SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.27 PM IST

വിമർശനങ്ങളോട് അസഹിഷ്ണുത അരുത്

covid-

ആരോഗ്യരംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്ന കേരളം ഇന്ന് മഹാമാരിയെ നേരിടുന്നതിൽ രാജ്യത്തിനാകെ വെല്ലുവിളി ഉയർത്തുകയാണ്. 2020ൽ രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് ഇന്നും രോഗം വെല്ലുവിളിയായി തുടരുന്നു.

കൊവിഡ് പ്രതിരോധരംഗത്തെ കേരളത്തിന്റെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നത് സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സർക്കാരിനെതിരായ വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറയുന്നത് മഹാമാരിയുടെ ആദ്യ തരംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരും നടത്തിയ പ്രചാരണങ്ങൾ അത്തരത്തിലുള്ളതായിരുന്നു എന്ന യാഥാർത്ഥ്യത്തിൽ നിന്നാവുമെന്ന് കരുതുന്നു. ഈ വർഷം ജൂലായിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എഴുതിയ ലേഖനത്തിൽ 'മരണത്തിന്റെ കാവൽക്കാർ' എന്നാണ് കേന്ദ്രസർക്കാരിനെ വിശേഷിപ്പിച്ചത്. 130 കോടി ജനങ്ങളുള്ള രാജ്യത്തെ രോഗികളുടെ എണ്ണം അൻപതിനായിരത്തിൽ താഴെ എത്തിയപ്പോഴാണ് യച്ചൂരിയുടെ ഈ വിമർശനം.

യഥാർത്ഥത്തിൽ മരണക്കണക്കുകൾ താഴിട്ടു പൂട്ടി കാവൽ നിന്ന് ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത്. രണ്ടാം തരംഗം പിടിച്ചു നിറുത്താനായെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. വാസ്തവത്തിൽ കേരളത്തിൽ രണ്ടാം തരംഗം കഴിഞ്ഞിട്ടില്ല. അതിന്റെ ദുരന്തങ്ങൾ സംസ്ഥാനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ണടച്ച് ഇരുട്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാജ്യത്താകെയുള്ള രോഗികളുടെ നല്ല ശതമാനവും കേരളത്തിലാണെന്ന വസ്തുത പ്രചാരവേലകളിലൂടെ മറച്ചുപിടിക്കാനാവില്ല.

കേരളത്തിന്റെ പ്രതിരോധം പാളിയത് എങ്ങനെ എന്നതിന്റെ ഉത്തരം കേന്ദ്രസംഘം നടത്തിയ പഠന റിപ്പോർട്ടിലുണ്ട്. ഏറ്റവും പ്രധാനം ക്വാറൻറൈൻ നടപടികളിൽ കാണിച്ച അലംഭാവം തന്നെയാണ്. ഒന്നാം തരംഗകാലത്ത് സമ്പർക്ക പട്ടികയും റൂട്ട് മാപ്പുമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞവർക്ക് ആരംഭശൂരത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2020 ജൂണിൽ കേരളസർക്കാർ പ്രഖ്യാപിച്ച ഹോം ക്വാറൻറൈൻ കൊവിഡ് പ്രതിരോധരംഗത്തെ ചരിത്രപരമായ മണ്ടത്തരമായിരുന്നു. അതിന്റെ ഫലമാണിന്ന് സംസ്ഥാനം അനുഭവിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികൾക്കായി രണ്ടരലക്ഷം കിടക്കകൾ തയ്യാറാണെന്ന് ഹൈക്കോടതിയിൽ കള്ളം പറഞ്ഞ ശേഷമാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ഹോം ക്വാറൻറൈൻ നയം പ്രഖ്യാപിച്ചത്. അതേനയം വലിയ തെറ്റായിരുന്നെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് ഏറ്റുപറയേണ്ടി വന്നിരിക്കുകയാണ്. 35 ശതമാനം പേർക്കും രോഗം ബാധിച്ചത് ഹോം ക്വാറൻറൈനിലൂടെയാണെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോൾ പിണറായി വിജയനും കെ.കെ ശൈലജയും കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം.

രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ കേരളം ബഹുദൂരം പിന്നിലാണെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു രോഗിയുണ്ടായാൽ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 20 പേരെയെങ്കിലും പരിശോധിക്കണമെന്നിരിക്കേ കേരളത്തിൽ ഇത് ഒന്നോ രണ്ടോ പേരിലേക്ക് ചുരുങ്ങി. ബാക്കിയുള്ളവർ രോഗവ്യാപനത്തിന് കാരണക്കാരായി.

