SignIn
Kerala Kaumudi Online
Tuesday, 24 May 2022 6.06 AM IST

കടമ മറന്ന് പിങ്ക് പൊലീസ്

pink

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം തിരക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയാനും പിങ്ക് ജനമൈത്രി എന്ന പൊലീസ് സംഘം വീടുകളിലെത്തുന്ന കേരളത്തിലാണ് മൂന്നാംക്ലാസുകാരിയായ കുഞ്ഞിനെയും പിതാവിനെയും നടുറോഡിൽ ജനക്കൂട്ടം നോക്കിനിൽക്കേ ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യവിചാരണ നടത്തിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിയോഗിച്ചസംഘമാണ് പിങ്ക് പൊലീസ്. ശീതീകരിച്ച കാറിൽ നഗരങ്ങൾ ചുറ്റുന്നതും ഇടയ്ക്കിടെ സദാചാര പൊലീസ് കളിക്കുന്നതുമല്ലാതെ പിങ്ക് പൊലീസിനെക്കൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും കാര്യമായ ഗുണമില്ലാതായിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് യൂണിഫോമിൽ പോലും എത്തരുതെന്നും അവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ചട്ടമുള്ള നാട്ടിലാണ്, ആ കുഞ്ഞിനെ ഒരു പൊലീസുദ്യോഗസ്ഥ നടുറോഡിൽ വിചാരണ ചെയ്ത് കള്ളിയാക്കാൻ ശ്രമിച്ചത്. കണ്ടുനിന്നവരിലൊരാൾ ഈ വിചാരണ ഫോണിൽ ചിത്രീകരിച്ചിരുന്നില്ലെങ്കിൽ ആ കുഞ്ഞിന്റെ പിതാവ് അന്നുതന്നെ ജയിലിലായേനെ. മോഷണത്തിനു പുറമെ പൊലീസിന്റെ കർത്തവ്യനിർവഹണം തടഞ്ഞെന്ന കുറ്റം കൂടി ചാർത്തിക്കൊടുത്തേനെ. ഇതാദ്യമല്ല പിങ്ക് പൊലീസിന്റെ തനിനിറം വെളിച്ചത്താവുന്നത്. നാലുവർഷം മുൻപ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലായിരുന്നു പിങ്ക് പൊലീസിന്റെ സദാചാര പൊലീസിംഗ്. പിങ്ക് പൊലീസിന്റെ സദാചാര പൊലീസിംഗ് നേരിട്ട യുവാവും യുവതിയും പിങ്ക് പൊലീസിന്റെ നടപടികൾ ഫേസ്ബുക്കിൽ ലൈവിട്ടതോടെയാണ് കള്ളക്കളി വെളിച്ചത്തായത്. ശ്രീകാര്യം സ്വദേശികളായ വിഷ്ണുവിനും ആതിരയ്ക്കുമാണ് പിങ്ക് പൊലീസിന്റെ സദാചാരവേട്ട നേരിടേണ്ടിവന്നത്. വിവാഹം നിശ്ചയിച്ചുറപ്പിച്ച ഇവർ ഇവിടെ ഒന്നിച്ചിരുന്നതിനെ പൊലീസ് ചോദ്യം ചെയ്തു മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതാണു വിവാദമായത്. മ്യൂസിയം സ്റ്റേഷനിലെ രണ്ട് പിങ്ക് പൊലീസുകാരെത്തി അവിടെ ഇരിക്കാൻ പാടില്ലെന്നു പറഞ്ഞശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്താണ് തങ്ങൾ ചെയ്ത കു​റ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് സംഭവം ഫേസ്ബുക്ക് ലൈവായി പുറത്തുവിട്ടു. ആഴ്ചകൾക്കു ശേഷം വിഷ്ണുവും ആതിരയും ഒരുമിച്ചുള്ള പുതുജീവിതത്തിനു തുടക്കമിട്ടു. ലളിതമായ ചടങ്ങുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പം കനകക്കുന്നിലെത്തി കേക്ക് മുറിച്ചാണ് പിങ്ക് പൊലീസിന്റെ സദാചാര വേട്ടയ്ക്കെതിരെ ഇവർ പ്രതികരിച്ചത്.

തിരക്കുള്ള സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാൻ തുടർച്ചയായ പട്രോളിംഗ് നടത്തേണ്ടതാണെങ്കിലും അവിടെയെങ്ങും പിങ്ക് പൊലീസിന്റെ പൊടിപോലുമുണ്ടാവില്ല. സന്ധ്യാസമയത്ത് പി.എസ്.സി ആസ്ഥാനത്തിനു മുന്നിലെ ഇരുളിൽ നിരവധി സ്ത്രീകൾ ബസ് കാത്തുനിൽക്കുമ്പോൾ മീറ്ററുകൾക്ക് അപ്പുറം എൽ.ഐ.സിക്കു മുന്നിൽ കാർ നിറുത്തിയിട്ട് അതിനുള്ളിലിരുന്ന് ഫോണിൽ സിനിമ കാണുകയാവും പിങ്ക് പൊലീസ്. നൂറുകണക്കിന് യുവതികൾ രാത്രിജോലി കഴിഞ്ഞിറങ്ങുന്ന ടെക്നോപാർക്കിന്റെ പരിസരത്തെങ്ങും പിങ്ക് പൊലീസിനെ കാണാനുണ്ടാവില്ല. എസ്കോർട്ടും ഗൺമാനുമില്ലാതെ തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ ഐ.പി.എസുകാരി ആക്രമിക്കപ്പെട്ടത് അടുത്തിടെയാണ്. കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിക്ക് ചതുപ്പിലെ വള്ളിപ്പടർപ്പിൽ ജീവൻ തന്നെ നഷ്ടമായി. കൊച്ചിയിലെ തിരക്കേറിയ ഹൈപ്പർമാർക്കറ്റിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാതാവുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കുപോലും ധൈര്യമായി തനിച്ചു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് ഇവിടുത്തെ സ്ത്രീസുരക്ഷയെന്ന് നമ്മൾ മറക്കരുത്.

രാജ്യത്ത് ഒന്നാം നിരയിലുള്ല കേരളാ പൊലീസിന് പിങ്ക് പൊലീസ് പോലൊരു വിഭാഗം അഭിമാനമാവേണ്ടതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന 'പിങ്ക് പൊലീസ് പട്രോൾ' എല്ലാ നഗരങ്ങളിലുമുണ്ട്. ഒരു വനിതാ പൊലീസ് ഓഫീസർ ഉൾപ്പെടെ നാല് വനിതാ പൊലീസുദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോൾ വാഹനത്തിൽ ഉള്ളത്. ജി.പി.എസ്, കാമറ സംവിധാനം അടക്കം അത്യാധുനിക സംവിധാനങ്ങളുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും അത്യാവശ്യ സന്ദർഭങ്ങളിലും, അടിയന്തര ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിലുണ്ട്. 2016 ആഗസ്​റ്റിലാണ് പിങ്ക് പൊലീസ് ആരംഭിച്ചത്. പോക്‌സോ ഉൾപ്പെടെയുള്ള 200 ഓളം കേസുകൾ പിങ്ക് പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം കണ്ടെത്തിയിട്ടുണ്ടെന്നതും നല്ലകാര്യം. ഈ മികവുകളെല്ലാം ഇല്ലാതാക്കുന്നതാണ് പിങ്ക് പൊലീസിലെ ഏതാനും പേരുടെ സദാചാര വേട്ടയും പരസ്യവിചാരണയും.

പിങ്ക് പൊലീസിൽ പദ്ധതിപ്രളയം

സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം തടയാനും നിരവധി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ടുകളാണ് പൊലീസിനുള്ളത്. അനിൽകാന്ത് ഡിജിപിയായ ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പുതുക്കിയ പദ്ധതികളെല്ലാം ഉദ്ഘാടനം ചെയ്തത്. ഇവയാണ് പദ്ധതികൾ-

പിങ്ക് പട്രോൾ

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് പിങ്ക് പട്രോൾ ശക്തിപ്പെടുത്തുന്നത്. ജി.പി.എസ്, കാമറാ സൗകര്യമുള്ള കാറുകളിലാണ് നാല് വനിതാപൊലീസുകാരുടെ പട്രോൾ. കാറിൽ നിന്ന് പകർത്തുന്ന വീഡിയോ പൊലീസ് കൺട്രോൾ റൂമിൽ പരിശോധിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പിങ്ക് പട്രോളുണ്ടാവും. 1515 നമ്പറിൽ വിളിച്ച് സഹായം തേടിയാൽ പിങ്ക് പട്രോൾ വാഹനം കുതിച്ചെത്തും.

#പിങ്ക് ജനമൈത്രി ബീറ്റ്

ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയാനാണ് പിങ്ക് ജനമൈത്രി ബീ​റ്റ്. വീടുകളിലെത്തി ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

#പിങ്ക് കൺട്രോൾ റൂം

സ്ത്രീകളുടെയും കുട്ടികളുടെയും അടിയന്തരസഹായം തേടിയുള്ള ഫോൺവിളികൾ കൈകാര്യം ചെയ്യാനാണ് പിങ്ക് കൺട്രോൾ റൂം. നിലവിൽ 14പൊലീസ് ജില്ലകളിലും പിങ്ക് കൺട്രോൾ റൂമുണ്ട്.

#പിങ്ക് ഷാഡോ

സ്ത്രീകളുടെ സാന്നിദ്ധ്യമുള്ല സ്ഥലങ്ങളിൽ, വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാവും പിങ്ക് ഷാഡോ പട്രോളിംഗ് നടത്തുക. തിരക്കുള്ല സ്ഥലത്ത് മഫ്തിയിൽ ഷാഡോ സംഘത്തെ നിയോഗിക്കും. ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ എന്നിവയുടെ പരിസരത്തും ഷാഡോ സംഘമുണ്ടാവും.

# പിങ്ക് റോമിയോ

വനിതാ പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംവിധാനമാണിത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനും ബീറ്റ് പട്രോളിനും ഇതുപകരിക്കും. കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ എല്ലാ ജില്ലകളിലും പിങ്ക് റോമിയോകളെ നിയോഗിക്കും.

# പിങ്ക് ഡിജിറ്റൽ ഡ്രൈവ്

സാമൂഹ്യമാദ്ധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സ്ത്രീകളെ അപമാനിക്കുന്നത് തടയാനുള്ള സംവിധാനമാണിത്. സൈബർസെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവയെല്ലാം ചേർന്ന് ഇതിനായി ഡിജിറ്റൽ പട്രോളിംഗ് നടത്തും. വെബ്സൈറ്റുകളിലും സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകളിലും പേജുകളിലും ഈ പട്രോളുണ്ടാവും. കുറ്റക്കാർക്കെതിരെ ഐ.ടി നിയമപ്രകാരമുള്ള നടപടികളുണ്ടാവും.

#വനിതാ സെൽ, കൗൺസലിംഗ് സെന്റർ

എല്ലാ പൊലീസ് ജില്ലകളിലുമുള്ള വനിതാ സെല്ലുകളിൽ കൗൺസലിംഗ് സെന്ററുകൾ സജ്ജമാക്കും. സാമൂഹ്യക്ഷേമ വകുപ്പ്, എൻ.ജി.ഒകൾ എന്നിവിടങ്ങളിൽ നിന്നുള്ല കൗൺസലർമാരുടെ സേവനം ഉറപ്പാക്കും. കുടുംബപ്രശ്നങ്ങൾക്ക് ആദ്യ തലത്തിലുള്ള പരിഹാര കേന്ദ്രമായി ഈ കൗൺസലിംഗ് സെന്ററുകൾ മാറും.

#പൊൽ ആപ്പ്

സ്ത്രീസുരക്ഷയ്ക്കായി പൊലീസ് നിർഭയം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ആപ്പിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ പൊലീസ് സഹായം ലഭ്യമാവും. പൊലീസിന്റെ പൊൽ- ആപ്പിലും ഈ സൗകര്യമുണ്ട്.

# പിങ്ക് ഹോട്ട് സ്പോട്ട്, ക്രൈം മാപ്പിംഗ്

സ്ത്രീകൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഹോട്ട് സ്പോട്ടുകൾ സംസ്ഥാന ക്രൈംറെക്കാർഡ്സ് ബ്യൂറോ എസ്.പി കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകൾ കൂടുന്ന സ്ഥലങ്ങളാവും കണ്ടെത്തുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.