അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപതിയിൽ കൊവിഡ് വാർഡുകളിലോ ഐ.സി.യുവിലോ രോഗിയെ കിടത്തിചികിത്സക്കു വേണ്ടി പ്രവേശിപ്പിക്കുമ്പോൾ രോഗിയുടെ പൂർണ മേൽവിലാസവും അടുത്ത ബന്ധുക്കളുടെ രണ്ട് ഫോൺ നമ്പരുകളും ആശുപത്രിയിൽ നൽകണമെന്ന് സൂപ്രണ്ട് നിർദ്ദേശിച്ചു. ഇങ്ങനെ നൽകുന്ന നമ്പരുകളിലായിരിക്കും, രോഗിയെ ഐ.സി.യുവിലേക്ക് മാറ്റേണ്ടി വരികയാണെങ്കിൽരോഗിയുടെ രോഗാവസ്ഥയും, പുരോഗതിയും മറ്റും അറിയിക്കുന്നത്. ആശുപത്രിയിൽ നൽകിയ നമ്പരുകളുള്ള ഫോൺ മുഴുവൻ സമയവും ഓൺ ആണെന്നും റേഞ്ചിൽ ഉണ്ടെന്നും ഉറപ്പ് വരുത്തുവാൻ ബന്ധുക്കൾ ശ്രദ്ധ ചെലുത്തണം.കഴിഞ്ഞ മാസം ഐ.സിയുവിൽ ചികിത്സയിൽ കഴിയവേ മരിച്ച 2 രോഗികളുടെ മരണവിവരം യഥാസമയം ബന്ധുക്കളെ അറിയിക്കാതിരുന്നത് വിവാദമായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും സൂപ്രണ്ട് ഡോ.ആർ.വി.രാംലാലിനെ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് സൂപ്രണ്ടായി നിയമിതനായ സജീവ് ജോർജ് പുളിക്കലാണ് പുതിയ ഉത്തരവ് ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |