SignIn
Kerala Kaumudi Online
Sunday, 29 May 2022 4.05 AM IST

സ്ത്രീ ശാക്തീകരണക്കാർ അറിയാൻ

woman

കേരളത്തിലെ 14 ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ വനിതകളെ തഴഞ്ഞത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്. നിലവിൽ കൊല്ലത്ത് ഉണ്ടായിരുന്ന ഏക വനിതയെപ്പോലും മാറ്റിയത് ചർച്ചയ്ക്ക് ചൂടുകൂട്ടി. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പൗരപ്രമുഖരുമൊക്കെ ഇതിൽ പ്രതിഷേധവും അഭിപ്രായ പ്രകടനവും നടത്തി. എന്നാൽ കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ ഒരു വനിതയെ അദ്ധ്യക്ഷയായി നിയമിച്ച ചരിത്രം ഉള്ളതെന്ന് മാത്രം വിമർശകർ പറഞ്ഞില്ല. 52 ശതമാനത്തോളം സ്ത്രീകളുള്ള കേരളത്തിൽ ഇന്നുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിലെ സ്ത്രീ പങ്കാളിത്തമെന്നത് ഭാഗ്യം പോലെയാണ്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ജില്ലാ കമ്മിറ്റിയുടെ അദ്ധ്യക്ഷയാക്കിയത് കോൺഗ്രസാണ്. 1982 ൽ സരസ്വതി കുഞ്ഞുകൃഷ്ണനെ കൊല്ലം ഡി.സി.സി പ്രസിഡന്റായി ലീഡർ കെ.കരുണാകരൻ പ്രഖ്യാപിക്കുമ്പോൾ സംഘടനാ രംഗത്ത് അവർക്ക് അധികം പ്രവർത്തന പരിചയം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അവരെ ജില്ലാ അദ്ധ്യക്ഷയാക്കാൻ ലീഡർ കൈക്കൊണ്ട തീരുമാനം വിപ്ളവകരമായി പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു. പിന്നീട് 2016 ലും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് ബിന്ദുകൃഷ്ണയെന്ന വനിതാ അദ്ധ്യക്ഷയെ ലഭിച്ചു. ഇപ്പോൾ പി.രാജേന്ദ്ര പ്രസാദിനെ പുതിയ അദ്ധ്യക്ഷനായി നിയമിക്കും വരെ ബിന്ദുകൃഷ്ണ ആ സ്ഥാനത്ത് തുടർന്നു.

എന്നാൽ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കം കുറിക്കുകയും നടപ്പാക്കുകയും ചെയ്തുവെങ്കിലും വനിതാ അദ്ധ്യക്ഷയെന്നതിൽ മാത്രം വിപ്ളവം നടപ്പാക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും" എന്ന 1980 ലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജലരേഖയായതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ഗൗരി അമ്മ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

140 നിയമസഭാ മണ്ഡലങ്ങളുള്ള കേരളത്തിൽ 50 ശതമാനത്തിലേറെ സ്ത്രീ വോട്ടർമാരുണ്ട്. എന്നിട്ടും 20 ശതമാനം സ്ത്രീ പ്രാതിനിധ്യം പോലും ഒരു പാർട്ടിയുടെയും സ്ഥാനാർത്ഥി ലിസ്റ്റിൽ ഉണ്ടാകാറില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ത്രീ പ്രാതിനിധ്യം 1957 ലെ നിയമസഭയിലേതിനെക്കാൾ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. ഇടത് പാർട്ടികളിലൊന്നും പരസ്യമായി ആരും അമർഷം പുറത്ത് കാണിക്കാറില്ലെങ്കിലും കോൺഗ്രസിൽ അങ്ങനെയല്ല രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതെച്ചൊല്ലി വലിയ പൊട്ടിത്തെറികളുണ്ടായി. തലമുണ്ഡനം ചെയ്ത് പരസ്യമായി പ്രതിഷേധിച്ച ലതികാ സുഭാഷ് പാർട്ടി തന്നെ വിട്ട് എൻ.സി.പിയിൽ ചേക്കേറി. ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് കിട്ടാൻ കണ്ണീരൊഴുക്കേണ്ടി വന്നു.

