ട്രാവൽ ഏജൻസികളിലേക്കും അന്വേഷണം
ശ്രീകണ്ഠപുരം: ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തിയതിന് ഇരിക്കൂർ പെരുവളത്തുപറമ്പ് കുളിഞ്ഞ റോഡിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ അസീറിനെതിരെ ഇരിക്കൂർ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഇയാൾ മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ലാബായ ഡി.ഡി.ആർ.സി യുടെ പേരിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുനൽകിയത്. ലാബിന്റെ പി.ഡി.എഫ് ഫയൽ എഡിറ്റ് ചെയ്താണ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചത്. സാംപിൾ ശേഖരണമോ പരിശോധനയോ നടത്തിയിരുന്നില്ല. ഡി.ഡി.ആർ.സി മാനേജരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രതിക്കായി ഇരിക്കൂർ എസ്.ഐ. എം.വി. ഷിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂർ ജില്ലയിലെ ചില ട്രാവൽസ് നടത്തിപ്പുകാർ ഇയാളുമായി ബന്ധപ്പെട്ടിരുന്നതായും ഇവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയതായും വിവരമുണ്ട്. സംഭവത്തിനു പിന്നിൽ വൻ മാഫിയ പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെ പെരുവളത്തുപറമ്പ് പെട്രോൾപമ്പിനു സമീപം സ്ഥാപനം നടത്തിയിരുന്ന ഇയാൾ അടുത്തകാലത്തായി ഓഫീസ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കുന്നതായുള്ള വിവരം ചില യാത്രക്കാർ തന്നെ പുറത്തുവിട്ടതോടെയാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
250 രൂപയുണ്ടോ സർട്ടിഫിക്കറ്റ് റെഡി
ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഇയാളുടെ ഉടമസ്ഥതയിലുള്ള ബസുകളിൽ യാത്ര ചെയ്യാനെത്തുന്നവർക്കാണ് കൂടുതൽ സർട്ടിഫിക്കറ്റുകൾ നൽകിയത്. അത്യാവശ്യ യാത്രകൾക്ക് ടിക്കറ്റെടുക്കാനെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകും. ആധാർ കാർഡിന്റെ കോപ്പിയും 250 രൂപയുമാണ് ഈടാക്കിയിരുന്നത്. നേരിട്ടെത്താൻ കഴിയാത്തവർക്ക് ഗൂഗിൾപേ വഴി പണം കൈമാറിയാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് വാട്സാപ്പിൽ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.