൻഡ് ടണലുകളുണ്ട്. അതിൽ താഴെയുള്ള വായുമർദ്ദ പരീക്ഷണങ്ങൾ നടത്തുന്നത് ട്രൈ സോണിക് വിൻഡ് ടണലുകളിലാണ്. സബ് സോണിക്, ട്രാൻസ് സോണിക്, സൂപ്പർ സോണിക് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വേഗതകൾ പരീക്ഷിക്കാവുന്ന ഒറ്റ ഉപകരണമാണ് ട്രൈ സോണിക് വിൻഡ് ടണൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THUMBA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.