SignIn
Kerala Kaumudi Online
Thursday, 25 April 2024 5.24 PM IST

എള്ളോളമല്ല കള്ളങ്ങൾ

mayam

''കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല...''

ഈ ഓണത്തിനും ഈ വരികൾ നമ്മൾ പാടി, കേട്ടു. ഫേസ് ബുക്കിലും വാട്ട്സാപ്പിലും ഷെയർ ചെയ്തു. ലൈക്ക് ചെയ്തു. കള്ളത്തരങ്ങൾക്കും പൊളിവചനങ്ങൾക്കും ഈ മഹാമാരിക്കാലത്തും എന്തെങ്കിലും കുറവുണ്ടായോ? മുൻപത്തേക്കാൾ കൂടിയെന്നാണ് ഉത്തരം. സ്വർണക്കടത്ത് മുതൽ കള്ളക്കടത്ത് വരെ എല്ലാത്തരം കള്ളങ്ങളും പെരുകിയ കാലമാണിത്.

റേഷൻ കരിഞ്ചന്ത, അനർഹമായ റേഷൻകാർഡ് വഴി സാധനങ്ങൾ കൈപ്പറ്റൽ, മായം കലർന്ന പാൽ വില്‌പന കള്ളങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. കരിഞ്ചന്തക്കാരെ പിടികൂടാൻ എളുപ്പമല്ലെന്ന് മന്ത്രി തന്നെ സമ്മതിച്ചു. എന്നിരുന്നാലും, അത്തരക്കാരെ ഇല്ലാതാക്കാനും അനർഹമായി മുൻഗണനാ കാർഡ് തിരിച്ചേൽപിക്കാത്തവർക്കെതിരെ കർശന നടപടി തുടങ്ങാനും ഭക്ഷ്യസുരക്ഷാവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഇതിന് മുന്നോടിയായി ഗോഡൗണിൽ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളിൽ ജി.പി.എസ്സും കാമറകളും സ്ഥാപിക്കും. നവംബർ ഒന്നിന് മുമ്പ് ഇത് പൂർത്തിയാക്കുമെന്നാണ് മന്ത്രി പറയുന്നതെങ്കിലും നിർദ്ദേശം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ജില്ലയിൽ അനർഹമായ റേഷൻകാർഡുകൾ ഇപ്പോഴും ധാരാളം ശേഷിക്കുന്നതായാണ് റിപ്പോർട്ട്. ഇനിയും തിരിച്ചേൽപ്പിക്കാത്തവരുടെ കാർഡ് പിടിച്ചെടുത്ത് നിയമനടപടികളിലേക്ക് ഉടൻ കടക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

സ്വമേധയാ അപേക്ഷ സമർപ്പിക്കുന്നവർക്ക് പിഴ, കാർഡ് റദ്ദ് ചെയ്യൽ, ക്രിമിനൽ കുറ്റം ചുമത്തൽ, ജീവനക്കാർക്കെതിരെയുള്ള വകുപ്പുതല നടപടികൾ എന്നിവയിൽ നിന്നും ഇളവു നൽകിയിരുന്നു. പരിശോധനയിൽ അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചതായി കണ്ടെത്തുന്ന കാർഡുടമകളിൽ നിന്നും കൈപ്പറ്റിയ ഭക്ഷ്യവസ്തുക്കളുടെ വിപണി വില പിഴയായി ഈടാക്കുമെന്നും മറ്റ് കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അനർഹമായ റേഷൻ കാർഡുകൾ സ്വമേധയാ സമർപ്പിക്കാൻ തയ്യാറാവാത്ത നിരവധി പേരുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

