SignIn
Kerala Kaumudi Online
Tuesday, 17 May 2022 12.27 PM IST

പരിമിതികളില്ലാത്ത ഇന്ത്യ

sumit-antil

ടോക്യോ ഒളിമ്പിക്സിൽ ഒരു സ്വർണമടക്കം ഏഴുമെഡലുകൾ നേടി ചരിത്രം കുറിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ അതേ വേദിയിൽ പാരാലിമ്പിക്സിൽ പത്താമത്തെ മെഡലും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. രണ്ട് സ്വർണവും അഞ്ചു വെള്ളിയും മൂന്ന് വെങ്കലങ്ങളുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

ലോകറെക്കാഡിന്റെ അകമ്പടിയോടെയാണ് സുമിത് ആന്റിലും അവനി ലെഖാരയും ടോക്യോ പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടിയത്. തന്റെ നാട്ടുകാരനായ നീരജ് ചോപ്ര ഒളിമ്പിക്സിലെ ആദ്യ ഇന്ത്യൻ അത്‌ലറ്റിക്സ് സ്വർണമെഡൽ ജാവലിൻ ത്രോയിലൂടെ നേടിയ സ്റ്റേഡിയത്തിലാണ് സുമിത്തും ചരിത്രമെഴുതിയത്. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന തിളക്കവുമായാണ് 19കാരി അവനി ലെഖാര 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ സ്വർണം നേടിയത്. നേരത്തേ രണ്ട് പാരാലിമ്പിക്സുകളിൽ സ്വർണം നേടി ഇതിഹാസമായി മാറിയ ദേവേന്ദ്ര ജജാരിയ ഇത്തവണ 40-ാം വയസിൽ വെള്ളിയണിഞ്ഞ് പാരാലിമ്പിക്സുകളിൽ മൂന്ന് മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. മാരിയപ്പൻ തങ്കവേലു,യോഗേഷ് കാതുനിയ,ഭവിനബെൻ പട്ടേൽ,നിഷാദ് കുമാർ എന്നിവരാണ് വെള്ളിമെഡൽ നേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. സുന്ദർസിംഗ് ഗുർജാർ, സിംഗ്‌രാജ് അദാന, ശരത് കുമാർ എന്നിവർക്ക് വെങ്കലങ്ങൾ ലഭിച്ചു.

ജന്മനാലുള്ളതും വിധിവൈപരീത്യം കൊണ്ട് സംഭവിക്കുന്നതുമായ അംഗപരിമിതികളോട് പടപൊരുതി നേടുന്നവരുടെ ഒളിമ്പിക്സാണ് പാരാലിമ്പിക്സ്. പതറാത്ത മനസിനുമുന്നിൽ പരിമിതികളില്ലാത്ത ലോകം നമ്മെ കാത്തിരിപ്പുണ്ടെന്ന് മെഡൽ ജേതാക്കൾ തെളിയിച്ചിരിക്കുന്നു.

1965ൽ കാശ്മീരിൽ പാക് വ്യോമസേനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വെടിയുണ്ടകൾ ഏറ്റുവാങ്ങുകയും സൈനിക ജീപ്പിന്റെ ടയർ കയറിയിറങ്ങി കാൽമുറിച്ചു മാറ്റേണ്ടിവരികയും ചെയ്ത സൈനികനും ബോക്സിംഗ് താരവുമായിരുന്ന മുരളികാന്ത് പെറ്റ്കർ ആശുപത്രിക്കിടക്കയിൽവച്ച് ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ചായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന കായികവീര്യം 1972ൽ പാരാലിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാക്കി.മുരളികാന്തിന്റെ പിൻഗാമികളും ആത്മവീര്യത്തിൽ ഒട്ടുംപിറകിലല്ല.

ഗുസ്തിതാരമായിരുന്ന സുമിത് 2015ൽ ബൈക്കപകടത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ കൃത്രിമക്കാലുമായി ജീവിതം കരുപ്പിടിപ്പിച്ചത് ജാവലിൻ കയ്യിലെടുത്താണ്. അതുമായി നീരജിനൊപ്പം ഒരേ വേദിയിൽ മത്സരിക്കാനുള്ള മനക്കരുത്തും സുമിത് പ്രകടിപ്പിച്ചിട്ടുണ്ട്. 11-ാം വയസിൽ അപകടത്തിൽപ്പെട്ട് വീൽച്ചെയറിലായ അവനി അഭിനവ് ബിന്ദ്രയുടെ ആത്മകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തോക്കെടുക്കുന്നത്. ഒന്നരവയസിൽ വന്ന പോളിയോയോട് പൊരുതിയാണ് ഭവനിബെൻ പട്ടേൽ ടേബിൾ ടെന്നിസ് കളിക്കാൻ തുടങ്ങിയത്. അദാനയ്ക്കും വെല്ലുവിളി ഉയർത്തിയത് പോളിയോയാണ്. ചെറുപ്രായത്തിൽ കട്ടിംഗ് മെഷീനിൽ കുടുങ്ങി ഹൈജമ്പ് താരം നിഷാദിനും മരത്തിൽ കയറുന്നതിനിടെ വൈദ്യുതിലൈനിൽ കുടുങ്ങി ജജാരിയയ്ക്കും കൈ നഷ്‌ടമായി.

വിധിയുടെ വേട്ടയാടലിനു മുന്നിൽ തളർന്നിരുന്നു പോകുമായിരുന്നവരാണ് 163 രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മാമാങ്കവേദിയിൽ രാജ്യത്തിന്റെ അഭിമാനമായത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് മാത്രമല്ല, എല്ലാമുണ്ടായിട്ടും നിരാശയിൽ കഴിയുന്നവർക്കും പ്രത്യാശ പകരുകയാണ് ടോക്യോയിലെ മെഡൽ ദീപങ്ങൾ. അതുകൊണ്ടുതന്നെ ഒളിമ്പിക്സിൽ മെഡൽ നേടിയവർക്കൊപ്പം തിളക്കമുണ്ട് പാരാലിമ്പിക്സിലെ ഈ പ്രതിഭകൾക്കും. തിരിച്ചടികളിൽ തളരാതെ, പ്രതിബന്ധങ്ങളെ നേരിട്ട് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനമാണ് ഇവർ. സെപ്തംബർ അഞ്ചിന് പാരാലിമ്പിക്സിന് തിരശീലവീഴുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം ഇനിയുമുയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIA, SPORTS
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.