സ്ഥാനാർത്ഥി നിർണയത്തിൽ മൂന്ന് മുന്നണികളും 1957 ലെ വനിതാ പ്രാതിനിധ്യത്തിനപ്പുറം അത്ഭുതങ്ങളൊന്നും കാട്ടിയില്ല. ലോകത്ത് തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റുള്ള നൂറ്റിയൻപതോളം രാജ്യങ്ങളിലും പത്തു ശതമാനത്തിൽ കൂടുതലുണ്ട് സ്ത്രീ പ്രാതിനിധ്യം. എന്നാൽ ആറ് പതിറ്റാണ്ടായിട്ടും കേരള നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം പത്തു ശതമാനം കടന്നിട്ടില്ല.

നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനിതാ സംവരണ ബില്ല് പാർലമെന്റ് സഭകളുടെ പരിഗണനയ്‌ക്കെത്തിയത് 2008 ലാണ്. 2010 മാർച്ച് ഒൻപതിന് രാജ്യസഭ ബില്ല് പാസാക്കിയെങ്കിലും പിന്നീട് ബില്ലിന് അനക്കമുണ്ടായില്ല. ഒരു പതിറ്റാണ്ടോളം ഫ്രീസറിലായ ബില്ല് ലോക്‌സഭയിലേക്ക് എത്തിയതേയില്ല. സ്ത്രീശാക്തീകരണവും വനിതാപ്രാതിനിധ്യവും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്ന രാഷ്ട്രീയനേതാക്കളും ഭരണകൂടങ്ങളും ബില്ല് പാസാക്കുന്നതിൽ മാത്രം ഇതേവരെ താത്പര്യമെടുത്തില്ല.

രാഷ്ട്രീയത്തിൽ വനിതകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. 1957 ലെ ആദ്യ നിയമസഭ മുതൽ കേരളത്തിൽ വനിത എം.എൽ.എമാരുണ്ടായിരുന്നു. എങ്കിലും അവരുടെ പ്രാതിനിധ്യം ഒരിയ്ക്കലും 10 ശതമാനത്തിൽ കൂടുതൽ കടന്നിട്ടില്ല. ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യം കേരളത്തിന് ലഭിച്ചത് പത്താം അസംബ്ലിയിൽ (1996-2001) ആണ്. 13 വനിതാ അംഗങ്ങളാണ് അന്ന് നിയമസഭയിൽ ഉണ്ടായിരുന്നത്.

1957 മുതൽ പത്ത് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതയാണ് കെ.ആർ ഗൗരിഅമ്മ. മറ്റൊരു വനിതയ്ക്കും ഇങ്ങനെ ഒരവസരം ലഭിച്ചിട്ടില്ല. ഇന്ന് കേരളത്തിൽ നിന്ന് പാർലമെന്റിൽ ഒരു സ്ത്രീ മാത്രമാണുള്ളത്. അഞ്ച് ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകൾക്ക് ലഭിച്ചത്. നിയമസഭയിൽ 140 പേരിൽ 11 പേർ മാത്രമാണ് സ്ത്രീകൾ. മൂന്ന് മന്ത്രിമാരുണ്ട് വനിതകളായി. സി.പി.ഐ യിൽ നിന്ന് ഒരു വനിത മന്ത്രിസ്ഥാനത്തെത്തുന്നത് നീണ്ട 57 വർഷങ്ങൾക്ക് ശേഷമാണ്.

പാർട്ടികൾക്കുള്ളിൽ ഡിസിഷൻ മേക്കിംഗ് സ്ഥാനത്ത് സ്ത്രീകളില്ലെന്ന പോരായ്മ ഇപ്പോഴും നിലനിൽക്കുന്നു. കോൺഗ്രസിൽ മാത്രമാണ് പേരിനെങ്കിലും പാർട്ടി നേതൃത്വത്തിൽ ഡിസിഷൻ മേക്കിംഗ് സ്ഥാനത്തേക്ക് വനിതകൾ എത്തിയത്. എന്നാൽ ഇപ്പോഴത്തെ ജില്ലാക്കമ്മിറ്റി പുനസംഘടനയിൽ വനിതാ പ്രാതിനിധ്യം ഇല്ലെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവർ ഒരു കാര്യം വിസ്മരിക്കുന്നു. ഇടതു പാർട്ടികളിലോ ബി.ജെ.പിയിലോ ഇത്തരം സ്ഥാനങ്ങളിലേക്ക് ഇനി വേണം ഒരു വനിത കടന്നുവരാൻ എന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WOMEN EMPOWERMENT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.