മായം മായം സർവത്ര

പച്ചക്കറിയിലും പലചരക്കിലും മീനിലും മായമുണ്ടെന്നതിൽ സംശയമില്ല. പാലിലും മായം തന്നെ. അതുകൊണ്ടു തന്നെ പരിശോധന ശക്തമാക്കാൻ ക്ഷീരവികസനവകുപ്പ് തീരുമാനിച്ചുകഴിഞ്ഞു. പാക്കറ്റ് പാലിൽ മായമുണ്ടോയെന്നും ആവശ്യത്തിന് പോഷക ഘടകങ്ങളുണ്ടോയെന്നുമെല്ലാം ഇനി പൊതുജനങ്ങൾക്ക് അറിയാം. പാൽ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സാമ്പിൾ നൽകാം. പരിശോധനയിൽ മായമോ അപകടകരമായ വസ്തുക്കളോ കണ്ടെത്തിയാൽ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കും. പാൽ വിൽക്കുന്നവർക്ക് അതിന്റെ ഗുണമേന്മ തിരിച്ചറിയാനും സാധിക്കും. ആവശ്യമെങ്കിൽ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള മാർഗ നിർദ്ദേശങ്ങളും ലഭിക്കും. പാലിന്റെ കൊഴുപ്പിന്റെയും മറ്റു പോഷകഘടകങ്ങളുടെയും അളവാണ് പൊതുവായി പരിശോധിക്കുന്നത്. ക്ഷീരകർഷകർക്കാണ് ഈ പരിശോധന കൂടുതൽ ഗുണം ചെയ്യുന്നത്. മായം ചേർത്തിട്ടുണ്ടോയെന്ന് വ്യക്തമായി അറിയാം. പാക്കറ്റ് പാൽ ആണെങ്കിൽ കവർ പൊട്ടിക്കാതെയും അല്ലാത്ത പാൽ ആണെങ്കിൽ 200 മില്ലി ലിറ്റർ സാമ്പിളുമായി ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ എത്തിയാൽ മതിയാകും. ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലാണ് (ഒന്നാം നില) ലാബ്. പാലിൽ മെഥിലിൻ ബ്ലു ലായനി ഒഴിച്ചാണ് പരിശോധിക്കുന്നത്. ഇങ്ങനെ ഒഴിക്കുമ്പോൾ പാലിൽ എത്ര സമയം നീല നിറം നിൽക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗുണമേന്മ മനസിലാക്കുന്നത്. നീല നിറം 5 മണിക്കൂറോ അതിന് മുകളിലോ നിൽക്കുന്നെങ്കിൽ വളരെ നല്ലത്. നീല നിറം 4 മുതൽ 5 മണിക്കൂർ വരെ നിൽക്കുന്നെങ്കിൽ നല്ലത് 1 മുതൽ 2 മണിക്കൂർ വരെ കുഴപ്പമില്ല. അര മണിക്കൂറോ അതിന് താഴെയോ ആണെങ്കിൽ മോശം. പ്രവൃത്തി ദിവസങ്ങളിൽ പാൽ പരിശോധന ഉണ്ടായിരിക്കും. ഈ ദിവസങ്ങളിലും സൗജന്യമായി പരിശോധിക്കാം. പാൽ കേടാകാതിരിക്കാൻ കൃത്രിമമായി ബോറിക് ആസിഡ്, ഫോർമാലിൻ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയവ ചേർത്തിട്ടുണ്ടോയെന്നും അറിയാം. പാലിന്റെ അമ്ല ഗുണം കുറയ്ക്കാനായി എന്തെങ്കിലും രാസവസ്തു ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്ന കാസ്റ്റിക് സോഡാ പോലുള്ള ഹൈഡ്രോക്‌സൈഡുകൾ, കാർബോ ഹൈഡ്രേറ്റുകൾ, ബൈ കാർബണേറ്റുകൾ തുടങ്ങി ക്ഷാരഗുണമുള്ള വസ്തുക്കളാണ് ഇങ്ങനെ കൃത്രിമമായി ചേർക്കാറുള്ളത്. മായം ചേർക്കുന്നതിന് പുറമേ രാസവസ്തുക്കളും മറ്റും ചേർത്ത് പാൽ തന്നെ കൃത്രിമമായി ഉണ്ടാക്കി വിൽക്കാനുള്ള ശ്രമങ്ങൾ വിപണിയിൽ വ്യാപകമാണ്. പലപ്പോഴും ഇതൊന്നും കണ്ടുപിടിക്കപ്പെടാതെയും നടപടികൾ സ്വീകരിക്കാതെയും പാേകുന്നതുകൊണ്ട് വ്യാജൻമാർ വിലസുകയാണ്. വെള്ളം, സോപ്പ്, സോപ്പ് പൊടി, സോഡിയം ഹൈഡ്രോക്‌സൈഡ്, സസ്യ എണ്ണ, ഉപ്പ്, യൂറിയ എന്നിവ ചേർത്താണ് കൃത്രിമപാൽ ഉണ്ടാക്കുന്നത്. ഇത്തരം പാൽ തിരിച്ചറിയാനുള്ള സംവിധാനവും ലാബിൽ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.