മലപ്പുറം: ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിലുയർന്ന പൊട്ടിത്തെറിയും പരസ്യ വിഴുപ്പലക്കലും മുന്നണി സംവിധാനത്തിന് കോട്ടം തട്ടിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കോൺഗ്രസ് വലിയ പാർട്ടിയായതിനാൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. എന്നാലത് ഭിന്നതയിലേക്ക് പോവരുത്. കോൺഗ്രസിൽ വലിയ പ്രതീക്ഷയാണ് യു.ഡി.എഫ് പുലർത്തുന്നത്. അതു നിലനിറുത്തുന്ന നടപടികളുമായി മുന്നോട്ടുപോകണം.ആർ.എസ്.പിയുമായി ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ യു.ഡി.എഫിലുള്ളൂ. യു.ഡി.എഫിൽ ഐക്യമുറപ്പിക്കാൻ മുന്നിട്ടിറങ്ങാറുള്ള ലീഗ് ഇനിയുമത് തുടരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
പുനഃസംഘടന കോൺഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാൽ ഇടപെടേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പിന് ശേഷം ലീഗിനകത്തുണ്ടായ പ്രശ്നങ്ങളിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസിലെ പ്രതിഷേധങ്ങൾ അതിരു കടക്കുന്നുവെന്ന വിലയിരുത്തലും ആർ.എസ്.പിയുടെ വിമർശനവുമാണ് ലീഗ് അതൃപ്തി പരസ്യമാക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |