കോട്ടയം: ജില്ലയിൽ പച്ചക്കറി കൃഷിക്ക് ഒരുങ്ങുന്ന കർഷകർ വിത്തു കിട്ടാതെ ബുദ്ധിമുട്ടുന്നു. വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്നത് ഹൈബ്രിഡ് വിത്തുകളാണ്. വിത്തുകൾ എത്താൻ കാലതാമസം ഉണ്ടാകുമെന്നാണ് വിൽപ്പനക്കാർ പറയുന്നത്. ചില കടക്കാർ കേടായ വിത്തുകൾ വിൽപ്പന നടത്തി കർഷകരെ വഞ്ചിക്കുന്നുമുണ്ട്. ഗുണനിലവാരമുള്ള നാടൻ വിത്തുകൾ വിപണിയിൽ ലഭിക്കാത്ത ഒരു സാഹചര്യമാണ് . പത്തു രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു പായ്ക്കറ്റ് വിത്തിന് മുപ്പതു രൂപ കൊടുക്കണം.
പയർ, കുറ്റിപ്പയർ, പച്ചമുളക്, വെള്ളരി തുടങ്ങിയ കൃഷികൾ ആരംഭിക്കുന്ന സീസണാണിത്. ജില്ലയിൽ കൃഷിഭവനുകൾ മുഖേന കർഷകർക്ക് ഇപ്പോൾ വിത്തുകൾ ലഭിക്കാനില്ല. കുമരകം കാർഷിക വിപണന കേന്ദ്രത്തിൽ വിത്ത് ലഭ്യമാകുന്നുണ്ടെങ്കിലും എല്ലാ കർഷകർക്കും ഇവിടെ നിന്നും നേരിട്ട് വിത്ത് വാങ്ങാൻ കഴിയാറില്ല. മഴ കുറവും കൊവിഡും മൂലം ഭൂരിഭാഗം കർഷകരും പച്ചക്കറി കൃഷിയിലേക്ക് മാറിയിരുന്നു. അതത് വർഷം കൃഷി കഴിഞ്ഞ ശേഷം വിത്ത് മാറ്റി വച്ചാലും കാലാവസ്ഥാ വ്യതിയാനം മൂലം വീണ്ടും പുതിയവ വാങ്ങേണ്ട സ്ഥിതിയാണ് .
നാടൻ വിത്തുകളില്ല
മുൻപൊക്കെ സർവ്വ സാധാരണമായി ലഭിച്ചിരുന്ന നാടൻ വിത്തുകൾ ഇന്ന് അപ്രത്യക്ഷമായി. ജനിതകമാറ്റം സംഭവിച്ച വിത്തുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. ഇത്തരത്തിലുള്ള വിത്തുകൾക്ക് കാലാവധിയുണ്ട്. ഇതു കഴിഞ്ഞ വിത്തുകളും വ്യാപകമായി വിൽക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന ഗുണനിലവാരം കുറഞ്ഞ ഇത്തരം വിത്തുകൾ കർഷകരെ ചതിക്കുഴിയിൽ പെടുത്തും.
'നിലവിൽ കൃഷി വകുപ്പിന്റെ വിത്ത് വിതരണം കർഷകർക്ക് ഗുണം ചെയ്യുന്നില്ല. വിത്ത് ക്ഷാമം പരിഹരിക്കുന്നതിനായി കൃഷിഭവനുകൾ വഴി കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള വിത്തുകൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം'
- എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി