കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസിൽ ഐസൊലേഷൻ ബ്ലോക്ക് പണിയുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെട്ടിട നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 25 കോടി രൂപ വകയിരുത്തിയതാണ്.
കാമ്പസിൽ ഇതിന് സ്ഥലം കണ്ടെത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. വൈകാതെ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
കല്ലായി പുഴയിലെ ചെളി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. മേപ്പാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പൊതുമരാമത്ത് ചീഫ് എൻജിനിയർക്ക് സമർപ്പിച്ച പദ്ധതിരേഖ സർക്കാരിലേക്ക് അയച്ചതായി എക്സിക്യൂട്ടിവ് എൻജിനിയർ വ്യക്തമാക്കി. സ്ഥലമെടുപ്പിനും പാരിസ്ഥിതിക പഠനത്തിനും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
കടൽക്ഷോഭം തടയാൻ കടൽഭിത്തി കെട്ടി സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി കൈക്കൊള്ളാൻ ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. വടകര മണ്ഡലത്തിൽ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗതിയിലാണെന്നും കളക്ടർ പറഞ്ഞു.
വെണ്ടകംപൊയിൽ കോളനി നിവാസികളുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമി വാസയോഗ്യമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജിയോളജിസ്റ്റ്, തഹസിൽദാർ എന്നിവർക്ക് നിർദ്ദേശം നൽകി. സൗത്ത് ബീച്ച് പരിസരത്തെ ലോറി പാർക്കിംഗ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ചേരും.
യോഗത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.കെ രമ, ഡോ.എം.കെ മുനീർ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ തുടങ്ങിയവർ സംബന്ധിച്ചു.