SignIn
Kerala Kaumudi Online
Thursday, 25 April 2024 2.23 PM IST

കരകയറ്റം അതിവേഗം; ജി.ഡി.പിയിൽ മുന്നേറ്റം,​ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ

india-gdp

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച കനത്ത പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ അതിവേഗം കരകയറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നടപ്പുവർഷത്തെ (2021-22) ഒന്നാംപാദമായ ഏപ്രിൽ-ജൂണിലെ 20.1 ശതമാനം മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച. വളർച്ചാ സ്ഥിരതയുള്ള കൃഷിക്ക് പുറമേ മുൻപാദങ്ങളിൽ തളർച്ചയിലായിരുന്ന മാനുഫാക്‌ചറിംഗ്, നിർമ്മാണം, വ്യാപാരം, ഖനന മേഖലകളും മികച്ച തിരിച്ചുവരവ് നടത്തിയത് ജി.ഡി.പിയുടെ കുതിച്ചുകയറ്റത്തിന് സഹായകമായി.

2020-21ലെ ഏപ്രിൽ-ജൂണിൽ കൊവിഡും ദേശീയ ലോക്ക്ഡൗണും മൂലം ജി.ഡി.പി വളർച്ച എക്കാലത്തെയും താഴ്‌ചയായ നെഗറ്റീവ് 24.4 ശതമാനത്തിലേക്ക് തകർന്നടിഞ്ഞിരുന്നു. കഴിഞ്ഞവർഷത്തെ നാലാംപാദമായ ജനുവരി-മാർച്ചിൽ വളർച്ച പോസിറ്റീവ് 1.6 ശതമാനവുമായിരുന്നു. 2020 ഏപ്രിൽ-ജൂണിൽ വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും മോശം ജി.ഡി.പി വളർച്ച നേരിട്ടത് ഇന്ത്യയായിരുന്നു. എന്നാൽ, ഇക്കുറി ഏറ്റവും മികച്ച വളർച്ചയുമായി ഏറ്റവും വേഗം വളരുന്ന വലിയസമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ ചൂടി. ചൈന, അമേരിക്ക, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, കാനഡ, ബ്രസീൽ എന്നിവയുടെയെല്ലാം ഒന്നാംപാദ വളർച്ച ഇന്ത്യയ്ക്ക് പിന്നിലാണ്.

അതേസമയം, കഴിഞ്ഞവർഷത്തെ മോശം പ്രകടനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇക്കുറി ജി.ഡി.പിയും മാനുഫാക്‌ചറിംഗ് ഉൾപ്പെടെയുള്ള നിർണായക മേഖലകളും വലിയ വളർച്ച നേടിയതായി കാണുന്നത്. കൊവിഡിന് മുമ്പുള്ള, 2019-20ലെ ഒന്നാംപാദവുമായി താരതമ്യം ചെയ്യുമ്പോൾ മാനുഫാക്‌ചറിംഗ് വളർച്ച ഇപ്പോഴും 4.77 ശതമാനം പിന്നിലാണ്.

ഉണർവോടെ തിരിച്ചുവരവ്

(ജി.ഡി.പിയുടെ വീഴ്‌ചയും തിരിച്ചുവരവും കഴിഞ്ഞപാദങ്ങളിൽ)

2020-21

ഏപ്രിൽ-ജൂൺ : -24.4%

ജൂലായ് - സെപ്‌തം : -7.3%

ഒക്‌ടോ-ഡിസം : 0.4%

ജനുവരി - മാർച്ച് : 1.6%

2021-22

ഏപ്രിൽ-ജൂൺ : 20.1%

₹32.38 ലക്ഷം കോടി

ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ജി.ഡി.പി മൂല്യം 32.38 ലക്ഷം കോടി രൂപയാണ്. 2020-21ലെ സമാനപാദത്തിലെ 26.95 ലക്ഷം കോടി രൂപയേക്കാൾ 20.1 ശതമാനം അധികം. കേന്ദ്രത്തിന്റെ നികുതിവരുമാനം ഒഴിവാക്കിയുള്ള വളർച്ചയായ ഗ്രോസ് വാല്യു ആഡഡ് (ജി.വി.എ) 18.8 ശതമാനമാണ്.

