കൊച്ചി: കൊവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള വേണമെന്ന വ്യവസ്ഥ വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്ക് ഇളവു ചെയ്തു കൊടുക്കുന്നതെങ്ങനെയെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചു.
കിറ്റക്സ് കമ്പനിയിലെ 12,000 ത്തോളം തൊഴിലാളികൾക്ക് കൊവിഷീൽഡിന്റെ ആദ്യ ഡോസ് നൽകി 45 ദിവസം കഴിഞ്ഞതിനാൽ രണ്ടാം ഡോസ് നൽകാൻ അനുമതി ആവശ്യപ്പെട്ട് കമ്പനി അധികൃതർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ചോദ്യം. 84 ദിവസത്തെ ഇടവേള വാക്സിന്റെ ഫലപ്രാപ്തി ഉറപ്പാക്കാനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. വിദേശത്ത് ജോലിക്കും പഠനത്തിനും പോകുന്നവർക്കും ടോക്കിയോ ഒളിമ്പിക്സിന് പോയവർക്കും ഈ വ്യവസ്ഥ കേന്ദ്രം ഇളവുചെയ്തതായി ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതി വാക്കാൽ ചോദിച്ചത്. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഇളവു നൽകിയതെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും സിംഗിൾബെഞ്ച് അംഗീകരിച്ചില്ല. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് വാക്സിന്റെ ലഭ്യത കണക്കിലെടുത്താണെന്നും ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ വാക്സിനെടുക്കാൻ നിരവധിയാളുകൾ കാത്തിരിക്കുകയാണെന്ന് പറഞ്ഞ സിംഗിൾബെഞ്ച് ഹർജി നാളെ വിധി പറയാൻ മാറ്റി. കേന്ദ്ര സർക്കാർ ഇന്നു തന്നെ സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു.