SignIn
Kerala Kaumudi Online
Tuesday, 17 May 2022 9.42 AM IST

തെയ്യപ്രപഞ്ചം വഴി സുഭദ്ര‌യുടെ കഥ പറഞ്ഞ് 'ഛായാമുഖി' അഭ്രപാളിയിലേക്ക്

nandagopan
സംവിധായകൻ ഡോ. നന്ദമോഹൻ

കണ്ണൂർ: ഉത്തര മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ആത്മാംശവുമായൊരു സിനിമ 'ഛായാമുഖി ' അഭ്രപാളിയിലേക്ക്. കണ്ണൂർ-കാസർകോട് ജില്ലകളിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ദേവതാ സങ്കൽപ്പങ്ങളുടെ, പ്രാചീന കാലത്തിന്റെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനമായ തെയ്യത്തിലൂടെയുള്ള ഈ ചലച്ചിത്രാവിഷ്‌കാരം നിരവധി സൃഷ്ടികളിലൂടെ ശ്രദ്ധേയനായ ഡോ. നന്ദഗോപനാണ് അണിയിച്ചൊരുക്കുന്നത്. തെയ്യപ്രപഞ്ചത്തിലെ ശക്തമായ സ്ത്രീ കഥാപാത്രവുമായാണ് സംവിധായകനെത്തുന്നത്.
സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവാണെന്ന അലിഖിത നിയമമനുസരിച്ചിരുന്ന കാലത്ത് ക്രൂരനായൊരു നാടുവാഴിക്ക് ബലിയാടാകേണ്ടി വന്ന ഒരു യുവതിയുടെ കദനത്തിന്റെയും പ്രതികാരാഗ്നിയുടെയും തീവ്രമായ രംഗാവിഷ്‌കാരമാണ് ഈ സിനിമ. അടിച്ചമർത്തലിനോടും അധിനിവേശത്തോടുമുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത് കതിവന്നൂർ വീരനായി മാറിയ മന്ദപ്പനും കടവാങ്കോട്ട് മാക്കവും മലയാളികളുടെ മനസിലെ വിശ്വാസ ബിംബങ്ങളായി മാറിയ ചരിത്രമറിയുന്നവരുടെ മുന്നിലേക്ക് സുഭദ്രയെന്ന ദൈവാംശത്തിന്റെ പടപ്പുറപ്പാടു കൂടിയാണ് ഈ സിനിമ.

മനസിലെ ഉണങ്ങാത്ത മുറിവിന് പകരം ചോദിക്കുന്ന സുഭദ്ര‌യുടെ സർവ്വം കരിക്കുന്ന കനലാട്ടക്കഥ പറയുന്ന ചിത്രത്തിൽ മലയാളത്തിന് പുറമെ തമിഴിലേയും തെലുങ്കിലേയും കന്നടയിലേയും താരനിര അണിനിരക്കും.

കണ്ണൂർ- കാസർകോട് ജില്ലകളിൽ വച്ചാണ് ചിത്രീകരണം. 2009 ൽ നടൻ മുരളി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന
ചിത്രമാണ് ഛായാമുഖിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. സിനിമാ താരം ലെനയുമായുള്ള സംവിധായകന്റെ പരിചയപ്പെടലാണ് ഈ ചിത്രം വീണ്ടും തിരശ്ശീലയിലേക്ക് എത്താൻ കാരണമായത്. വളരെകാലം നീണ്ട ഗവേഷണങ്ങളുടെ പരിണാമവുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത്. ദേവതാ സങ്കൽപ്പങ്ങൾക്ക് അർത്ഥവും മാനവും കൈവരണമെങ്കിൽ മാനവനും ദൈവവും ഒന്നെന്ന സത്യം തിരിച്ചറിയണമെന്ന യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്ന ചിത്രം കൂടിയാണ് ഛായാമുഖി.

രാജവംശത്തെ മുടിച്ച പ്രതികാരം

നാടുവാഴിയുടെ ഇംഗിതത്തിന് വഴങ്ങാത്ത കന്യകയായ സുഭദ്രയെ ബലി കൊടുക്കാനുള്ള തീരുമാനം നടപ്പിലാകാതെ പോകുന്നത് തോഴിയുടെ ഇടപെടലിലൂടെയാണ്. സുഭദ്രയ്ക്ക് പകരം ബലിക്കല്ലിലെത്തിയത് കൂട്ടുകാരിയെന്ന് തിരിച്ചറിഞ്ഞ നാടുവാഴി അവളെ അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞ് പച്ചയോടെ കത്തിക്കുന്നു. ഈ സമയം ഒരു കൂട്ടുകാരനുമൊത്ത് നാടുവിട്ട സുഭദ്ര ദേവദാസി സമ്പ്രദായം നിലനിൽക്കുന്ന അയൽനാടായ കർണാടകയിലെത്തുന്നു. അവിടുത്തെ രാജകിങ്കരന്മാർ ഇരുവരെയും പിടികൂടി സുഹൃത്തിനെ വകവരുത്തി സുഭദ്രയെ കൈക്കലാക്കുന്നു. ഇവിടെ കൊടിയ പീഡനമേൽക്കേണ്ടി വന്ന സുഭദ അവസരം കൈവന്ന സമയത്ത് അവിടുത്തെ രാജവംശത്തെയാകമാനം നശിപ്പിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, CINEMA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.