കരുത്തോടെ കൃഷി,

മാനുഫാക്‌ചറിംഗ്

കൃഷി, മാനുഫാക്‌ചറിംഗ്, ഖനനം, നിർമ്മാണ മേഖലകളുടെ മികച്ച പ്രകടനമാണ് ജി.ഡി.പിയുടെ റെക്കാഡ് വളർച്ചയ്ക്ക് കരുത്തായത്. (ബ്രായ്ക്കറ്റിൽ 2020 ജൂൺപാദ വളർച്ച)

 കാർഷികം : 4.5% (3.5%)

 ഖനനം : 18.6% (-17.2%)

 മാനുഫാക്‌ചറിംഗ് : 49.6% (-36%)

 വൈദ്യുതി, ജലവിതരണം : 14.3% (-9.9%)

 വ്യാപാരം, ഹോട്ടൽ : 34.3% (-48.1%)

 ധനകാര്യം, റിയൽ എസ്റ്റേറ്റ് : 3.7% (-5%)

 പൊതുഭരണം : 5.8% (-10.2%)

ധനക്കമ്മി 21.3%

കേന്ദ്രത്തിന്റെ ധനക്കമ്മി ജൂൺപാദത്തിൽ തന്നെ നടപ്പുവർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യമായ 15.07 ലക്ഷം കോടി രൂപയുടെ 21.3 ശതമാനമായ 3.21 ലക്ഷം കോടി രൂപയിലെത്തി. ജി.ഡി.പിയുടെ 6.8 ശതമാനമാണിത്.

മുഖ്യ വ്യവസായ

വളർച്ച 9.4%

മുഖ്യ വ്യവസായ വളർച്ച ജൂലായിൽ 9.4 ശതമാനമാണ്. നെഗറ്റീവ് 7.6 ശതമാനമായിരുന്നു 2020 ജൂലായിലെ വളർച്ച. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, വളം, വൈദ്യുതി, സിമന്റ്, സ്‌റ്റീൽ, റിഫൈനറി ഉത്‌പന്നങ്ങൾ എന്നീ മേഖലകളാണ് മുഖ്യ വ്യവസായത്തിലുള്ളത്.

57,000 കടന്ന് സെൻസെക്‌സ്;

മൂല്യം ₹250 ലക്ഷം കോടി

മികച്ച ജി.ഡി.പി വളർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വാങ്ങൽതാത്പര്യം ഉയർത്തിയതോടെ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 57,000 പോയിന്റ് കടന്നു. നിഫ്‌റ്റി ആദ്യമായി 17,000വും ഭേദിച്ചു.

662 പോയിന്റ് നേട്ടവുമായി 57,552ലാണ് സെൻസെക്‌സുള്ളത്; നിഫ്‌റ്റി 201 പോയിന്റുയർന്ന് 17,132ലും. സെൻസെക്‌സിന്റെ മൂല്യം 2.71 ലക്ഷം കോടി രൂപ വർദ്ധിച്ച് 250.02 ലക്ഷം കോടി രൂപയിലുമെത്തി. ഏഴുദിവസത്തിനിടെ മാത്രം മൂല്യവളർച്ച 12.34 ലക്ഷം കോടി രൂപ.

 സെൻസെക്‌സിന്റെ നാഴികക്കല്ലുകൾ:

10,000 - 2006 ഫെബ്രുവരി 6

20,000 - 2007 ഒക്‌ടോബർ 29

30,000 - 2015 മാർച്ച് 4

40,000 - 2019 മേയ് 23

50,000 - 2021 ജനുവരി 21

57,000 - 2021 ആഗസ്‌റ്റ് 31

₹73.27

ഓഹരി വിപണിയുടെ മികച്ച പ്രകനത്തിന്റെ കരുത്തിൽ ഡോളറിനെതിരെ രൂപയും ഇന്നലെ മുന്നേറി. 42 പൈസ നേട്ടവുമായി 73.27ലാണ് വ്യാപാരാന്ത്യം മൂല്യം.

ഇന്ത്യ തിളങ്ങുന്നു

ഏപ്രിൽ-ജൂണിൽ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തി. മുഖ്യ എതിരാളികളുടെ വളർച്ച ഇങ്ങനെ:

ചൈന : 7.9%

അമേരിക്ക : 1.6%

ബ്രിട്ടൻ : -1.5%

ജർമ്മനി : -1.8%

ജപ്പാൻ : -1.0%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDIA GDP, GDP GROWTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.