കൊവിഡ് എന്ന ആരോഗ്യ അടിയന്തരാവസ്ഥയെ ക്രമസമാധാന പ്രശ്നമായി കണ്ടതാണ് കേരള സർക്കാരിന് പറ്റിയ ഏറ്റവും വലിയ വീഴ്ച. പൂന്തുറയിലെ പൊലീസ് റൂട്ട് മാർച്ചടക്കം കൊവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്തം പൊലീസിനെ ഏല്‌പിച്ച ഒന്നാം പിണറായി സർക്കാരിന്റെ നയം കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. സാമൂഹ്യ അകലം ഉറപ്പാക്കലും സമ്പർക്ക പട്ടിക തയാറാക്കലുമെല്ലാം പൊലീസിന്റെ ചുമതലയിലാക്കിയതോടെ 'ആരോഗ്യവിദഗ്ദ്ധർ പിൻനിരയിലായി. ജോലിഭാരമേറിയതോടെ സമ്പർക്ക പട്ടിക തയാറാക്കലിൽ നിന്ന് പൊലീസ് പിന്നാക്കം പോവുകയായിരുന്നു. ഈ വർഷം ജനുവരിയിൽത്തന്നെ സമ്പർക്കപ്പട്ടിക തയ്യാറാക്കൽ അവസാനിപ്പിച്ചുകൊണ്ട് ഡി.ജി.പി ഉത്തരവിട്ടിരുന്നു.

ആർ.ടി.പി.സി.ആർ പരിശോധനകൾ നടത്താത്തതാണ് ഒന്നാംതരംഗ കാലം മുതൽ കേരളസർക്കാർ നടത്തുന്ന മറ്റൊരു തട്ടിപ്പ്. ഒന്നര വർഷത്തിനിപ്പുറവും കേരളത്തിൽ കേവലം 70,000 പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യമേയുള്ളൂ എന്നത് ലജ്ജാകരമാണ്. ഐ.സി.എം.ആർ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് അവകാശപ്പെടുന്ന ആരോഗ്യമന്ത്രി, പരിശോധനകളിൽ ഏത് മാനദണ്ഡമാണ് കണക്കിലെടുക്കുന്നതെന്ന് വ്യക്തമാക്കണം.

ജനസാന്ദ്രത കൂടുതലുള്ളതിനാലാണ് കേരളത്തിൽ രോഗവ്യാപനം കൂടുതലെന്ന് പറയുന്നവർ ഡൽഹിയും ബീഹാറുമടക്കമുള്ള സംസ്ഥാനങ്ങളെക്കുറിച്ചു കൂടി പറയണം. കേരളത്തെക്കാൾ ജനസാന്ദ്രതയുള്ള ഈ സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാനായി എന്നു പഠിക്കാനെങ്കിലും തയ്യാറാവണം.

സീറോ സർവേയിൽ രോഗസാദ്ധ്യത കൂടുതലുള്ളവരുടെ എണ്ണം ഏറെയാണെന്ന് കണ്ടപ്പോഴെങ്കിലും വാക്സിനേഷൻ വേഗത്തിലാക്കുകയായിരുന്നു കേരളം ചെയ്യേണ്ടിയിരുന്നത്. പകരം, വാക്സിൻ ഡോസുകളുടെ കണക്ക് ഒളിപ്പിച്ചുവച്ച് നരേന്ദ്രമോദി സർക്കാരിനെ കുറ്റം പറയാനാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി ശ്രമിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പളമടക്കം പിടിച്ചുവാങ്ങി വാക്സിൻ ചലഞ്ചിലൂടെ സമാഹരിച്ച 839 കോടി എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന് ഇനിയും ഉത്തരം നൽകിയിട്ടില്ല. പല സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ വാക്സിൻ വിതരണം ചെയ്യുമ്പോഴും ചികിത്‌സയ്‌ക്ക് ഏറ്റവുമധികം സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന കേരളം അതിന് തയാറാവുന്നില്ല? ജൂൺ - ജൂലായ് മാസങ്ങളിൽ 50 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി ഒഴിവാക്കാമായിരുന്നു.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കേരളം മെച്ചമെന്ന് സ്ഥാപിക്കാനുള്ള ഇടത് സർക്കാരിന്റെ ശ്രമത്തോട് സഹതപിക്കാനേ നിർവാഹമുള്ളൂ. ആരോഗ്യ പരിപാലന രംഗത്ത് കാലങ്ങളായി ലോകോത്തര നിലവാരം പുലർത്തുന്നു എന്ന് അഭിമാനിക്കുന്ന കേരള മോഡലിനെ ആരോഗ്യരംഗത്ത് അടുത്തിടെ മാത്രം മുന്നോട്ടു വന്ന യു.പിയും ബിഹാറുമായി മുഖ്യമന്ത്രിക്ക് താരതമ്യം ചെയ്യേണ്ടി വരുന്നത് ഭരണകൂടത്തിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്.

വ്യക്തമായ നയമില്ലാത്തതാണ് കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധം പരാജയപ്പെടാൻ കാരണം. ദുരഭിമാനം വെടിഞ്ഞ് പറ്റിയ തെറ്റുകൾ തിരുത്താൻ സർക്കാർ തയ്യാറാവണം. കാലങ്ങളായി നീളുന്ന അടച്ചിടലിൽ മനസു തകർന്ന് ആത്മഹത്യ ചെയ്യുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. അശാസ്ത്രീയ ലോക്‌ ഡൗണുകളും പിഴ ഈടാക്കലും അവസാനിപ്പിച്ച് ജനങ്ങളുടെ സഹകരണത്തോടെ മഹാമാരിയെ അതിജീവിക്കാൻ കഴിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.